- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
750 ജോഡി ചെരുപ്പുകളുടെയും 10,500 സാരികളുടെയും തെളിവ് ശേഖരിക്കാൻ 18 വർഷം വേണോ? ജയലളിതയുടെ ശിക്ഷ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കടുത്ത പരാജയം
ഇന്ത്യൻ നിയമ ചരിത്രത്തിലെ അവിശ്വസനീയമായ സംഭവ വികാസങ്ങളിൽ ഒന്നായേ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ലഭിച്ച ജയിൽ ശിക്ഷയെ വിലയിരുത്താൻ പറ്റൂ. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആറര പതിറ്റാണ്ട് പിന്നിട്ട നമ്മൾ ആദ്യമാണ് ഇത്തരം ഒരു അനുഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയുടെ പതിന്നാലാം ആർട
ഇന്ത്യൻ നിയമ ചരിത്രത്തിലെ അവിശ്വസനീയമായ സംഭവ വികാസങ്ങളിൽ ഒന്നായേ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ലഭിച്ച ജയിൽ ശിക്ഷയെ വിലയിരുത്താൻ പറ്റൂ. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആറര പതിറ്റാണ്ട് പിന്നിട്ട നമ്മൾ ആദ്യമാണ് ഇത്തരം ഒരു അനുഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയുടെ പതിന്നാലാം ആർട്ടിക്കിളിൽ എഴുതി വച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഒരു പൗരനു പോലും ഇന്നേ വരെ അത് അനുഭവപ്പെട്ടിട്ടില്ല എന്നതാണ് അതിന്റെ കാരണം. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കാര്യം എടുക്കേണ്ട; കഴിഞ്ഞ അഞ്ചു വർഷത്തെ യുപിഎ ഭരണകാലം മാത്രം എടുത്താൽ പോലും നമുക്ക് എണ്ണി തീർക്കാൻ പോലും സാധിക്കാത്ത വിധം വലിയ അഴിമതികൾ ആണ് അരങ്ങേറിയിട്ടുള്ളത്. പ്രത്യക്ഷത്തിൽ അഴിമതി ആണ് എന്ന് ബോധ്യം ആകുന്നതും മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയതുമായ സംഭവങ്ങൾ മാത്രം എടുക്കുമ്പോൾ ആണ് ഇത്. എന്നിട്ടും അഴിമതിയുടെ പേരിൽ ഇവരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് ഈ അത്ഭുതത്തിന്റെ മൂലകാരണം.
രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും മത്സരിച്ച് അഴിമതി നടത്തുകയും ഒരു പരിധി വരെ നിയമപീഠം അതിനു കൂട്ടുനില്ക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. അതിനിടയിൽ സർവാധികാരപ്രമത്തയായ ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കുക എന്നത് തീർച്ചയായും നീതിന്യായ വ്യവസ്ഥയോട് മതിപ്പ് ഉളവാക്കുന്ന കാര്യം തന്നെയാണ്. ഇത്തരം ഉറച്ച നിലപാട് എടുക്കാൻ തന്റേടമുള്ള നിയമപാലകർ നമുക്കിടയിൽ ഇല്ല എന്നിരിക്കെ ജയലളിതയെ ശിക്ഷിച്ച ജഡ്ജി വലിയ കയ്യടി അർഹിക്കുന്നു. ഇത്തരം ഒരു ശിക്ഷ സർവ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയും സാധാരണ ജനങ്ങളുടെ ദേശീയ ബോധം ഇരട്ടിപ്പിക്കുന്നതുമാണ്. എത്ര വലിയവർ ആണെങ്കിലും നിയമം ലംഘിച്ചാൽ ശിക്ഷിക്കപ്പെടും എന്നതിന് ഇതിലും വലിയ തെളിവ് എന്താണ്. രാജ്യത്തു നീതിന്യായ വ്യവസ്ഥ നിലനില്ക്കാൻ ആഗ്രഹിക്കുന്നവർ ഒക്കെ ഈ വിധിയിൽ സന്തോഷിക്കേണ്ടത് തന്നെയാണ്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയ്ക്ക് നാല് വർഷം ശിക്ഷയാണ് ബാംഗ്ലൂർ പരപ്പന അഗ്രഹാര കോടതി വിധിച്ചത്. ഈ ശിക്ഷയോടെ ജയിൽശിക്ഷ കഴിഞ്ഞാലും അവർക്ക് ആറ് വർഷത്തേക്ക് രാഷ്ട്രീയരംഗത്തു നിന്നും വിട്ടുനിൽക്കേണ്ടിയും വരും. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയെന്ന ദുഷ്‌പേരും ജയലളിതയ്ക്കാണ്. ഇവിടെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ കൈയടി നേടുന്നത്. ജനപ്രാതിനിധ്യ നിയമത്തിന് സുപ്രീം കോടതി നൽകിയ പുനരാഖ്യാനപ്രകാരം, ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികൾ സ്ഥാനം വഹിക്കാൻ അയോഗ്യരാകും. വിധിക്കെതിരെ അപ്പീൽ പോയാലും ഹൈക്കോടതിയോ സുപ്രീംകോടതിയോ കുറ്റവിമുക്തയാക്കുന്നതു വരെ അധികാരത്തിൽ നിന്നും മാറിനിൽക്കേണ്ടി വരുകയും ചെയ്യും. അതുകൊണ്ട് അഴിമതിക്കാരെ രാഷ്ട്രീയത്തിൽ നിന്നും അകറ്റിനിർത്താൻ ജുഡീഷ്യറിയിൽ വരുത്തിയ മാറ്റങ്ങളുടെ ആദ്യ വിജയമായി ഈ കോടതി വിധിയെ കാണാം.[BLURB#1-VL]
ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ വിധിയിലെ വലിയൊരു അപാകത ചൂണ്ടിക്കാട്ടാതിരിക്കാൻ സാധ്യമല്ല. 28 കിലോ സ്വർണവും 750 ജോഡി ചെരുപ്പുകളും 10,500 സാരികളും ഒക്കെ അനധികൃതമായി ശേഖരിച്ചു എന്നതായിരുന്നു ജയലളിതയ്‌ക്കെതിരെ ഉയർന്ന പ്രധാന കേസ്. അഞ്ചു വർഷം കൊണ്ട് പതിന്മടങ്ങ് സ്വത്തുക്കൾ ഉണ്ടായത് എങ്ങനെ എന്ന് കണ്ടെത്താൻ ആയിരുന്നു പ്രോസിക്യൂഷൻ ശ്രമിച്ചത്. ഇത് തെളിയിക്കാൻ 18 വർഷം എങ്ങനെ വേണ്ടി വന്നു എന്നതാണ് ആ ചോദ്യം. സർവ തെളിവുകളും ഉണ്ടായിട്ടു കൂടി ഒരു കേസിന്റെ ആദ്യ വിചാരണ പൂർത്തിയാകാനും പ്രാഥമിക കോടതിയുടെ ശിക്ഷ നിർണയിക്കാനും എടുത്തതാണ് ഈ 18 വർഷം എന്നത് ഇന്ത്യൻ നീതിപീഠത്തിന്റെ പരാജയം തന്നെയാണ്. ഇനി പല കോടതികളിലൂടെയുള്ള അപ്പീൽ പ്രോസസ് കൂടി ആവുമ്പോൾ ഒരു കേസിന്റെ വിധി നിർണ്ണയിക്കാൻ എടുക്കുന്നത് എത്ര കാലമാണ് എന്ന ചോദ്യം ഉയരുന്നു. ഇതുവഴി കുറ്റവാളികൾ രക്ഷപ്പെടാനും നിരപരാധികൾ യാതന അനുഭവിക്കാനും ഇടയാകുന്നു എന്ന പ്രശ്‌നം കാണാതിരുന്നു കൂടാ.
ജയലളിതയുടെ കാര്യത്തിൽ ഇത് വളരെ പ്രസക്തമാണ്. അഴിമതി നടത്തപ്പെട്ട കാലത്തേ ജയലളിതയും ഇപ്പോഴത്തെ ജയലളിതയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. അധികാര പ്രമത്തതയും അഴിമതിയും നിറഞ്ഞ ഒരു അഹങ്കാരിയായ സ്ത്രീ ആയിരുന്നു അന്ന് ജയലളിത എങ്കിൽ എന്ന് ഇന്ത്യയിലെ ഏതു രാഷ്ട്രീയക്കാരും അസൂയയോടെ കാണുന്ന അധികാരബിംബം ആണ് അവർ. അഴിമതിക്കോ അഹങ്കാരത്തിനോ അവസരം നല്കാതെ തികച്ചും ജനകീയമായ നിലപാട് എടുത്താണ് ജയലളിത ഇപ്പോൾ തമിഴ്‌നാട് ഭരിക്കുന്നത്.
പിന്നോക്കം നിന്നിരുന്ന തമിഴ്‌നാടിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ ആവശ്യമായ ശക്തമായ നടപടികൾ ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊണ്ടിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെ സഹായിക്കാൻ സൗജന്യ അരിവിതരണവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെങ്കിലും അമ്മ എന്ന പേരിൽ ഉപ്പും ചുരുങ്ങിയ പണത്തിന് ഉപ്പുവെള്ളവും എത്തിക്കാൻ ജയലളിതയുടെ നേതൃത്വത്തിൽ സാധിച്ചിരുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട് ഇത്രയും നല്ലൊരു ഭരണം അടുത്തകാലത്തെങ്ങും കണ്ടിട്ടുമില്ല. ഇങ്ങനെയുള്ള നല്ലൊരു ഭരണത്തിന് എന്തായാലും കാലം തെറ്റിവന്ന വിധി വിരാമമിടും.[BLURB#2-VR]
അഴിമതി കേസ് രജിസ്റ്റർ ചെയ്യപ്പെട്ട ഉടൻ തന്നെ ആയിരുന്നു നിയമ നടപടികൾ എങ്കിൽ തമിഴ് മക്കൾ തന്നെ കയ്യടി നൽകുമായിരുന്നു. അവരുടെ അഴിമതിയെ ജനം വെറുത്തതുകൊണ്ടാണ് അധികാരത്തിൽ നിന്ന് പോലും അന്ന് നിഷ്‌കാസിതരായത്. ജയലളിതയെക്കാൾ വലിയ അഴിമതിക്കാരാണ് അവരുടെ പേരിൽ കേസ് എടുത്തവർ എന്ന തിരിച്ചറിവ് തന്നെ ജനങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തിയിരുന്നു. അഴിമതി മടുത്തു ജനക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകി കഴിയുമ്പോൾ അവരെ ശിക്ഷിക്കുന്നത് ഒരു ജനതയ്ക്ക് മുഴുവൻ അതൃപ്തിയെ നല്കൂ. അതിന്റെ പേരിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ, ശിക്ഷ നടപ്പാക്കാൻ വേണ്ടി വരുന്ന ചെലവ്, ശിക്ഷിക്കപ്പെടുമ്പോൾ അവരുടെ അധികാരം എന്നിവ എല്ലാം തെറ്റായ ഫലം ഉണ്ടാക്കുന്നു. സ്വന്തം ജനത ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഭരണാധികാരി ജയിലിൽ അടയ്ക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് ആ ജനതയുടെ മേൽ ദേശവിരുദ്ധ വികാരം വളർത്താനും പ്രാദേശികവാദം ശക്തിപ്പെടുത്താനും വരെ കാരണമാകും.
ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്കു തുടക്കം ഇട്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ജയലളിതയുടെ ശിക്ഷ ഈ തരത്തിലുള്ള ഒരു മാറ്റത്തിനു തുടക്കമായി എടുക്കണം. ഒരാൾ കുറ്റാരോപിതൻ ആയാൽ ഒന്നോ രണ്ടോ വർഷത്തിനകം അയാളുടെ പേരിലുള്ള കുറ്റം അന്വേഷിച്ചു ശിക്ഷാവിധി നടപ്പിലാക്കുകയോ വെറുതെ വിടുകയോ ചെയ്യാൻ സാഹചര്യം ഒരുക്കണം. കുറ്റവാളികൾ നീതിമാന്മാരായി മാറുന്ന സാഹചര്യം മാത്രമല്ല നീതിമാന്മാർ ശിക്ഷിക്കപ്പെടുന്ന സാഹചര്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ജഡ്ജിമാരുടെ കുറവോ, കോടതികളുടെ കുറവോ എന്തുമാകട്ടെ ഇതിന്റെ മൂല കാരണം അത് കണ്ടെത്തി പരിഹാരം കണ്ടെത്താൻ മോദി സർക്കാർ പ്രഥമ പരിഗണന നല്കട്ടെ.