- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിമാർ ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കരുത്; കോടതിയുടെ അധികാരപരിധി ലംഘനത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിൽക്കണം; ശുംഭൻ വിളികേട്ട് പൊട്ടിത്തെറിക്കും മുമ്പ് കോടതി സ്വയം നന്നാകട്ടെ
കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഇന്നലെ ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാർ നടത്തിയ പരമാർശങ്ങൾ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മോശമായ കോടതി ഇടപെടലുകളിൽ ഒന്നായി ആയിരിക്കും ചരിത്രം രേഖപ്പെടുത്തുക. ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയമനിർമ്മാണ സഭയ്‌ക്കൊപ്പം ഭരണഘടനാ ശില്പികൾ നൽകിയ സ്ഥാനത്തെ അധ
കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഇന്നലെ ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാർ നടത്തിയ പരമാർശങ്ങൾ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മോശമായ കോടതി ഇടപെടലുകളിൽ ഒന്നായി ആയിരിക്കും ചരിത്രം രേഖപ്പെടുത്തുക. ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയമനിർമ്മാണ സഭയ്‌ക്കൊപ്പം ഭരണഘടനാ ശില്പികൾ നൽകിയ സ്ഥാനത്തെ അധിക്ഷേപിക്കുന്ന അനേകം കോടതി ഇടപെടലുകളിൽ ഒന്നായി വേണം ഈ ഇടപെടലിനെ വ്യാഖ്യാനിക്കാൻ. ബാറുടമകളുടെ താൽപര്യം കോടതിയുടേയും താൽപര്യം ആയി മാറുന്നു എന്നു സാധാരണക്കാർക്ക് തോന്നുന്ന തരത്തിലുള്ള നിയമവിരുദ്ധവും ഭരണഘടന അനുശാസിക്കുന്ന ക്രമങ്ങൾക്കെതിരെയുള്ള വെല്ലുവിളിയും നിറഞ്ഞതായി വേണം ഈ വിധിയെ കാണാൻ.
പൊതുസ്ഥലത്ത് യോഗം നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ സിപിഐ(എം) നേതാവ് ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗം ഇവിടെ പ്രസക്തമാണ്. ജീവിത യാഥാർത്ഥ്യങ്ങളോ ഭരണഘടനയോ വേണ്ടതുപോലെ മനസ്സിലാക്കാതെ ചില്ലുമേടയിലും ശീതീകരിച്ച മണിമാളികകളിലും കഴിയുന്നവർ വിധി പറയുമ്പോൾ അതെത്രമാത്രം ജനവിരുദ്ധമാകും എന്നതിനുള്ള ഉദാഹരണമായി മാറുകയാണ് ഈ കോടതിപരമാർശം. ജയരാജനെ പോലെയുള്ളവരുടെ പരമാർശങ്ങളുടെ പേരിൽ ക്ഷുഭിതരാകുകയും അഭിപ്രായം പറയുകയും ചെയ്തതിന്റെ പേരിൽ പഴഞ്ചൻ നിയമം തട്ടിയെടുത്ത് അവരെ ജയിലിൽ പിടിച്ചിടുകയും ചെയ്യുന്നതിന് മുമ്പ് കോടതികൾ ആത്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു.
കൈക്കൂലി തരുന്നവർക്കൊക്കെ ലൈസൻസ് നൽകി രാഷ്ട്രീയക്കാർ വലിയ കുഴപ്പമില്ലാതെ ബാറുകൾ നടത്തിയിരുന്ന കാലത്ത് കമ്മിഷനും വിവേചനവും സ്റ്റാർ വ്യവസ്ഥയും ഒക്കെ പറഞ്ഞ് ആദ്യം പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് കോടതിയാണ്. കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട കമ്മീഷന്റെ റിപ്പോർട്ടിനെയാണ് വിവേചനം എന്നു പറഞ്ഞ് കോടതി തള്ളിയത്. സർക്കാരിന്റെ നയത്തിന് വിരുദ്ധമായി ചിലർക്ക് ലൈസൻസ് കൊടുക്കാനും ചിലരുടേത് പൂട്ടാനും ഒക്കെയുള്ള സ്ഥിരതയില്ലാത്ത വിധികൾ കൊണ്ട് കോടതി ഇതിനോടകം അപഹാസ്യമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ പിന്നിലെ കഥകൾ തേടി പോയാൽ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടും എന്നതുകൊണ്ടാണ് ആരും അതിന് മുതിരാത്തത് എന്നു കോടതിക്ക് തന്നെ അറിവുള്ളതാണ്. അതുകൊണ്ട് അതവിടെ നിൽക്കട്ടെ.
ഇവിടെ നമ്മൾ ചർച്ച ചെയ്യേണ്ടത് ബാർ വിഷയത്തിൽ കോടതി എടുക്കുന്ന സ്ഥിരതയില്ലാത്ത നിലപാടിനെക്കുറിച്ചല്ല. ഇന്നലത്തെ കോടതി വിധിയെക്കുറിച്ചുമല്ല. ഒരു വിഷയത്തിൽ എന്തുവിധി പറയണമെന്നു തീരുമാനിക്കേണ്ടത് കോടതിയാണ്. അത് യുക്തിസഹമല്ലെന്ന് തോന്നിയാൽ നാം ചെയ്യേണ്ടത് അതിനെക്കാൾ വലിയ കോടതിയെ സമീപിക്കുകയാണ്. ഇവിടെ പ്രസക്തമായത് ബാർ വിഷയത്തിൽ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇന്നലെ സുധീരൻ അയച്ച സർക്കുലറിനെക്കുറിച്ചുള്ള കോടതിയുടെ പരാമർശങ്ങൾ ആണ്. കെപിസിസി പ്രസിഡന്റിന്റെ സർക്കുലർ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്ന് കണ്ടെത്തിയ ഡിവിഷൻ ബെഞ്ച് സുധീരനെ വിമർശിക്കാനായി സൗകര്യ പൂർവ്വമെടുത്ത വാക്കുകൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്.
രാഷ്ട്രീയ മേലാളന്മാരുടെ ഇത്തരം ആജ്ഞകൾ നിയമത്തിലുള്ള കൈകടത്തലാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ഒരു ജനകീയ വിഷയം ഉയർത്തിപ്പിടിക്കുകയും പാർട്ടിയുടെ നയം അർത്ഥാശങ്കയില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്ത സുധീരനെതിരെ രാഷ്ട്രീയ മേലാളൻ എന്ന തികച്ചും നെഗറ്റീവ് ആയ ഒരു പദം പ്രയോഗിച്ചത് പോലും നല്ല ഉദ്ദേശത്തോടെയാണ് എന്നു അംഗീകരിക്കാൻ കഴിയില്ല. കോടാനുകോടികൾ തട്ടിയെടുക്കുന്ന കള്ളന്മാരേയും സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രമാക്കിയ നേതാക്കളേയും നോവിക്കാൻ മടിക്കുന്ന കോടതി സുധീരനെ പോലെ ജനകീയനായ ഒരു നേതാവിനെതിരെ നടത്തിയ പരാമർശം ഇപ്പോൾ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ബാർവിഷയത്തിൽ ജനങ്ങളുടെ നിലപാടിനൊപ്പം നിന്ന സുധീരനെ മോശക്കാരനാക്കാനുള്ള ശ്രമം സർവ്വ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് ഈ പരാമർശം എന്നു കരുതേണ്ട സാഹചര്യമാണ് ഉള്ളത്.[BLURB#1-VL] ഇത്രയും കടുത്ത വിമർശനം ഏറ്റുവാങ്ങാൻ സുധീരൻ ചെയ്ത ഭരണഘടന വിരുദ്ധമായ പ്രവർത്തിയെന്താണ്? തെരഞ്ഞെടുപ്പ് സമയത്ത് സുധീരൻ പ്രസിഡന്റായിരിക്കുന്ന പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ ശ്രദ്ധിക്കണം എന്നു പറഞ്ഞ് സുധീരന്റെ പാർട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാർക്ക് കത്തെഴുതി എന്നതാണ് അത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അതിന്റെ സെക്രട്ടറിമാർക്കോ നൽകിയ ഒരു ഉത്തരവായിരുന്നു അതെങ്കിൽ ഭരണഘടനാവിരുദ്ധം എന്ന കോടതിയുടെ വാദം അംഗീകരിക്കാമായിരുന്നു. സുധീരൻ ചെയ്തത് താൻ പ്രസിഡന്റ് ആയിരിക്കുന്ന പാർട്ടിയുടെ ലേബലിൽ അധികാരത്തിൽ എത്തിയവരോട് ആ പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പിലാക്കണം എന്നാവശ്യപ്പെടുക മാത്രമാണ്. ഇത് ഭരണഘടനാ ലംഘനം ആണ് എന്ന് ഒരു കോടതി പറയുന്നെങ്കിൽ ആ കോടതിക്ക് ഭരണഘടനയെക്കുറിച്ച് എന്തുതരം ജ്ഞാനം ആണ് ഉള്ളത് എന്നു സംശയിക്കേണ്ടിവരും.
ഇന്ത്യൻ ഭരണഘടനയും പിന്നീടുണ്ടായ ജനപ്രാധിനിത്യ നിയമവും കൂറുമാറ്റ നിരോധന നിയമവും പോലെയുള്ളവയിൽ വ്യക്തമായി തന്നെ രാഷ്ട്രീയ പാർട്ടികളുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. പാർട്ടിയുടെ നയമാണ് അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ നയമല്ല നടപ്പിലാക്കേണ്ടത് എന്നു ഇവയൊക്കെ വ്യക്തമാക്കുന്നു. പാർട്ടിക്ക് വിരുദ്ധമായി നിലപാട് എടുക്കുന്നവരെ പുറത്താക്കാൻ നിയമനിർമ്മാണം നടത്തിയിരിക്കുന്നു. പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയവർ അത് നടപ്പിലാക്കിയില്ലെങ്കിൽ അവർക്കെതിരെ നിയമനടപടികൾ എടുക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നു. ഇതൊന്നും അറിയാതെ പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ ശ്രമിച്ചതിന് സുധീരനെ ക്രിമിനലും കൊള്ളക്കാരനുമാക്കിയ കോടതിയുടെ പരാമർശം അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവും കോടതികൾക്ക് ഭരണഘടന നൽകിയിട്ടുള്ള അധികാരപരിധിയുടെ ലംഘനവുമാണ്.
നിയമനിർമ്മാണ സഭകളെ അങ്ങേയറ്റം ആദരിക്കുന്ന കോടതികൾ നാടിന്റെ ജനാധിപത്യത്തിന്റെ മൂലക്കല്ലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏഴാംകൂലികളായി കാണുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. നിയമനിർമ്മാണ സഭകൾക്ക് ഉള്ളത് പോലെ തന്നെ ചില അധികാരങ്ങൾ ഇവർക്കും ഉണ്ട്. അത് ചെയ്യുന്നതിന്റെ പേരിൽ വിരട്ടുകയും പുച്ഛിക്കുകയും ചെയ്യുന്ന രീതിയാണ് ആദ്യം മാറ്റേണ്ടത്. ബാറുകൾക്ക് ലൈസൻസ് നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവർക്ക് അധികാരം ഉണ്ടെങ്കിൽ അത് നടപ്പിലാക്കാനും അനുവദിക്കേണ്ടതാണ്.
ചില്ലുമേടയിൽ ഇരുന്ന് ജനവിരുദ്ധമായ വിധികൾ പറയുമ്പോൾ കോടതിയലക്ഷ്യം എന്ന ഉമ്മാക്കിയെ പേടിച്ച് ജനാധിപത്യ കക്ഷികൾ മിണ്ടാതിരിക്കുന്നതിന്റെ കുഴപ്പമാണിത്. പൊതുസ്ഥലത്ത് ജാഥ നിരോധിച്ച കോടതി വിധിക്കെതിരെ സിപിഐ(എം) നേതാവായ ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തെ വലിയ അപരാധമായി കരുതി ജയരാജനെ ഒറ്റപ്പെടുത്തിയ മറ്റ് പാർട്ടികൾക്കുള്ള പാഠം കൂടിയാണിത്. സുധീരനെതിരെയുള്ള വിമർശനം ഒരു കോൺഗ്രസ് നേതാവിനെതിരെയുള്ള വിമർശനമായി മാത്രം കരുതി തള്ളിക്കളയാതെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമായി കരുതി രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവരും ഒരുമിക്കേണ്ട സമയം ആയിരിക്കുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഈ കേസിന് അപ്പീൽ പോകുകയും ആ അപ്പീലിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കക്ഷി ചേരുകയുമാണ് വേണ്ടത്.[BLURB#2-H] ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ മുളയിലേ നുള്ളിക്കളയാൻ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഒരുമിച്ച് നിൽക്കണം. എന്നാൽ മാത്രമേ കോടതികളും സ്വയം വിമർശനം നടത്തുകയുള്ളൂ. ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഭരണഘടനയുടെ 19-1എ അനുഛേദത്തിൽ നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ഉത്തമബോധ്യത്തോടെ നടത്തിയ ഈ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമാണ് എന്നു കണ്ടെത്തിയാൽ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഞങ്ങളും ഒരുക്കമാണ് എന്നറിയിക്കട്ടെ.