ന്ത്യൻ ജനാധിപത്യത്തിന്റെ മൂന്ന് അടിത്തൂണുകളാണ് നിയമനിർമ്മാണ സഭകളും ഭരണ നിർവ്വാഹണ സമിതികളും കോടതികളും. പാർലമെന്റുകളും നിയമസഭകളും നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനയ്ക്കും സ്വാഭാവിക നീതിക്കും വിരുദ്ധമാണോ എന്നു പരിശോധിക്കുകയാണ് കോടതികളുടെ പ്രധാന ജോലി. രാജ്യത്തു നിലവിൽ ഉള്ള നിയമങ്ങൾക്ക് വിധേയമായാണോ എക്‌സിക്യൂട്ടീവ് പ്രവർത്തിക്കുന്നത് എന്നതാണ് കോടതികളുടെ പ്രധാനപ്പെട്ട രണ്ടാമത്തെ ചുമതല. പൗരന്മാർ തമ്മിലും പൗരന്മാരും സ്റ്റേറ്റും തമ്മിലും മറ്റുമുള്ള വ്യവഹാരങ്ങളിൽ എഴുതപ്പെട്ട നിയമത്തിന് വിധേയമായി തീർപ്പു കൽപ്പിക്കുകയാണ് കോടതികളുടെ പ്രധാനപ്പെട്ട ചുമതല.

കോടതികളുടെ പല തീരുമാനങ്ങളും പക്ഷെ അവയുടെ അതിർവരമ്പുകൾ കടന്നതും സാമാന്യ യുക്തിക്കു നിരക്കാത്തതുമാണ്. അത്തരം നീതികേടുകളെ ചോദ്യം ചെയ്യാൻ പോലും നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ സംവിധാനം ഇല്ല. കോടതികൾ അവർക്ക് നിശ്ചയിച്ചു കൊടുത്ത ചുമതലയ്ക്ക് അപ്പുറം കടക്കുന്നതാണ് ഈ അനിശ്ചിതത്വത്തിന് കാരണം. ഇന്നലെ കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ ഒരു വിധി പ്രഖ്യാപനം മാത്രം എടുത്തു പരിശോധിക്കുക. ചിലവന്നൂർ കായൽ കയ്യേറി നിർമ്മിച്ച റിയൽ എസ്റ്റേറ്റ് ഭീമന്റെ ഫ്ലാറ്റുകൾക്ക് ഒരു കോടി രൂപ പിഴ അടച്ചു അംഗീകാരം നൽകിയ തീരുമാനം ഏതു സാമാന്യ ബുദ്ധിക്കാണ് നിരക്കുന്നത്?

അവിടുത്തെ ഒരു ഫ്ലാറ്റിന് ഒരു കോടിയിൽ ഏറെ രൂപ ഉണ്ടെന്ന് ഓർക്കണം. നിയമം ലംഘിച്ച് അവർ പണി തീർത്ത അനധികൃത ഫ്ളാറ്റുകൾ എല്ലാം ഒരു ഫ്ലാറ്റിന്റെ വില നൽകിയാൽ നിയമപരമാക്കി തീർക്കുന്നു എന്നു സാരം. ഇത് എന്തു തരം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? നിങ്ങൾക്ക് നിയമം ലംഘിച്ചു എന്തും ചെയ്യാം. പിന്നെ കുറച്ചു പിഴ അടച്ചാൽ അതു സ്വന്തമാക്കാം എന്നല്ലേ? ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നതും നാമമാത്രമായ പിഴ അടച്ചു ഇതു ചെയ്യുന്നതും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്.

തെറ്റുകൾക്ക് ശിക്ഷ നൽകുന്നതിന്റെ പ്രധാന ലക്ഷ്യം കുറ്റവാളി അതു ആവർത്തിക്കാതിരിക്കാനും ഈ വിവരം അറിയുന്ന മറ്റാരും അതു ചെയ്യാതിരിക്കാനുമാണ്. എന്നാൽ ഇങ്ങനെ ഒരു ശിക്ഷയാണ് നൽകുന്നതെങ്കിലും കുറ്റവാളി പോലും അതു ആവർത്തിക്കുകയല്ലേയുള്ളൂ. നിയമത്തെ പേടിച്ചു തെറ്റു ചെയ്യാതിരിക്കാനും അനേകം പേർക്ക് നിയമം ലംഘിക്കാനുമുള്ള പ്രചോദനമാവുകയാണ് ഈ വിധി. ഈ വിധി ചൂണ്ടിക്കാട്ടി ഇനി അനധികൃത നിർമ്മാണം നടത്തിയ ആർക്കും അതു നിയമപരമാക്കാൻ ശ്രമിക്കാം. എന്നു വച്ചാൽ ഒരു കോടിതി വിധി വഴി കൂടുതൽ പേർക്ക് നിയമം ലംഘിക്കാൻ അവസരം നൽകുന്നു എന്നർത്ഥം.

ഡിഎൽഎഫ് ഫ്ലാറ്റ് പണിതത് രാജ്യത്ത് നിലവിലിരിക്കുന്ന തീരദേശ പരിപാലന അതോരിറ്റി നിയമം നഗ്‌നമായി ലംഘിച്ചു കൊണ്ടാണ്. പരിസ്ഥിതി അനുമതി പോലും ലഭിച്ചത് നടപടി ക്രമങ്ങളെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉന്നത കരങ്ങളെ കുറിച്ചുള്ള വാർത്തകൾ മറുനാടൻ അടക്കുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പരിസ്ഥിതി അനുമതി അനുവദിച്ചത് പ്രാഥമിക നടപടിക്രമം പോലുമറിയാത്ത ആളുകളാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടുകളിലും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റിന്റെ നിർമ്മാണം നടന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് നിരീക്ഷിച്ച് സിംഗിൾ ബെഞ്ചിന്റെ വിധി വന്നത്. എന്നാൽ ഇതിന് പിന്നാലെ കമ്പനി ഈ ഉത്തരവിന് സ്റ്റേ വാങ്ങിച്ചു. പിന്നീട് കേസിൽ ഗ്രീൻ ട്രിബ്യൂണലിനെ ഇടപെടുവിച്ചതോടെയാണ് ഇപ്പോൾ കമ്പനിക്ക് തടിയിൽത്തട്ടാത്ത രീതിയിൽ വിധിവന്നത് എ്ന്നത് ശ്രദ്ധേയമാണ്.

സിംഗിൾ ബെഞ്ച് ഉത്തരവിൽ കായൽ തീരത്തോട് ചേർന്ന് ഡിഎൽഎഫ് നിർമ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയം തീരദേശ പരിപാലന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കെട്ടിടം പൊളിച്ചു നീക്കാനുമായിരുന്നു ഉത്തരവ്. ചിലവന്നൂരിലെ ഫ്‌ലാറ്റ് കമ്പനി നിർമ്മിച്ചിരിക്കുന്നത് 135 മീറ്റർ കായൽ കൈയേറിയാണ് എന്ന് കോടതി വിലയിരുത്തുകയുണ്ടായി. തീരപരിപാലന നിയമം മറികടന്ന് നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ചു മാറ്റാനാണ് കോടതി ഉത്തരവ്. ഉത്തരവ് പ്രകാരം കൊച്ചി ചിലവന്നൂർ 135 മീറ്റർ പരിധിയിലുള്ള നിർമ്മാണമെല്ലാം പൊളിച്ച് മാറ്റണം. 2007ലെ ബിൽഡിങ്ങ് നിർമ്മാണ അനുമതി പ്രകാരമുള്ള എല്ലാ പ്രവൃത്തികളും നിർത്തിവയ്ക്കാനും കോടതി ഉത്തരവിൽ വ്യക്തമായി. ഇത്തരത്തിൽ രാജ്യത്ത് നിലവിലുള്ള നിയമത്തെ ലംഘിച്ചുകൊണ്ട് ഫ്ളാറ്റ് കെട്ടിപ്പൊക്കി എന്ന വസ്തുത പരിഗണിക്കുകയും അതിന് എതിരെ വിധി ഉണ്ടാകുകയുമായിരുന്നു ചെയ്തത്.

എന്നാൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത് ഫ്ലാറ്റിന് വേണ്ടി പണം മുടക്കിയവരുടെ കാര്യം മാറ്റമായിരുന്നു. കേന്ദ്രസർക്കാറിന്റെ നിലപാടും ഈ വിഷയത്തിൽ വിധിയെ സ്വാധീനിച്ചു. ഡിഎൽഎഫ് കെട്ടിടങ്ങൾ നിയമലംഘനം നടത്തിയിട്ടില്ലെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാർ കോടതിയിൽ സ്വീകരിച്ചത്. ലംഘിച്ചിട്ടില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാനധിയുടെ മരുമകൻ റോബർട്ട് വധേരയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികൂടിയാണ് ഡിഎൽഎഫ്. അതുകൊണ്ട് മുൻ യുപിഎ സർക്കാറിന്റെ കാലത്ത് വലിയ ഇടപാടുകൾ കമ്പനിക്ക് വേണ്ടി ഉണ്ടായിരുന്നുവെന്നും ആരോപണം ഉയർ്ന്നിരുന്നു.

യമുനാതീരത്ത് ശ്രീശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ആഗോളസംഗമത്തിനായി ഒരുക്കിയ താൽക്കാലിക നിർമ്മിതകൾ നദീതീരത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ നശിപ്പിച്ചുവെന്ന് വ്യക്തമാക്കി അവർക്ക് കോടികളുടെ ഫൈൻ പിഴശിക്ഷ വിധിച്ച ഗ്രീൻ ട്രിബ്യൂണൽ കായൽത്തീരം കയ്യേറി ഡിഎൽഎഫ് ഒരുക്കിയ സ്ഥിരം കെട്ടിടം പരിസ്ഥിതി നശിപ്പിക്കില്ലെന്ന് എങ്ങനെ തീരുമാനിച്ചുവെന്ന ചോദ്യവും ഉയരുന്നു. കേരളത്തിൽ ക്വാറി വിഷയത്തിലും ഗ്രീൻ ട്രിബ്യൂണൽ കടുംപിടിത്തം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം റോഡരികിൽ മുഴുവൻ ക്വാറികൾ അനുവദിക്കാനാവില്ലെന്നുൾപ്പെടെ വ്യക്തമാക്കി സുപ്രീംകോടതി വിധിപോലും ഉണ്ടായത്. പരിസ്ഥിതി സംരംക്ഷണമെന്നത് കോടതിയുടെ കൂടി ഉത്തരവാദിത്തം ആണെന്നും ഇത് കോടതിയുടെ ബാധ്യതയാണെന്നും വ്യക്തമാക്കിയായിരുന്നു ദിവസങ്ങൾക്കു മുമ്പുണ്ടായ സുപ്രീംകോടതി വിധി.

പരിസ്ഥിതി സംരക്ഷണമെന്നത് കോടതിയുടെ കൂടി ബാധ്യതയാണെന്ന് രാജ്യത്തെ പരമോന്നത കോടതികൂടി നിരീക്ഷിച്ചതു പരിഗണിക്കുമ്പോൾ അതിനെതിരെ നിലകൊണ്ട ഗ്രീൻ ട്രിബ്യൂണലിന്റെ വിലയിരുത്തൽ ഡിഎൽഎഫിന്റെ ചിലവന്നൂരിലെ ഫ്ലാറ്റ് സമുച്ചയ്തതിന്റെ കാര്യത്തിൽ ഉണ്ടായെന്ന് കാണാം. ഇത്തരം വാദം ഉണ്ടായതോടെയാണ്, കേന്ദ്രത്തിൽ നിന്നുള്ള അനുകൂല നിലപാടിനെ തുടർന്നാണ് ഡിഎൽഎഫ് ഫ്ലാറ്റിന് ഇപ്പോൾ ചെറിയ പിഴ ഈടാക്കി കെട്ടിടം പൊളിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കേണ്ടിവന്ന സാഹചര്യമുണ്ടായത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ഡിഎൽഎഫിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. കേസിൽ സംസ്ഥാന സർക്കാറിനെ എതിർത്ത് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഹൈക്കോടതിയിൽ ഹാജരായത് മാത്രം മതി ഈ വിഷയത്തിലെ രാഷ്ട്രീയ താൽപ്പര്യങ്ങൾ വ്യക്തമാകാൻ.

അടുത്തിടെ അനധികൃത നിർമ്മാണങ്ങൾ പിഴ ഈടാക്കി നിയമാനുശ്രുതമാക്കി മാറ്റാൻ കേരള സർക്കാർ ഒരുങ്ങുകയുണ്ടായി. എന്നാൽ, വിവാദം ഭയന്ന് തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുകയുണ്ടായി. ഡിഎൽഎഫ് വിഷയത്തിലെ ഇപ്പോഴത്തെ കോടതി വിധി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അനധികൃത കൈയേറ്റക്കാരെ ബാധിക്കുമെന്നത് ഉറപ്പാണ്. ആർക്കും അനധികൃതമായി കെട്ടിടങ്ങൽ നിർമ്മിക്കാനും പിഴയടച്ച് സാധൂകരിക്കാനും പ്രേരണ നൽകുന്നതു കൂടിയായി ഹൈക്കോടതി വിധിയെന്ന കാര്യം പറയാതെ വയ്യ.