പത്തനംതിട്ട : സ്വപ്‌നാ സുരേഷിനെതിരായ ഗൂഢാലോചന കേസിൽ പണി കിട്ടിയത് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിന്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന.

ബിലീവേഴ്‌സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം. സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്‌സ് ചർച്ച് വ്യക്തമാക്കിയിരുന്നു. ഷാജ് കിരണിനെ ഇഡിയും ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നടപടികൾ.

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയർന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കിയിരുന്നു. മുമ്പും ബിലീവേഴ്‌സ് ചർച്ചിനെതിരെ ഇഡി റെയ്ഡുകൾ നടന്നിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന്റെ ആശുപത്രിയിലും റെയ്ഡ് നടക്കുന്നുണ്ട്.

എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയർന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാറിനെ മാറ്റിയിരുന്നു. നയതന്ത്രസ്വർണക്കടത്ത് കേസിൽ അവിഹിതമായ ഇടപെടൽ നടത്തിയ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും നിർണായക മൊബൈൽ ഫോൺരേഖകൾ നശിപ്പിച്ചെന്ന് സംശയം ഇഡിക്കുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നൽകിയത്.

എന്നാൽ, ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിൽനിന്നുള്ള രസീതി ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. പരിശീലനം ലഭിച്ചതുപോലെയാണ് ചോദ്യങ്ങൾക്കെല്ലാം ഇരുവരും മറുപടി നൽകുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കുശേഷം ഇരുവരെയും വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി. വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇഡി റെയ്ഡ്.

നയതന്ത്രസ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാനെന്ന രീതിയിൽ സ്വപ്നയുമായി നടത്തിയ സംഭാഷണം വിവാദമായതിനെത്തുടർന്ന് കേരളത്തിനു പുറത്തേക്ക് ഇരുവരും യാത്ര ചെയ്തത് ഫോൺരേഖകൾ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.