കൊച്ചി: വാടക കുടിശ്ശിക വരുത്തിയ വാടകക്കാരനോട് സ്ഥലം ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതിനെ തുടർന്ന് സ്ഥല ഉടമ വാടകക്കാരന്റെ കാർ ക്രയിൻ ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ കയറ്റി വച്ചു. കാർ കയറ്റി വച്ച ക്രയിൻ വാടകക്കാരൻ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. ഇടപ്പള്ളി - പൂക്കാട്ട്പടി റോഡിൽ ടോൾ ജങ്ഷന് സമീപമാണ് സംഭവം.

അസീസ് എന്നയാളുടെ സ്ഥലം വർഷങ്ങൾക്ക് മുൻപ് മൂസാ ഹാജി എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. കൃത്യമായി വാടക ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് മൂസാ ഹാജിയുടെ മകൻ നാസറാണ് ഈ സ്ഥലം ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇയാളുടെ ആക്രി സാധനങ്ങൾ ഈ സ്ഥലത്ത് സൂക്ഷിച്ച് വരികയായിരുന്നു. എന്നാൽ കഴിഞ്ഞ 110 മാസമായി വാടക നൽകിയിരുന്നില്ല. ഇതോടെ പലവട്ടം സ്ഥലം ഒഴിഞ്ഞു നൽകാൻ അസീസ് ആവശ്യപ്പെട്ടെങ്കിലും നാസർ തയ്യാറായില്ല.

തുടർന്നാണ് കഴിഞ്ഞ ദിവസം അസീസ് ക്രയിനുമായി എത്തുകയും ആക്രി സാധനങ്ങൾ മുഴുവൻ എടുത്തുമാറ്റുകയും ചെയ്തത്. ഇതിനിടയിലാണ് വാടകക്കാരനായ നാസറിന്റെ കാർ തകർന്ന കെട്ടിടത്തിന് മുകളിലേക്ക് കയറ്റി വച്ചത്. കാർ കെട്ടിടത്തിന് മുകളിൽ കയറ്റി വച്ചതോടെ നാസർ മറ്റൊരു കാറുമായെത്തി ക്രെയിൻ കടന്നു പോകാൻ കഴിയാത്ത വിധം റോഡ് അടച്ച് പാർക്ക് ചെയ്തു. ഇതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു.

സംഭവം അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തിയെങ്കിലും നാസർ കാർ മാറ്റാൻ തയ്യാറായില്ല. ആറു മണിക്കൂറിന് ശേഷം കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. പിന്നീട് നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടാവുകയായിരുന്നു. കാർ താഴെയിറക്കാമെന്ന് അസീസ് സമ്മതിച്ചതിനെ തുടർന്ന് നാസർ കാർ എടുത്തു മാറ്റി ക്രയിൻ പോകാൻ ആനുവദിച്ചു. കൂടാതെ സ്ഥലം ഒഴിഞ്ഞു നൽകാമെന്നും ഉറപ്പ് നൽകി. ഹൃദ് രോഗിയായ അസീസ് ഇതിനിടയിൽ പൊട്ടിക്കരഞ്ഞത് ആശങ്കയുണ്ടാക്കി. കൂടെയുണ്ടായിരുന്നവർ ആശ്വസിപ്പിച്ച് അനുനയിപ്പിക്കുകയായിരുന്നു.