തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി ഗ്രാമമായ ഇടമലക്കുടിയിൽ നരബലി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇടമലക്കുടിയിൽ മൂന്നു മാസം മുൻപ് സന്ദർശനം നടത്തിയ മനുഷ്യാവകാശ സംഘടന കുടിയിൽ നരബലി നടക്കുന്നുണ്ടെന്നും എട്ടു മാസത്തിനിടെ ദേവപ്രീതിക്കും ദോഷം മാറുവാനുമായി മൂന്നു കുട്ടികളെ ബലി നൽകിയെന്നും കാണിച്ചു ദേശീയ ബാലാവകാശ കമ്മീഷനു പരാതി നൽകിയിരുന്നു.

അതേസമയം ഇടമലക്കുടിയിൽ ഇത്തരത്തിൽ നരബലി നടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. അതോടൊപ്പം തന്നെ ഇത്തരമൊരു പരാതി നൽകിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചേക്കും.ദേശീയ ബാലാവകാശ കമ്മിഷൻ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിർദേശപ്രകാരം അന്വേഷണം നടക്കുന്നത്. ഇടമലക്കുടിയിൽ നടക്കുന്ന വിവിധ അനാചാരങ്ങളെകുറിച്ച് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ തരത്തിലുള്ള അനാചാരങ്ങളാണ് ഇടമലക്കുടിയിൽ അരങ്ങേറുന്നത്.

മുതുവാൻ സമുദായത്തിൽ നിലനിൽക്കുന്ന അനാചാരങ്ങൾക്ക് കാരണം മാറി മാറി ഭരിച്ച സർക്കാറുകൾ തന്നെയാണ്. നല്ല ഭക്ഷണമോ നല്ല വഴികളോ ഒന്നും തന്നെ ഇല്ലാത്ത ഇവർക്കിടയിൽ ഇപ്പോഴും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ നിലനിൽക്കുന്നതായും പരാതിയുണ്ടായിരുന്നു. മാസമുറയുടെ സമയത്ത് സ്ത്രീകളെ ഇവർ കുടികളിൽ നിന്നും മാറ്റിയാണ് താമസിപ്പിക്കുന്നത്. കാട്ടിലെ വിജനമായ സ്ഥലത്ത് ഒറ്റയ്ക്കാണ് സ്ത്രീകളെ താമസിപ്പിക്കുന്നത്. വാലായ്മപുര എന്ന് പേരിട്ടിരിക്കുന്ന ഇവിടെ താമസിക്കുന്നത് ഒഴിവാക്കാനായി സ്ത്രീകൾ മാസമുറ തടയാനുള്ള ഗുളികകൾ കഴിക്കാറുണ്ടെന്നും ഇത് വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്നും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

പരാതിയുടെ നിജസ്ഥിതിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇടമലക്കുടിക്കു സമീപമുള്ള കാട്ടുവഴിയിലൂടെ കഞ്ചാവും ചന്ദനവും കടത്തുന്നവരുടെ പ്രചാരണമാണിതെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. നരബലി നടക്കുന്ന സ്ഥലമാണെന്നു പ്രചരിപ്പിച്ച് കാട്ടുവഴി വിജനമാക്കാനുള്ള തന്ത്രമാണിതെന്നാണു നിഗമനം.

അതേ സമയം കുട്ടികളെ കാണാതാകുന്നത് ഇടമലക്കുടിയിലെ സ്ഥിരം സംഭവമാണെന്ന് ദേശീയ മനുഷ്യാവകാശ സാമൂഹ്യ നീതി കമ്മീഷൻ അംഗം ജോബിഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇടമലക്കുടിയിൽ നരബലി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കമ്മീഷൻ അംദം പറയുന്നു. ഇതേ കാര്യമാണ് മുൻപ് ബാലാവകാശ കമ്മീഷൻ മുൻപാകെ ചൂണ്ടികാണിച്ചത്. മുതുവാൻ സമുദായങ്ങളിൽ തന്നെ 128ൽപ്പരം വിഭാഗങ്ങളാണ് ഉള്ളത്. കൃത്യമായ ജനന മരണ സർട്ടഫിക്കറ്റുകൾ എന്ന സമ്പ്രദായം ഇവിടെ ഇല്ല.

മുൻപും ഇത്തരത്തിൽ പ്രചാരണമുയർന്നപ്പോൾ അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഇടമലക്കുടിയിൽ നരബലി നടക്കുന്നുവെന്ന് പരാതി തെറ്റാണെന്നും ആദിവാസി മുതുവാ സമുദായത്തെ അപകീർത്തിപ്പെടുത്തുവാനുള്ള പ്രചാരണം മാത്രമാണിതെന്നും കുടി മൂപ്പൻ ഗോപാലൻ പറയുന്നു.

കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ മൂന്ന് കുട്ടികളെയാണ് ഇവിടെ കാണാതായത്. കുട്ടികളേയും പ്രായമായവരേയുമാണ് നരബലിക്കായി ഉപയോഗിക്കുന്നത് എന്നാണ് പുറത്ത് വന്നിരുന്ന സംശയം. എന്തായാലും ഇടമലക്കുടിയിലെ യഥാർഥ്യങ്ങൾ പലവതും ഇപ്രകാരമുള്ളവയാണ്.എന്നാൽ പല ആരോപണങ്ങളിലും കഴമ്പില്ലെന്ന വാദങ്ങൾ അവിടുത്തെ യഥാർഥ സ്ഥിതി മറച്ചുവെയ്ക്കാൻ ഉപയോഗപ്പെടുത്തുന്നുവെന്ന പരാതിയുമുണ്ട്.