- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണകൂടം ലക്ഷ്യം വെക്കുന്നത് മാധ്യമങ്ങളുടെ സ്വതന്ത്രപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കൽ; മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ
ന്യൂഡൽഹി: വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി ജനാധിപത്യമൂല്യങ്ങളുടെ ലംഘനമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. ജനുവരി 26 ന് ഡൽഹിയിൽ നടന്ന കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് വാർത്ത നൽകിയ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്ത സംഭവത്തിലായിരുന്നു എഡിറ്റേഴ്സ് ഗിൽഡ് പ്രതികരണവുമായി രംഗത്തെത്തിയത്. മാധ്യമ പ്രവർത്തകരെ കേസെടുത്ത് നിശബ്ദമാക്കാൻ ഭരണകൂടങ്ങൾ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നതായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി.
ജനുവരി 26 ന് രാജ്യസ്ഥലത്ത് നടന്ന കർഷകരുടെ പ്രതിഷേധ റാലിയും പിന്നീടുണ്ടായ അക്രമവും റിപ്പോർട്ടുചെയ്തതിന് മുതിർന്ന എഡിറ്റർമാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ഉത്തർപ്രദേശ് പൊലീസും മധ്യപ്രദേശ് പൊലീസും എ.ഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ജനുവരി 26ന് നടന്ന ട്രാക്ടർ റാലിയിൽ കർഷകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത ട്വീറ്റ് ചെയ്ത് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ, മാധ്യമപ്രവർത്തകർ രജ്ദീപ് സർദേശായി, വിനോദ് കെ. ജോസ്, മൃണാൾ പാണ്ഡെ എന്നിവർക്കെതിരെ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്നു.
പ്രതിഷേധക്കാരിൽ ഒരാളുടെ മരണവുമായി ബന്ധപ്പെട്ട വിവരം മാധ്യമപ്രവർത്തകർ അവരുടെ സ്വകാര്യ സോഷ്യൽ മീഡിയ ഹാന്റിലുകളിലും അവർ നടത്തുന്നതോ പ്രതിനിധീകരിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങളിലൂടെയോ റിപ്പോർട്ടുചെയ്തതിനാണ് മാധ്യമപ്രവർത്തകരെ പ്രത്യേകം ഉന്നംവെച്ചതെന്നും എഡിറ്റേഴ്സ ഗിൽഡ് പറഞ്ഞു. പ്രതിഷേധം നടന്ന ദിവസം ദൃക്സാക്ഷികളിൽ നിന്നും പൊലീസിൽ നിന്നും നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെന്നും ലഭിച്ച എല്ലാ വിശദാംശങ്ങളും മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണെന്നും ഇത് മാധ്യമപ്രവർത്തനത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ നടപടി മനഃപൂർവം വിദ്വേഷം ഉണ്ടാക്കാനാണെന്ന പൊലീസിന്റെ വാദം തെറ്റാണ്. ഒരു സംഭവം ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണമാണ്. വിവിധ സംസ്ഥാനങ്ങളിൽ കേസെടുത്തത് തന്നെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉപദ്രവിക്കാനുമുള്ള ലക്ഷ്യം വച്ചാണെന്നും മാധ്യമങ്ങളുടെ സ്വതന്ത്രപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുകയാണ് ഉദ്ദേശമെന്നും എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ