- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തു; ചുമത്തിയിരിക്കുന്നത് 19എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ; എൻഫോഴസ്മെന്റ് നടപടി 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു സെക്ഷൻസ് കോടതിയിൽ ശനിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഇ.ഡി. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.ഘട്ടംഘട്ടമായി കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും പൂർണ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തു എന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്. കുറ്റപത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. നാർക്കോട്ടിക് കൺട്രോൺ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപിന്റെ മൊഴിയാണ് കേസിൽ ബിനീഷിനെതിരെ നിർണായകമായത്.
ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് എൻഫോഴ്സ്മെന്റ് നടപടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരുമ്പോഴായിരുന്നു ബിനീഷിന്റെ ക്ള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സംഭവം ശ്രദ്ധേയിൽപ്പെടുന്നത്.ബിനീഷ് കോടിയേരിയെഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തിൽ, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യു.എ.എഫ്.എക്സ്. എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. ഇതിനെ തുടർന്നാണ് ആദ്യം കേസ് എടുത്തിരുന്നത്
ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ ഉറപ്പിക്കാനുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് നടത്തിയിരുന്നു. മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. വിസ സ്റ്റാമ്പിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിൽ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണ് ഇഡി.
ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ പ്രവർത്തിക്കാനുമാവില്ല. ഇത്തരം കമ്പനികൾ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകൾ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കൽ ആർ.ബി.ഐ.ക്ക് റിപ്പോർട്ട് നൽകുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഇതെല്ലാം ബിനീഷ് കോടിയേരിയെ സംശയത്തിലാക്കാൻ കാരണങ്ങളായി.
മറുനാടന് ഡെസ്ക്