- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സി.എം.രവീന്ദ്രന്റെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മുടങ്ങിയതോടെ വടകരയിലെ ഏഴുസ്ഥാപനങ്ങളിലേക്ക് പാഞ്ഞെത്തി ഇഡി; വാൻഹ്യൂസാനിലും സാംസങ്-ഓപ്പോ ഷോറൂമുകളിലും അടക്കം പരിശോധന; മുഖ്യമായി അന്വേഷിച്ചത് സ്ഥാപനങ്ങൾ തുടങ്ങാനുള്ള മുലധനത്തിന്റെ ഉറവിടം; റെയ്ഡ് രവീന്ദ്രന് വടകരയിലെ പല സ്ഥാപനങ്ങളിലും ബെനാമി ഇടപാടുകൾ എന്ന ആക്ഷേപം വന്നതോടെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. 2 റെഡിമെയ്ഡ് കടകൾ, 2 ഇലക്ട്രോണിക്സ് ഷോപ്പുകൾ, ഒരു സൂപ്പർ മാർക്കറ്റ്, ഒരു മൊബൈൽ ഷോപ്പ്, ഒരു ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വാൻഹ്യൂസാൻ എന്ന വസ്ത്ര സ്ഥാപനവും, സാംസങ് ലാപ്ടോപ്പ് ഷോറൂമും ഓപ്പോ ഷോ റൂമും ഇതിൽ ഉൾപ്പെടുന്നു.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് റെയ്ഡ് നടന്നത്. പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. രേഖകൾ പരിശോധിച്ച ഇ.ഡി., സ്ഥാപനങ്ങൾ തുടങ്ങാൻ ആവശ്യമായ മൂലധനം എവിടെനിന്നാണ് ലഭിച്ചതെന്ന് ചോദിച്ചറിയുകയും ചെയ്തു. രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണ് പരിശോധനയ്ക്ക് എത്തിയത്. ഓർക്കാട്ടേരി സ്വദേശിയാണ് രവീന്ദ്രൻ. പ്രദേശത്തെ പല കടകളിലും ഇദ്ദേഹത്തിന് ബിനാമി ഇടപാടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. റെയ്ഡ് പൂർത്തിയാക്കിയ ഇ.ഡി. സംഘം വൈകുന്നേരത്തോടെ മടങ്ങി.
സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകൾ എന്നിവയിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രവീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രവീന്ദ്രൻ വൈകുന്നേരത്തോടെ് ആശുപത്രിവിട്ടു.
വീട്ടിൽ ഫിയോതെറാപ്പിയും വിശ്രമവും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ അടുത്ത ദിവസങ്ങളിലൊന്നും ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രൻ ഹാജരായേക്കില്ല. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ എംഐസിയുവിൽ രവീന്ദ്രനെ പ്രവേശിപ്പിച്ചത്.
കോവിഡ് മുക്തനായതിനെ തുടർന്ന് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡാനന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.നവംബർ ആറിന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നൽകിയിരുന്നത്.അതിനിടെ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്നും കോവിഡ് ബാധിതനായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിരുന്നു.
എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പിൽ അടക്കം നടത്തിയ ചില നിയമനങ്ങളിൽ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.