- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി പരിശോധനയെ തുടർന്ന് സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയതും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്തത് ബിഷപ്പിനെ; പരാതി കെട്ടിച്ചമച്ചതെന്ന് സഭ
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധനയെ തുടർന്ന് തലസ്ഥാനത്ത് സി എസ് ഐ ദക്ഷിണകേരള മഹാ ഇടവക ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു പരിശോധന. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ മുതൽ ആരംഭിച്ച പരിശോധന 13 മണിക്കൂർ നീണ്ടു നിന്നു. സഭാ ആസ്ഥാനത്തെ പരിശോധനയ്ക്ക് ശേഷം ഇ ഡി സംഘം മടങ്ങിയതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സംഘർഷം ഉടലെടുത്തു. ബിഷപ്പ് അനുകൂലികൾ ബിഷപ്പിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചപ്പോൾ പ്രതികൂലിക്കുന്നവർ ബിഷപ്പിനെതിരെ കൂകിവിളിച്ചു.
ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി യു കെയിലേക്ക് പോകുമെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു. ബിഷപ്പ് ധർമരാജ് റസാലത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടില്ലെന്നും മറ്റ് രേഖകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് സംഘത്തെ ബോധ്യപ്പെടുത്താൻ സാധിച്ചെന്നും പാസ്റ്ററൽ ബോഡി സെക്രട്ടറി ഫാ ജയരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിഷപ് ധർമരാജ് റസാലം ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയതും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. സി.എസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനമായ എൽ.എം.എസിന് പുറമെ സഭക്ക് കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളജ്, സെക്രട്ടറി ടി.പി. പ്രവീണിന്റെ വീട്, കോളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യത്തിന് സമീപമുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പ്രവീൺ വീട്ടിലില്ലായിരുന്നെന്നാണ് വിവരം.
പുലർച്ചയോടെയാണ് ഇ.ഡി പരിശോധന ആരംഭിച്ചത്. സി.എസ്‌ഐ ആസ്ഥാനത്ത് രാവിലെ ആരംഭിച്ച ബിഷപ്പിനെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയും രാത്രി ഏഴരവരെ നീണ്ടു. മാധ്യമപ്രവർത്തകരെയും പൊലീസുകാരെയും ഉൾപ്പെടെ ആസ്ഥാനത്തിന് പുറത്തേക്ക് ഇറക്കിയായിരുന്നു പരിശോധന. കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ വെള്ളറട പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നേരത്തേ ഹൈക്കോടതിയിൽ ഹരജി എത്തിയിരുന്നു. അന്വേഷണം ഏറ്റെടുക്കാൻ ഇ.ഡിയോട് നിർദേശിക്കണമെന്നതായിരുന്നു ആവശ്യം. കേസ് പരിഗണിക്കവെ ഹൈക്കോടതി വലിയ തിമിംഗലങ്ങൾ രക്ഷപ്പെടരുതെന്ന് പരാമർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ