- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഡ്സേയെ കുറിച്ചു ചർച്ച ചെയ്യുന്നത് രാജ്യദ്രോഹം അല്ലെങ്കിൽ അഫ്‌സൽ ഗുരുവിനെ കുറിച്ചു ചർച്ച ചെയ്യുന്നതും രാജ്യദ്രോഹമാവരുത്; കപട ദേശീയവാദികൾ അടിച്ചേൽപ്പിക്കുന്നത് ആവരുത് രാജ്യസ്നേഹം; രാജ്യദ്രോഹം വാദമുയർത്തി അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരെ നിങ്ങൾക്ക് ജെഎൻയുവിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല
വളരെ ഏറെ പ്രതീക്ഷയോടെയാണ് മോദി സർക്കാർ ഒരു വർഷം മുൻപ് അധികാരം ഏറ്റത്. തൊട്ടുകൂട്ടായ്മ കൽപ്പിച്ച് മോദിയെ പലരും മാറ്റി നിർത്തിയപ്പോൾ നവ ഭാരതത്തെക്കുറിച്ച് വ്യക്തമായ ദർശനമുള്ള നേതാവായി കരുതി കയ്യടി നൽകാൻ മറുനാടൻ മലയാളി എക്കാലത്തും മുൻപിൽ ഉണ്ടായിരുന്നു. ഭരണ മികവിന്റെ കാര്യത്തിലോ പദ്ധതികളുടെ കാര്യത്തിലോ ഇതുവരെ നിരാശപ്പെടുത്തിയി
വളരെ ഏറെ പ്രതീക്ഷയോടെയാണ് മോദി സർക്കാർ ഒരു വർഷം മുൻപ് അധികാരം ഏറ്റത്. തൊട്ടുകൂട്ടായ്മ കൽപ്പിച്ച് മോദിയെ പലരും മാറ്റി നിർത്തിയപ്പോൾ നവ ഭാരതത്തെക്കുറിച്ച് വ്യക്തമായ ദർശനമുള്ള നേതാവായി കരുതി കയ്യടി നൽകാൻ മറുനാടൻ മലയാളി എക്കാലത്തും മുൻപിൽ ഉണ്ടായിരുന്നു. ഭരണ മികവിന്റെ കാര്യത്തിലോ പദ്ധതികളുടെ കാര്യത്തിലോ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ലെങ്കിൽ കൂടി മോദി ഭരണം ഒരു വർഷം പിന്നിട്ടപ്പോഴേക്കും രാജ്യത്ത് ഒരു തരം അരാജകത്വവും ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത ഒട്ടേറെ പ്രവണതകളും ശക്തമായി കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇതിനൊക്കെ മോദിയോ കേന്ദ്ര സർക്കാരോ നേരിട്ട് ഉത്തരവാദികൾ അല്ല എന്ന് സമ്മതിക്കുമ്പോഴും അസഹിഷ്ണുതയുടെ വലിയൊരു ഭൂകമ്പം രാജ്യത്ത് പൊട്ടിവിരിയുന്നത് കേന്ദ്ര ഭരണത്തെക്കുറിച്ചുള്ള ആത്മവിശ്വാസം ആണ് എന്ന് പറയാതെ വയ്യ.
ഭരണകൂടവും ഭരണകൂട രാഷ്ട്രീയവും മുൻപോട്ട് വയ്ക്കുന്ന ആശയങ്ങളോട് സമാനത പുലർത്തുന്ന ആശയങ്ങൾ മാത്രമേ അംഗീകരിക്കപ്പെടൂ എന്ന സാഹചര്യം വളരെ അപകടകരമാണ്. ഒരുതരം കപട ദേശീയത നിർമ്മിക്കുകയും ആ ദേശീയതയുടെ ചട്ടക്കൂട്ടിൽ നിൽക്കാൻ മടിയുള്ളവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകട്ടെ എന്ന് ജനപ്രതിനിധികളും മന്ത്രിമാരും തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം പെട്ടന്നാണ് ഇവിടെ ഉയർന്നു വന്നത്. വിഘടനവാദം, ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ, ഭീകരവാദം എന്നിവയൊക്കെ എതിർക്കപ്പെടുന്നത് ആണെങ്കിലും കൂടി സ്വതന്ത്രമായ അഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള പ്രവണത ഭരണകൂടത്തിൽ നിന്നും ജനക്കൂട്ടത്തിൽ നിന്നും ഉണ്ടാകുന്നത് നിരാശജനകവും ഖേദകരവുമാണ്. അമീർഖാനെതിരെയുള്ള തെരുവു യുദ്ധങ്ങളും പുലഭ്യം വിളികളും ഈ അവസ്ഥയുടെ ഏറ്റവും മോശമായ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു.
അസഹിഷ്ണുതയെക്കുറിച്ചുള്ള ഒരു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഇന്ത്യയിൽ ജീവിക്കാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടാവുമോ എന്ന് എന്റെ ഭാര്യ ചോദിക്കുന്നു എന്നൊരു സത്യസന്ധമായ അഭിപ്രായം പറഞ്ഞതിന് രാജ്യത്ത് മുഴുവൻ എന്തെല്ലാം കോലാഹലം ഉണ്ടായി എന്നത് ഓർക്കേണ്ടതാണ്. അമീർഖാന്റെ ഭാര്യക്ക് അങ്ങനെ തോന്നിയതിലോ അത് തുറന്ന് പറഞ്ഞതിനോ ഇത്രയധികം ആശങ്കപ്പെടാൻ എന്തിരിക്കുന്നു. അതിനുള്ള സ്വാതന്ത്ര്യം പൂർണ്ണമായും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നു. അമീറിന്റെ അഭിപ്രായത്തോട് വിയോജിക്കാൻ അവകാശം ഉള്ളപ്പോൾ തന്നെ ആ അഭിപ്രായത്തിന്റെ പേരിൽ അമീറിനെതിരെ ആഞ്ഞടിച്ചവർ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്ത അറിയാത്തവരാണ്. അതൊടുവിൽ അവസാനിച്ചത് ഞാൻ ദേശസ്‌നേഹിയാണ് എന്ന് പലതവണ പരസ്യമായി ആവർത്തിച്ചതുകൊണ്ടും അമീർഖാന്റെ പരസ്യക്കരാറുകൾ റദ്ദ് ചെയ്തു കൊണ്ടുമാണ് എന്നോർക്കണം.
അതിന്റെ തുടർച്ചയായിരുന്നു ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യയും തുടർന്നുണ്ടായ കോലാഹലവും. അവിടെയും കേന്ദ്ര സർക്കാരിന് നേരിട്ട് എന്തെങ്കിലും ബന്ധമുണ്ട് എന്ന് ആരോപിക്കാൻ വയ്യ. എന്നാൽ ഇത്തരം അസഹിഷ്ണുത വിഷയങ്ങൾ ഉണ്ടാവുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണ് പല കേന്ദ്രമന്ത്രിമാരും എടുക്കുന്നത്. വിവാദം കത്തിപ്പടരുകയും ഒട്ടേറെ വിമർശനങ്ങൾ നേരിടുകയും ചെയ്തപ്പോൾ മാത്രമാണ് വൈസ് ചാൻസലറെ മാറ്റിയതും പ്രധാനമന്ത്രി പ്രസ്താവന നടത്തിയതും. മുള്ളു കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക എന്ന രീതിയാണ് മോദി പലപ്പോഴും ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്നത് എന്നതിന് തെളിവായി മാറി ആ സംഭവം. അത് ആവർത്തിച്ചിരിക്കുകയാണ് ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി സംഭവത്തിലൂടെ വീണ്ടും.
[BLURB#1-VL] ജെഎൻയു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവാദം കപട ദേശീയതയുടെയും കപട രാജ്യസ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണമായി മാറുകയാണ്. ലോകത്തെമ്പാടുമുള്ള നാനൂറോളം സർവ്വകലാശാലകളും പ്രതിഷേധിക്കുന്ന തരത്തിൽ ഒരു അന്താരാഷ്ട്ര വിഷയമായി ഇതിനെ വളർത്തിയത് വാസ്തവത്തിൽ കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം ആണ് എന്ന് പറയാതെ വയ്യ. ജെഎൻയുവിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം എല്ലാവരും സമര രംഗത്തേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിൽ കോടതിയിൽ ഹാജരാക്കിയ കന്നയ്യയെ അതിക്രൂരമായി കപട ദേശീയവാദികൾ തല്ലിച്ചതച്ച സംഭവത്തിനും നമ്മൾ സാക്ഷികളായി. ഇതൊക്കെ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അന്തസ് കെടുത്തുകയും അസഹിഷ്ണുതയുടെയും ആശയവാദത്തിന്റെയും നാടായി ലോകത്തിന് മുൻപിൽ ചിത്രീകരിക്കുകയാണ് ചെയ്യുക.
ദേശീയപതാക കയ്യിൽ പിടിച്ചു വന്ദേമാതരം ചൊല്ലി എന്ത് തെമ്മാടിത്തരം കാണിച്ചാലും അത് ദേശസ്‌നേഹം ആണ് എന്ന് വിശ്വസിക്കുന്ന ഒരു പറ്റം വിഡ്ഢികൾ ഇന്നലെ നമ്മുടെ മാതൃരാജ്യത്തെ വല്ലാതെ കളങ്കപ്പെടുത്തുകയായിരുന്നു. ഭരണകൂടത്തിന്റെ ചിന്താഗതിക്ക് അനുസരിച്ച് ചിന്തിക്കുന്നവരുണ്ടെങ്കിൽ അവർക്ക് ഏത് വിധത്തിലുമുള്ള നിയമനിഷേധവും നടത്താം എന്ന് ഈ ആക്രമണം തെളിയിച്ചിരിക്കുന്നു. രാജ്യത്തെ നിയമ സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണ് ഇന്നലെ നടന്ന സംഭവം. സുപ്രീം കോടതിയുടെ വേഗത്തിലുള്ള ഇടപെടലും വിമർശനങ്ങളും ഇന്ത്യയിലെ നിയമ വാഴ്‌ച്ചയെക്കുറിച്ച് ആർക്കെങ്കിലും സംശയം ഉണ്ടായെങ്കിൽ അത് പരിഹരിച്ചു കാണും എന്ന ആശ്വാസം മാത്രമാണ് ഉള്ളത്.
ജെഎൻയുവിൽ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം സംഘപരിവാർ ആശയങ്ങളുടെ പ്രചാരകരുടെ മേൽകെട്ടി വയ്ക്കാതെ നിവർത്തിയില്ല. പണ്ടും ജെഎൻയു ഇങ്ങനെ ഒക്കെ ആയിരുന്നു. രാജ്യത്തെ ഏറ്റവും മികവറ്റ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാൻ എത്തുന്ന കുട്ടികൾ എല്ലാവരും പൂർണ്ണമായ സ്വാതന്ത്ര്യ ചിന്താഗതിക്കാരും സ്വാതന്ത്ര്യ ആശയങ്ങളിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുമാണ് എന്ന് ജെഎൻയുവിന്റെ ചരിത്രം അറിയാവുന്നവർക്കൊക്കെ അറിയാം. മറ്റ് ഇന്ത്യൻ സർവ്വകലാശലയെപ്പോലെ കേവലം കരിയർ ഓറിയന്റഡ് ആയിട്ടുള്ള ഒരു സർവ്വകലാശാല അല്ല ജെഎൻയു. ഇവിടെ പഠിക്കാൻ എത്തുന്നവരൊക്കെ ഉയർന്ന നീതിബോധവും സമ്പൂർണ്ണ സ്വതന്ത്ര ചിന്താഗതിയുള്ളവരും മത - രാഷ്ട്രീയ വേലിക്കെട്ടുകൾ ഇല്ലാത്തവരുമാണ്.
ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ തെരഞ്ഞെടുപ്പ് നടത്തിയാലും ഒറ്റയ്ക്ക് ഒരു സീറ്റ് പോലും പിടിക്കാൻ സാധിക്കാത്ത സിപിഐയുടെ വിദ്യാർത്ഥി സംഘടനയായി എഐഎസ്എഫ് പ്രതിനിധിയാണ് ജെഎൻയുവിന്റെ പ്രസിഡന്റ് എന്നത് മാത്രം എത്ര സ്വതന്ത്രമായാണ് ഇവർ ചിത്രീകരിക്കുന്നത് എന്ന് മനസ്സിലാക്കാൻ. ബംഗാളിലും കേരളത്തിലും ത്രിപുരയിലും അല്ലാതെ മറ്റൊരിടത്തും സിപിഐ(എം) ശക്തമല്ലാതിരുന്നിട്ടും വർഷങ്ങളോളം ജെഎൻയു ഭരിച്ചിരുന്നത് എസ്എഫ്‌ഐക്കാരായിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾ പിന്തുണക്കുന്നവരും സിപിഐഎംഎൽ മുതലായ സംഘടനകളുടെ വിദ്യാർത്ഥി സംഘടനകളും ജെഎൻയു ഭരിച്ചിട്ടുണ്ട്. ഇക്കാലത്തൊക്കെ ഇവിടെ സ്വാതന്ത്രമായ ചർച്ചകളും ആശയവാദങ്ങളും നടന്നിട്ടുണ്ട്. ഇതു ഇപ്പോൾ മാത്രം വിവാദമായത് വലിയൊരു പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണ്. കാവിവൽക്കരണത്തെ ഏറ്റവും അധികം എതിർക്കുന്നത് കാമ്പസുകൾ ആണ് എന്നത് തന്നെയാണ് ഇതിന്റെ കാരണം. ഇന്ത്യയിലെ വൻ വിപ്ലവങ്ങൾ ഒക്കെ ഉണ്ടായത് കാമ്പസുകളിൽ ആണ്. കാമ്പസുകളിൽ ഉണ്ടാവുന്ന രോഷം അണകെട്ടി നിർത്താൻപാടാണ്. അതുകൊണ്ട് തന്നെ കാമ്പസുകളെ കാവി വൽക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നു. സുബ്രമണ്യം സ്വാമിയെ ജെഎൻയുവിലെ വൈസ് ചാൻസലർ ആക്കാനുള്ള ശ്രമം പോലും ഉണ്ടായി എന്നോർക്കണം.[BLURB#2-VR]
ഇവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒക്കെ ഒരു പ്രത്യേക ജനുസിൽ പെട്ടവരാണ്. അതുകൊണ്ടാണ് വിദ്യാർത്ഥികൾക്കൊപ്പം അവരും പണിമുടക്കുന്നത്. ജെഎൻയുവിയെ കാവിവൽക്കരിക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് കിട്ടിയ അവസരമാണ് അഫ്‌സൽ ഗുരു അനുസ്മരണം. രാജ്യദ്രോഹി ആയതിനാൽ തൂക്കിക്കൊന്ന ഒരാളെ കുറിച്ച് ചർച്ച ചെയ്യുന്നതും അയാളുടെ അനുസ്മരണം നടത്തുന്നതോ ഉചിതമാണോ എന്ന ചോദ്യം ചിലർ ചോദിക്കുന്നുണ്ട്. അത്തരം ചോദ്യം അവർ ഉന്നയിക്കുന്നത് ജെഎൻയുവിന്റെ സമരകാരണം അറിയാത്തതുകൊണ്ടും ലോകം എമ്പാടുമുള്ള സ്വന്തം അക്കാദമി സംവിധാനങ്ങളെ കുറിച്ച് ധാരണയില്ലാത്തതു കൊണ്ടാണ്. ഒരു രാഷ്ട്രീയത്തിന്റെ സ്വതന്ത്രമായ എല്ലാ ആശയങ്ങളും യഥാർത്ഥത്തിൽ രൂപപ്പെടുന്നത് ഇത്തരം കാമ്പസുകളിൽ നിന്നാണ്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജും ഓക്‌സ്‌ഫോർഡും പോലെയുള്ള യൂണിവേഴ്‌സിറ്റികളും അമേരിക്കയിലെ ഹാവാർഡും സ്റ്റാൻഫോർഡും പോലെയുള്ള യൂണിവേഴ്‌സിറ്റികളിലും എന്താണ് നടക്കുന്നത് എന്ന് ഇവർക്കൊക്കെ അറിയണമെന്നില്ല. ജെഎൻയുവിൽ നടക്കുന്നതിനെക്കാൾ ശക്തമായ ആശയ വിപണനങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.
സ്വാതന്ത്ര്യം എന്ന പദത്തിനും ജനാധിപത്യം എന്ന പദത്തിനും ഏറ്റവുമധികം അർത്ഥം കൽപ്പിക്കുന്നത് ഇത്തരം ഇടങ്ങളിലാണ്. ദേശീയ വിരുദ്ധം എന്ന് പൊതുസമൂഹത്തിന് തോന്നുന്ന കാര്യങ്ങൾ ഇവിടെയാണ് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത്. അല്ലെങ്കിൽ എതിർ ആശയങ്ങൾ ചർച്ച ചെയ്യാൻ എവിടെയാണ് സ്ഥലം ബാക്കിയുള്ളത്? അഫ്‌സൽ ഗുരുവിനെക്കുറിച്ചും ഗോഡ്‌സെയെ കുറിച്ചും ലഷ്‌ക്കർ ഇ തോയിബയെ കുറിച്ചും ഒക്കെ ജെഎൻയുവിൽ ചർച്ച നടക്കുന്നതിൽ എന്താണ് അത്ഭുതമുള്ളത്? ബ്രിട്ടണിൽ തുടർച്ചയായ് ബോംബ് വച്ച് അനേകരുടെ ജീവൻ എടുത്ത ഐആർഎ എന്ന സംഘടനയുടെ പ്രസിഡന്റിന്റെ ഓക്‌സ്‌ഫോർഡും കേംബ്രിഡ്ജും എത്രയോ തവണ വിളിച്ചു ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നു. ഇതു ഉന്നതമായ ജനാധിപത്യ പരീക്ഷണങ്ങളുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ അഫ്‌സൽ ഗുരു അനുസ്മരണം നടന്നതിനെ ഒറു തെറ്റായി കാണാൻ സാധിക്കില്ല. ജെഎൻയുവിനെ അറിയുന്ന ആരും അങ്ങനെ ചെയ്യില്ല.
ചിലർ ചോദിക്കുന്നു അഫ്‌സൽ ഗുരു മരിച്ചിട്ടു മൂന്ന് വർഷം ആയപ്പോൾ സമരം നടത്തുന്നതിന് പിന്നിൽ എന്താണ് കാരണം എന്ന്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇത്തരം തെറ്റായ ഒരുപാട് പ്രചാരണങ്ങൾ അരങ്ങേറുന്നുണ്ട്. അഫ്‌സൽ ഗുരുവിനെ ജെഎൻയു മുൻപും അനുസ്മരിച്ചിട്ടുണ്ട്. മോദി ഭരിക്കുന്നു എന്ന ബലത്തിൽ കാവിധാരികൾ കടന്ന് കയറുകയും കലാപം ഉണ്ടാക്കുകയും ചെയ്തത് ഇപ്പോൾ ആണെന്ന് മാത്രം. അങ്ങനെ സംഘർഷം ഉണ്ടായപ്പോൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാണ് മറ്റൊരു പ്രചാരണം. അത് വിളിച്ചത് എബിവിപിക്കാർ ആണെന്ന് ഒരു വിഭാഗം മാദ്ധ്യമങ്ങൾ പറയുമ്പോൾ അല്ല അനുസ്മരണം നടത്തിയവരാണ് എന്ന് മറുവിഭാഗം പറയുന്നു. ഇത്തരത്തിൽ ധാരാളം പ്രചാരണങ്ങൾ ഉണ്ട്. ഒരോരുത്തരും അവരവർക്ക് ഗുണകരമായ പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് നിർഭാഗ്യവശാൽ ഇപ്പോൾ.
രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം ഏറ്റെടുത്തിരിക്കുന്നവരാണ് ഇത്തരം കുപ്രചാരണങ്ങളിൽ മുൻപിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ നടന്നത് എന്ത് എന്നാർക്കും അറിയില്ല. കാശ്മീർ ഇന്ത്യയുടെ ഭാഗം അല്ല എന്ന് കരുതുന്ന ഒട്ടേറെ കാശ്മീരി വിദ്യാർത്ഥികൾ ജെഎൻയുവിൽ പഠിക്കുന്നുണ്ട്. കാശ്മീരിൽ പാക്ക് പതാക ഉയരുന്നത് അതിന് കാരണമാണ്. അതുകൊണ്ട് തന്നെ എബിവിപിക്കാർ അലങ്കോലപ്പെടുത്താൻ എത്തിയപ്പോൾ അവർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കാൻ സാധ്യതയുണ്ട്. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനിൽ നിന്നും വിഘടിച്ചു പോയ പത്ത് വിദ്യാർത്ഥികൾ മേലും കീഴും നോക്കാതെ നിലപാടുകൾ എടുക്കുന്നവരാണെന്നും അവരാർക്കും ഇങ്ങനെ മുദ്രാവാക്യം വിളിച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നുണ്ട്. ഇന്ത്യയിലെ സർവ്വ നിയമങ്ങളും കാശ്മീരിന് ബാധകം അല്ല എന്ന കാര്യം മറക്കരുത്. അതുകൊണ്ട് തന്നെയാണ് പാക്ക് പതാക ഉയർത്തിയാലും ആരും ഗൗനിക്കാത്തത്. ആ പ്രധാന കാര്യം മറന്നാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം എന്ന ആശയ പ്രചാരണം ഇപ്പോൾ ചിലർ ശക്തമാക്കുന്നത്.[BLURB#3-VL]
വളരെ കഷ്ടപ്പെട്ട് കാശ്മീരിനെ ഇന്ത്യ ഒപ്പം നിർത്തിയിരിക്കുന്നതിനെതിരെ ഒരു ചർച്ചയും നടത്താൻ ആർക്കും ധൈര്യമില്ല. കാരണം അത് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാകും. അങ്ങനെ വരുമ്പോൾ അതിന്റെ അതൃപ്തി ഇന്ത്യയുടെ ഭാഗമായ കാശ്മീരികൾക്കുണ്ടാവുകയും അവസരം കിട്ടുമ്പോൾ ഒക്കെ അവരത് പുറത്തെടുക്കുകയും ചെയ്യും. വിവേകമുള്ള ഭരണാധികാരികൾ ചെയ്യേണ്ടത് അത് അവഗണിക്കുകയാണ്. എന്നാൽ ജെഎൻയുവിൽ നുഴഞ്ഞുകയറാൻ കാത്തിരിക്കുന്ന സംഘപരിവാർ ദേശീയതയുടെ പേരിൽ അത് എളുപ്പം സാധിക്കുമെന്ന് കരുതി കാര്യങ്ങൾ വഷളാക്കുകയായിരുന്നു. ജെഎൻയുവിന്റെ സംസ്‌ക്കാരത്തിന് ഒരു തരത്തിലും ചേരാത്ത പുതിയ വിസിയാണ് പ്രശ്‌നങ്ങൾ വഷളാക്കാൻ പ്രധാന കാരണം എന്നുകൂടി പറഞ്ഞാലെ ഇതു പൂർത്തിയാകൂ.
ഇപ്പോൾ അറസ്റ്റിലാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യപ്പെട്ട കന്നയ്യ കുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയോ ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തുകയോ ചെയ്തിരുന്നില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ദേശസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെട്ടവരോട് ചെറുത്തു നിന്നു അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതിനാണ് കന്നയ്യ തടവറയിലായത്. ഇതു തന്നെയാണ് ഈ വിഷയത്തിന്റെ ഏറ്റവും വികാരപരമായ വശവും. അഭിപ്രായ സ്വാതന്ത്ര്യം എന്ന ജെഎൻയു സംസ്‌കാരത്തെ സംരക്ഷിക്കാൻ അതിന്റെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് ശ്രമിച്ചതിനാണ് തടവറയിലാക്കപ്പെട്ടിരിക്കുന്നത്. ഹാഫിസ് സയീദിന്റെ നിർദ്ദേശ പ്രകാരമാണ് അവിടെ ഇങ്ങനെ ഒക്കെ നടക്കുന്നത് എന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി എത്ര ഉത്തരവാദിത്തരഹിതമായാണ് പെരുമാറിയത്. ഒരു പക്ഷെ ഈ വിഷയം ഇത്രയും വഷളാക്കാനുള്ള പ്രധാന കാരണങ്ങളിൽ രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന തന്നെയാവണം. ജെഎൻയുവിൽ നടക്കുന്നത് എന്തെന്ന് പുറത്തുള്ളവർക്ക് മനസിലാകുന്നതിനേക്കാൾ കൂടുതൽ മനസിലാക്കുന്നത് ജെഎൻയുവിൽ ഉള്ളവർക്ക് തന്നെയാണ്. ഒരു ചെറിയ ന്യൂനപക്ഷം സംഘപരിവാർ അനുകൂലികൾ ഒഴികെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ വിഷയത്തിൽ കന്നയ്യ കുമാറിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒപ്പം നിൽക്കുന്നു എന്നത് തന്നെ ഈ സമരത്തിന്റെ വ്യക്തമായ ദിശാബോധമാണ് വ്യക്തമാക്കുന്നത്. എബിവിപി യൂണിറ്റ് പ്രസിഡന്റ് അടക്കം അനേക നേതാക്കൾ രാജി വച്ചതും ഇവിടെ ഓർക്കേണ്ടതാണ്.
ഗോഡ്‌സെയെ നേതാവായി കരുതുകയും രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയും മഹാത്മഗാന്ധിയുടെ ചരമ ദിനത്തിന് ലഡു വിതരണം ചെയ്യുകയും ചെയ്തവരാണ് ഇപ്പോൾ ദേശസ്‌നേഹം പ്രസംഗിക്കുന്നത് എന്നോർക്കണം. അത് രാജ്യദ്രോഹം അല്ലെങ്കിൽ അഫ്‌സൽ ഗുരുവിനെ അനുസ്മരിച്ചവർ ചെയ്തതും രാജ്യദ്രോഹം ആകാൻ പാടില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ സങ്കൽപ്പനമാണ് അഭിപ്രായ സ്വാതന്ത്ര്യം. നമ്മൾ അതുകണ്ട് പഠിച്ചത് കമ്മ്യൂണിസ്റ്റ് റഷ്യയിൽ നിന്നോ കാപ്പിറ്റലിസ്റ്റ് അമേരിക്കയിൽ നിന്നോ അല്ല. സ്വാതന്ത്ര്യ ബോധത്തെ അങ്ങേയറ്റം ആദരിക്കുന്ന ബ്രിട്ടണിൽ നിന്നും തന്നെയാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യസേനാനികൾ പലരും സ്വാതന്ത്ര്യത്തിന് വേണ്ടി ഊർജം നേടിയത് അടിമയാക്കി വച്ചിരിക്കുന്ന രാജ്യത്ത് പോയി തന്നെയായിരുന്നു. അന്നൊന്നും കോളനി വാഴ്‌ച്ച നടത്തിയവർ അത് രാജ്യദ്രോഹമായി കരുതിയില്ല. എന്നിട്ടും നമ്മൾ സ്വാതന്ത്രമായി അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളാക്കി മാറ്റുന്നത് എത്ര കഷ്ടമാണ്.
വധശിക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതുപോലെ തന്നെ ഏറെ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് രാജ്യദ്രോഹം എന്ന കുറ്റവും. അങ്ങേയറ്റം പ്രധാനപ്പെട്ടതും രാജ്യത്തെ തകർക്കാൻ ഗുരുതരമായി നടത്തിയ ഇടപെടലുകളും മാത്രം ആയിരിക്കണം രാജ്യദ്രോഹത്തിന്റെ പട്ടികയിൽ പെടുത്തേണ്ടത്. ഒരു പ്രസംഗത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി നേതാവിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് നമ്മുടെ രാജ്യം ഫാസിസത്തിലേക്ക് നടന്നടുക്കുന്നു എന്നതിനുള്ള തെളിവാണ്. കന്നയ്യ കുമാർ ഒരു രാജ്യദ്രോഹിയാണ് എന്ന് പറയുന്നത് അങ്ങേയറ്റം അപകടകരമാണ്. ഭരണകൂടത്തിന് വഴങ്ങാത്തവരുടെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആരംഭിക്കുന്നത് എപ്പോഴും മർദ്ദക ഭരണകൂടങ്ങളുടെ പ്രത്യേകത ആയിരുന്നു. അറസ്റ്റിന് സുപ്രീം കോടതി മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത് പോലെ ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്താനും നിബന്ധനകൾ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.[BLURB#4-H]
ഇന്ത്യൻ പീനൽ കോഡിൽ പറയാത്ത ഭരണഘടനവിരുദ്ധമായ നിയമങ്ങൾ കൊണ്ട് വരുന്നത് തന്നെ അപകടകരമാണ്. യുഎപിഎ ആണെങ്കിലും പോട്ട ആണെങ്കിലും ഒരുപോലെ എതിർക്കപ്പെടേണ്ട നിയമങ്ങൾ ആണ്. ഇത്തരം നിയമങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ മൗലികാവകാശങ്ങളുടെ മേൽ കത്തിവെയ്ക്കൽ ആണ്. ഇത്തരം നിയമങ്ങൾ ആണ് അസംതൃപ്തരെ ഉണ്ടാക്കുന്നതും അത് രാജ്യാദ്രോഹമായി വളരുന്നതും. ഒരു പരിധി വരെ കാശ്മീർ പ്രശ്‌നത്തിന്റെ വേരുകൾ ഇങ്ങനെയൊക്കെ തന്നെയാണ്. ഫാസിസത്തിന്റെ രൂപഭാവം ഭരണകൂടം കാണിക്കുമ്പോൾ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടത് ജനാധിപത്യ സ്‌നേഹികളുടെ കടമയാണ്. അല്ലെങ്കിൽ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ആവും ഇന്ത്യയിൽ ഉണ്ടാവുക.