മുംബൈ: ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കും. ഫെബ്രുവരി 23നാണ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മാലിക്ക് ഇപ്പോൾ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്.

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിൽ നിന്നും 1993 ലെ സ്ഫോടന പരമ്പര കേസിലെ പ്രതിയായ സർദാർ ഷാവാലി ഖാനിൽ നിന്നും മാലിക് വാങ്ങിയ കുർളയിലെ 2.75 ഏക്കറിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇടപാടിനായി നൽകിയ പണം തീവ്രവാദ ഫണ്ടിങിനായി ഉപയോഗിച്ചുവെന്നാണ് മാലിക്കിനെതിരെ ഇ.ഡിയുടെ ആരോപണം. 2003 നും 2005 നും ഇടയിലാണ് ഇടപാട് നടന്നതെന്ന് ഇ.ഡി പറയുന്നു.

2022 ഫെബ്രുവരി 3 ന് എൻ.ഐ.എ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ദാവൂദിനും കൂട്ടാളികൾക്കുമെതിരെ ഇ.ഡി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഇന്ത്യ വിട്ടശേഷം ദാവൂദ് ഇബ്രാഹിം തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയത് അടുത്ത കൂട്ടാളികളായ ഹസീന പാർക്കറിലൂടെയാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കൾ തുച്ഛ വിലക്ക് മാലിക്ക് വാങ്ങിയെന്നും ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുമായി ഭൂമി ഇടപാട് നടത്തിയെന്നും ഇ.ഡി ആരോപിച്ചു.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മാലിക്കിന്റെയും കുടുംബാംഗങ്ങളുടെയും എം.എസ് സോളിഡസ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും, എം.എസ് മാലിക് ഇൻഫ്രാസ്ട്രക്ചറിന്റെയും സ്വത്തുക്കൾ ഈ മാസം ആദ്യം ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.