കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന ഈ മാസം 22നു കൊച്ചിയിലെ ഇഡി ഓഫിസിൽ നേരിട്ടു ഹാജരാകണമെന്നാണ് നിർദ്ദേശം.

ഇഡി രജിസ്റ്റർ ചെയ്ത കേസിലാണു സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌ന നൽകിയ രഹസ്യമൊഴികളാകും ഇ ഡി ആദ്യം വിശദമായി പരിശോധിക്കുക. മുൻപ് ഇവർ നൽകിയ മൊഴികളും അതിന്റെ വിശദാംശങ്ങളും തേടും. ത് താരതമ്യം ചെയ്താകും തുടർ നടപടികളിലേക്ക് ഇഡി കടക്കുക.

മൊഴികളുടെ പകർപ്പ് ഇഡിക്കു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യംചെയ്യാൻ നോട്ടിസ് നൽകിയത്. കള്ളക്കടത്തു കേസിൽ കസ്റ്റംസിന്റെ നിർദ്ദേശപ്രകാരം സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനു വേണ്ടിയും ഇഡി സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻ മന്ത്രി കെ ടി ജലീലിനും മുൻ സ്പീക്കർ പി ശ്രരാമകൃഷ്ണനുമെതിരെയും സ്വപ്‌നയുടെ മൊഴികളുണ്ട്. ഇതെല്ലാം വിശദമായി പരിശോധിക്കുമെന്നാണ് സൂചന.

അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയിൽ നിന്നും മൊഴിയെടുക്കേണ്ട സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തെ രാഷ്ട്രീയവും കൂടുതൽ കലുഷിതമാകുമെന്ന് ഉറപ്പാണ്. ചോദ്യംചെയ്യലിനു മുൻപു രണ്ടുമൊഴികളും താരതമ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. പുതിയ രഹസ്യമൊഴിയിലുള്ള മുഴുവൻ കാര്യങ്ങളും കസ്റ്റംസിനോടു വെളിപ്പെടുത്തിയിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നാണു സ്വപ്നയുടെ പരാതി.

ഇഡി കേസിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനു വേണ്ടി ക്രൈംബ്രാഞ്ചും വിജിലൻസും നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. സോളർ കേസ് പ്രതി സരിത എസ്.നായരും മൊഴിപ്പകർപ്പിനായി അപേക്ഷ നൽകിയെങ്കിലും അതും കോടതി തള്ളിയിരുന്നു. നയതന്ത്ര സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ രഹസ്യമൊഴി നൽകി കൃത്യം ഒന്നരവർഷത്തിനുശേഷമാണ് മുഖ്യപ്രതി സ്വപ്നാ സുരേഷ് വീണ്ടുമൊരു രഹസ്യമൊഴി നൽകുന്നത്. പുതിയ രഹസ്യമൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്തിമകുറ്റപത്രം നൽകാനിരിക്കെയാണെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായും ഇ.ഡി. കേസിന് പിൻബലമാകുന്നതാകും സ്വപ്നയുടെ പുതിയ രഹസ്യമൊഴി.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. അറസ്റ്റുചെയ്തശേഷം സ്വപ്നയുടെ രഹസ്യമൊഴി ശേഖരിച്ചിരുന്നു. പിന്നീട് അന്വേഷണം ശക്തമാക്കിയ കസ്റ്റംസ് ഈ മൊഴി ആവശ്യപ്പെട്ടെങ്കിലും എൻ.ഐ.എ. കോടതി നൽകിയില്ല. തുടർന്ന് 2020 ഡിസംബർ ആദ്യവാരമായിരുന്നു കസ്റ്റംസ് കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. കസ്റ്റംസ് കേസിന് പിൻബലമേകുന്നതായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി. കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. ഈ രഹസ്യമൊഴി ഇ.ഡി. അന്വേഷണസംഘം കസ്റ്റംസിനോട് ആവശ്യപ്പെട്ടെങ്കിലും 2021 മാർച്ചിൽ ഇ.ഡി.യുടെ ആവശ്യം കോടതി തള്ളി.

രഹസ്യമൊഴി ഏത് മജിസ്‌ട്രേറ്റിനാണോ നൽകുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണ് അത് സൂക്ഷിക്കപ്പെടുക. പിന്നീട് വിചാരണക്കോടതിക്കു മാത്രമാണ് ഇത് കൈമാറുക. ഏതു കേസിലാണോ രഹസ്യമൊഴി കൈമാറുന്നത് ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അറ്റസ്റ്റുചെയ്ത പകർപ്പ് വാങ്ങാം. ഇതോടെ വെട്ടിലായത് ഇ.ഡി.യായിരുന്നു. അവർ സ്വപ്നയുടെ രഹസ്യമൊഴി ശേഖരിച്ചിരുന്നില്ല. കഴിഞ്ഞവർഷം അവസാനത്തോടെ എല്ലാ കേസിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സ്വപ്നയെ 2021 നവംബർ 11-ന് ഇ.ഡി. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഏഴുമണിക്കൂറോളം ചോദ്യംചെയ്തു. പിന്നീട് ചോദ്യംചെയ്യാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇതിന് പിന്നാലെയാണിപ്പോൾ രഹസ്യമൊഴി നൽകിയത്.

നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് വിചാരണഘട്ടത്തിലാണ്. എം. ശിവശങ്കർ ഉൾപ്പെടെ 29 പ്രതികൾക്ക് കോടതി നോട്ടീസ് നൽകിയിരുന്നു. എറണാകുളം സാമ്പത്തിക കോടതിയിലായിരിക്കും വിചാരണ. ഇ.ഡി. കേസിൽ ഭാഗിക കുറ്റപത്രങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം അവസാനിപ്പിച്ച് അന്തിമ കുറ്റപത്രം നൽകിയിട്ടില്ല. ഇതിനുള്ള ഒരുക്കത്തിലാണ് ഇ.ഡി.

ബിരിയാണിപ്പാത്രവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേതും ഉൾപ്പെടെയുള്ള പേരുകളുമാണ് സ്വപ്നയുടെ ആരോപണത്തിലെ പുതിയ കാര്യങ്ങൾ. യു.എ.ഇ.യിലേക്കു കടത്തിയെന്നു പറയപ്പെടുന്ന നോട്ടുകെട്ടുകൾ ഉൾപ്പെടെ ബാക്കിയെല്ലാം പഴയ കാര്യങ്ങലാണ്. ഇതുവരെ ചിത്രത്തിലില്ലായിരുന്ന മുൻചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ പേരും കടന്നുവന്നു. മുഖ്യമന്ത്രിയെ 'അറിയാം' എന്നുമാത്രം വെളിപ്പെടുത്തിയിരുന്ന സ്വപ്ന ആദ്യമായാണ് 'പങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, നളിനി നെറ്റോ, കെ.ടി. ജലീൽ, സി.എം. രവീന്ദ്രൻ എന്നിവരുടെ പേരുകളും പറഞ്ഞു.

യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ 2020 ജൂൺ 30-ന് ദുബായിൽനിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ 79 കിലോഗ്രാമിന്റെ നയതന്ത്ര കാർഗോ വന്നതാണ് നയതന്ത്ര സ്വർണ്ണക്കടത്തു കേസിന്റെ കേസിന്റെ തുടക്കം. സ്വർണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ കാർഗോ പിടിച്ചുവെച്ചു. നയതന്ത്ര ബാഗായതിനാൽ ഉന്നത അനുമതിയോടെ ജൂലായ് അഞ്ചിനു തുറന്ന് പരിശോധിച്ചപ്പോൾ ഉപകരണങ്ങളിൽ ഒളിപ്പിച്ച നിലയിൽ 30 കിലോഗ്രാം സ്വർണം കണ്ടെത്തി.

തുടർന്ന് യു.എ.ഇ. കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. പി.എസ്. സരിത്തിനെ അറസ്റ്റുചെയ്തു. ഒളിവിൽപ്പോയ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ കേസെടുത്ത എൻ.ഐ.എ. ബെംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്തുവന്നതോടെ നീണ്ട രാഷ്ട്രീയവിവാദത്തിലേക്കും കേസ് മാറുകയായിരുന്നു.