ന്യൂഡൽഹി: ഇ-കൊമേഴ്‌സ് മേഖലയിലെ അതികായരായ ആമസോണിനും വാൾമാർട്ടിന്റെ ഫ്‌ളിപ്കാർട്ടിനുമെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ടു കമ്പനികൾക്കെതിരെയും വേണ്ട നടപടികൾ സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും (ഇഡി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആർബിഐ) കേന്ദ്രം നിർദ്ദേശിച്ചു.

നേരിട്ടുള്ള വിദേശനിക്ഷേപ നയം, ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) എന്നിവ ലംഘിച്ചാണ് ഈ കമ്പനികളുടെ പ്രവർത്തനമെന്നു കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) അടക്കമുള്ളവരുടെ പരാതി പരിഗണിച്ചാണു സർക്കാർ നീക്കം.

ആമസോണിനും ഫ്‌ളിപ്കാർട്ടിനും എതിരെ അടുത്തിടെ നിരവധി പരാതികളാണു കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയലിനു നൽകിയിട്ടുള്ളതെന്നു സിഎഐടി പ്രസിഡന്റ് ബി.സി.ഭാർതിയ, സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവൽ എന്നിവർ പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആമസോണിനും ഫ്‌ളിപ്കാർട്ടിനും എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇഡിക്കും ആർബിഐക്കും ഡിസംബറിൽ കത്തയച്ചെന്നും സിഎഐടി ഭാരവാഹികൾ അറിയിച്ചു. ഇ-കൊമേഴ്‌സ് രംഗത്തെ പല കമ്പനികളും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും പരമ്പരാഗത വ്യാപാരികൾക്കു തിരിച്ചടിയാണെന്നും നേരത്തെതന്നെ പരാതിയുണ്ട്.

ഡിപിഐഐടി നാല് പരാതികൾ കൈമാറിയിട്ടുണ്ട്. വിവിധ ഇ-കൊമേഴ്സ് കമ്പനികളുടെ ബ്രാൻഡ് റീട്ടെയിലിങ്, ഫെമയുടെയും അതിന്റെ നിയമങ്ങളുടെയും ലംഘനം, ആമസോണും ഫ്‌ളിപ്കാർട്ടും ഫെമ, എഫ്ഡിഐ നയം എന്നിവയുടെ നഗ്‌നമായ ലംഘനം, എന്നിവ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിഐഐടിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളമുള്ള വ്യാപാരികൾ 2021 വർഷം 'ഭാരതീയ വ്യാപാർ സമ്മാൻ വർഷ്' ആചരിക്കുമെന്നും ഇന്ത്യയുടെ ഇ-കൊമേഴ്സ് മേഖല നിയമപരിധിയിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ വേണമെന്നാണ് ആവശ്യം.

ഇന്ത്യയിലെ ബിസിനസ്സിന്റെ വ്യാപനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ ഉപകരണങ്ങളായി ഡിജിറ്റൽ കൊമേഴ്സ്, ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ രാജ്യത്തുടനീളമുള്ള വ്യാപാരികളെ CAIT പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു.