സാംസ്‌കാരിക കേരളത്തെ സംബന്ധിച്ചടുത്തോളം ഒരു ഇരുണ്ട ദിവസമായിരുന്നു പെട്ടന്ന് കടന്നു പോയ ഈ വെള്ളിയാഴ്ച. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിച്ച അതേദിവസം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനും തീരുമാനം ആയത് യാദൃശ്ചികമായിരുന്നെങ്കിലും രണ്ടും ജനാധിപത്യത്തിനുമേലുള്ള അതിശക്തമായ വെല്ലുവിളി ആയിരുന്നു.

മംഗളം ദിനപ്പത്രം സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ പച്ചക്ക് മാധ്യമ വ്യഭിചാരം നടത്തിയതിന്റെ അലയൊഴുക്കുകൾ ഉണ്ടാക്കിയ അപമാനം അവസാനിക്കും മുൻപായിരുന്നു ഈ രണ്ടു പ്രഖ്യാപനങ്ങളും. പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തി മുന്നേറിയ ജേക്കബ് തോമസിനെ സർക്കാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചതും ഒട്ടേറെ ആരോപണങ്ങൾക്ക് വിധേയനായ ഒരു ബിസനസ്സുകാരനെ മന്ത്രിയാക്കിയതും കേരളീയ സമൂഹം നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.

തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചയേക്കാൾ പ്രധാനം ജേക്കബ് തോമസിന്റെ പുറത്താക്കൽ ആയതിനാൽ അതേക്കുറിച്ച് ആദ്യം ചർച്ച ചെയ്യാം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ കൊണ്ട് കോടതി നിയമവിരുദ്ധം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ നിർബന്ധിതമായി നടപടി എടുപ്പിക്കുക ആയിരുന്നു.

ജേക്കബ് തോമസിനെതിരെ ഉയർന്ന ഏതെങ്കിലും ഒരു ആരോപണത്തിന്റെ പേരിൽ കേസെടുത്തതു കൊണ്ടോ അതിൽ കുറ്റക്കാരൻ ആണ് എന്നു സംശയിക്കാവുന്ന സാഹചര്യം ഉണ്ട് എന്ന് കോടതി കണ്ടെത്തിയതു കൊണ്ടോ അല്ല ഈ തീരുമാനം ഉണ്ടായത്. ഒരു ഉദ്യോഗസ്ഥമനെ മാറ്റാനുള്ള സർക്കാരിന്റെ വിവേചന അധികാരവും ഇവിടെ ഉണ്ടായില്ല. നേരെ മറിച്ചു ഹൈക്കോടതിയിലെ ഒരു ജഡ്ജി അദ്ദേഹത്തിനെന്തോ വ്യക്തിപരമായ താൽപ്പര്യം ഉണ്ട് എന്നു തോന്നിക്കുന്ന തരത്തിൽ നടത്തിയ ഇടപെടൽ ആയിരുന്നു ഇതിനു കാരണം.

കേരളത്തിലെ വിജിലൻസ് കേസുകളെ സംബന്ധിക്കുന്ന അപ്പീലുകൾ എല്ലാം പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചാണ് നിരന്തരമായി ജേക്കബ് തോമസിനെതിരെ അവസാനമായ പരാമർശങ്ങൾ നടത്തിയത്. ഒരു പരാതി ലഭിച്ചാൽ അതിൽ പ്രാഥമിക അന്വേഷണം നടത്തി തള്ളിക്കളയാനുള്ള അധികാരം വിജിലൻസിനുണ്ട്.

അല്ലെങ്കിൽ എഫ്ഐആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്യാം. രണ്ടു സംഭവിച്ചാലും അപ്പീലുമായി ഹൈക്കോടതിയിൽ പോകാൻ കുറ്റാരോപിതനോ പരാതിക്കാരനോ പറ്റും. രണ്ടു സാഹചര്യത്തിലും വിജിലൻസിന്റെ പ്രവ്ൃത്തി ശരിയല്ല എന്നു പറയുന്ന ഒരു പ്രത്യേക രീതിയാണ് കുറച്ചു നാളായി ഈ ബെഞ്ചിൽ നിന്നും ഉണ്ടായത്. കേസ് എടുത്തില്ലെങ്കിൽ എന്തുകൊണ്ട് എഫ്ഐആർ ഇട്ടു കേസെടുത്തില്ല എന്നു ചോദിച്ചും കേസ് എടുത്താൽ എന്തുകൊണ്ട് കേസ് എടുത്തു എന്ന ചോദിച്ചും ശകാരിക്കുന്ന വിചിത്ര കാഴ്ചയാണ് നമ്മൾ കണ്ടത്.

[BLURB#1-VL]ശങ്കർ റെഡ്ഡിയുടെ നിയമനം കെ എം മാണിയുടെയും ബാബുവിന്റെയും ബാർ കോഴ, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ കേസുകളുടെയും അപ്പീൽ പരിഗണിക്കുമ്പോൾ എല്ലാം കോടതി അകാരണമായി വിജിലൻസ് ഡയറക്ടറെ ശകാരിച്ചു. ഇവിടെ വിജിലൻസ് രാജ് ആണ് എന്നൊക്കെ പറഞ്ഞായിരുന്നു ആ ശകാരം. കോടതിയുടെ ഈ പരാമർശങ്ങൾക്കൊപ്പം വ്യാജ അഴിമതി വാർത്തകൾ എഴുതി ജേക്കബ് തോമസിനെ കേരളത്തിലെ പത്രങ്ങളും അപമാനിച്ചു കൊണ്ടിരുന്നു. എന്നിട്ടും ധീരതയോടെ ആ കസേര കണ്ട് ആരും പനിക്കേണ്ട എന്ന ഉറച്ച നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. അത്രയും ആയപ്പോൾ എന്തുകൊണ്ട് ജേക്കബ് തോമസിനെ മാറ്റുന്നില്ല എന്നായി ജഡ്ജിയുടെ ചോദ്യം.

ഈ ചോദ്യത്തിന് മുൻപിൽ പിണറായി സർക്കാരിന്റെ ധീരതയ്ക്ക് അന്ത്യം ആവുക ആയിരുന്നു. പിണറായിക്കെതിരെയുള്ള അതിനിർണ്ണായകമായ ഒരു കേസ് ഇതേ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ ഇരിക്കവെ കോടതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ജേക്കബ് തോമസിനെ സംരക്ഷിക്കേണ്ട ബാധ്യത ഇല്ല എന്നു തീരുമാനിച്ചാൽ അതിനു പിണറായിയെ കുറ്റം പറയാൻ കഴിയില്ല.

ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭേദമന്യേ നേതാക്കളും സ്വന്തം പാർട്ടിക്കാർ പോലും ജേക്കബ് തോമസിനെതിരെ എതിർപ്പുമായി രംഗത്തു വന്നിട്ടും ഉറച്ച പിന്തുണ കൊടുത്ത മുഖ്യമന്ത്രിക്ക് മറ്റു വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ജേക്കബ് തോമസിന്റെ സ്ഥാനചലനം ഉണ്ടാവുന്നത്.

ഇവിടെ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടൽ നിയമപരമോ ധാർമ്മികമോ ആയി ശരിയാണ് എന്നു തോന്നാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അത് വിശദീകരിക്കേണ്ട കാര്യമുണ്ട്. എല്ലാ കേസുകളും വിജിലൻസ് ഡയറക്ടർ നേരിട്ടല്ല ചെയ്യുന്നത്. എല്ലാം ചെയ്യാൻ ചില ചട്ടങ്ങൾ സർക്കാർ രൂപം നൽകിയിട്ടുണ്ട്. ആ ചട്ടങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എടുത്ത തീരമാനം നടപടി ക്രമങ്ങൾ തെറ്റിച്ചാണെങ്കിൽ പോലും നടപടി എടുക്കേണ്ടത് ആ ഉദ്യോഗസ്ഥനെതിരെയാണ്. എന്നാൽ അത്തരം ഒരു നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടാതെ കോടതി എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്വം വിജിലൻസ് ഡയറക്ടറുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കുക ആയിരുന്നു.

[BLURB#2-VR]ശ്രീ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ടായിരുന്നു നടപടി ക്രമങ്ങൾ എടുത്തത്. അതൊന്നും പക്ഷെ കോടതി പരിഗണിച്ചതേയില്ല. ജേക്കബിനെതിരെ ചിലർ നൽകിയ വ്യാജ പരാതികൾ എല്ലാം വിജിലൻസ് കോടതികൾ നിഷ്‌കരുണം തള്ളിക്കളഞ്ഞിരുന്നു. അത്തരം ഒരു കേസും ഹൈക്കോടതിയുടെ പരിഗണനയിൽ പോലും ഉണ്ടായിരുന്നുമില്ല. എന്നിട്ടും വിധിയുടെ ഭാഗമല്ലാത്ത പരാമർശങ്ങൾ നടത്തി വിജിലൻസ് ഡയറക്ടറെ നിരന്തരം പൊതു സമൂഹത്തിൽ മോശക്കാരനാക്കാൻ ശ്രമിച്ചത് കോടതികൾ വിമർശനങ്ങൾക്ക് അതീതമായിരിക്കാം എന്ന പാഴ് സങ്കൽപ്പം കൊണ്ടാണ്. കോടതിയെ വിമർശിച്ചാൽ കോടതി അലക്ഷ്യ നടപടി എടുക്കും എന്ന തോന്നലാവാം ഇങ്ങനെയൊക്കെ പെരുമാറാൻ പഠിപ്പിച്ചത്.

സാധാരണക്കാരന്റെ വശത്തു നിന്നുകൊണ്ട് ചിന്തിച്ചതുകൊണ്ടാണ് ഞങ്ങൾ ചോദ്യങ്ങൾ ഉയർത്തിയത്. അതു ബഹുമാനപ്പെട്ട നീതിപീഠത്തോടുള്ള വെല്ലുവിളിയോ നീതിപീഠത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതോ അല്ല. നീതിപീഠങ്ങൾ പാവങ്ങളുടെ അവസാന അഭയമായി എന്നും നിലനിൽക്കണം എന്നു ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അവർ തന്നെ സംശയങ്ങൾക്ക് ഇടം നൽകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചില്ലറയല്ല.

കോടതി കൈകാര്യം ചെയ്യുന്ന കേസിന്റെയും വിധിയുടെയും ഭാഗമല്ലാതെ പരാമർശങ്ങൾ നടത്തുന്നത് തന്നെ ഉചിതമല്ല. അത്തരം പരാമർശങ്ങൾ വഴി രാഷ്ട്രീയ തീമുമാനം എടുപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നത് നീതിപീഠത്തിന്റെ വിശ്വാസത്തെയാണ് ബാധിക്കുന്നത്. എന്തടിസ്ഥാനത്തിൽ ആണെങ്കിലും എന്തെങ്കിലും അഴിമതിയോ സ്വജനപക്ഷപാതമോ ക്രിമിനൽ കുറ്റമോ ചെയ്തു എന്നു തെളിയും മുൻപ് ഒരു ഉദ്യോഗസ്ഥനെ മാറ്റണം എന്ന നിലപാട് കോടതി എടുത്തത് അങ്ങേയറ്റം അപമാനകരമായി പോയി എന്നു പറയാതെ വയ്യ.

മാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട സംവിധാനമായാണ് വിജിലന്റായിരിക്കുന്ന വിജിലൻസ്. കേന്ദ്ര നിയമപ്രകാരം സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇതിന് അധികാരം ഉണ്ട്. പൊലീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു കടലാസ് സംഘടന എന്നതിനപ്പുറം പക്ഷെ നമ്മുടെ ഭരണകാര്യത്തിൽ വിജിലൻസിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല. അത്തരം ഒരു വിജിലൻസിന്റെ ചുമതല ജേക്കബ് തോമസിനെപ്പോലെ ഒരു റിബൽ ഉദ്യോഗസ്ഥന് നൽകിയ പിണറായിയുടെ തീരുമാനം ഉചിതമായിരുന്നു. ആ ജോലി ഭംഗിയായി തന്നെ തുടങ്ങാൻ ജേക്കബിന് സാധിച്ചു.

[BLURB#3-VL]വിജിലൻസ് എന്ന ആശയം സാധാരണക്കാരന്റെ മനസ്സിലേക്ക് കയറ്റാൻ സാധിച്ചതുകൊണ്ടാണ് ജേക്കബിന്റെ കാലത്ത് നിരന്തരമായി പരാതികൾ ഉണ്ടായത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രമല്ല ഭരണപക്ഷത്തുള്ളവർക്കെതിരെ പരാതി വന്നപ്പോഴും മുഖം നോക്കാതെ വിജിലൻസ് അന്വേഷണം നടത്തി. കേസ് എടുക്കാൻ സാധിക്കുന്നിടത്തൊക്കെ കേസ് എടുത്തു. എന്നാൽ സർക്കാർ അതനുസരിച്ചുള്ള സൗകര്യങ്ങളോ ഉദ്യോഗസ്ഥരെയോ നൽകിയില്ല. വെറും 130 പേർ വച്ചു 30, 000 പരാതികൾ കൈകാര്യം ചെയ്യേണ്ടി വരിക ഒട്ടും പ്രായോഗികമല്ല എന്നു ആർക്കാണറിയാത്തത്. കൂടുതൽ ഉദ്യോഗസ്ഥരെ നൽകുകയും അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്.

ഉള്ള ഉദ്യോഗസ്ഥരിൽ പലരെയും വിജിലൻസ് ഡയറക്ടറോട് ചോദിക്കുക പോലും ചെയ്യാതെ സ്ഥലം മാറ്റുക പതിവായിരുന്നു. ഒരു അന്വേഷണത്തിന്റെ ഇടക്ക് വച്ചായിരിക്കും ഈ സ്ഥലംമാറ്റം ഉണ്ടാവുക. അതോടെ ആ അന്വേഷണം അവിടെ നിൽക്കുന്നു. എന്നു മാത്രമല്ല ഈ 130 പേരിൽ പകുതിയോളം പേർ എന്നും കോടതികളിൽ ആയിരിക്കും. കേസ് എടുത്താൽ എന്തിന് എടുത്തു എന്നു ചോദിക്കാനും, കേസ് തള്ളിക്കളഞ്ഞാൽ എന്തിനു തള്ളി എന്നു ചോദിക്കാനും ആയിരിക്കും കോടതി വിളിച്ചു വരുത്തുന്നത്. പല കോടതികൾക്കും ഉദ്യോഗസ്ഥരെ വൈകുന്നേരം വരെ കോടതിയിൽ നിർത്തുന്നതിൽ പ്രത്യേക താൽപ്പര്യമാണ് എന്ന് എല്ലാവർക്കും അറിയാം. അതിനിടയിൽ വിജിലൻസ് എങ്ങനെയാണ് കേസ് എടുക്കുന്നതും അന്വേഷിക്കുന്നതും.

ഇതു മനസ്സിലാക്കാതെയാണ് പലരും പത്തു മാസമായിട്ടും ഒരു കേസിന്റെ പോലും വിചാരണ തുടങ്ങാനോ ഒരാളെ പോലും പിടിച്ചു അകത്തിടാനോ ജേക്കബിന്റെ വിജിലൻസിന് ഇതുവരെ സാധിച്ചില്ലല്ലോ എന്നു പലരും ചോദിക്കുന്നത്. ഇത്രയും ഉദ്യോഗസ്ഥരെ വച്ചു കോടതിയിൽ പോയി ക്യൂനിന്ന് ആർക്കും വിജലൻസ് നന്നാക്കാൻ പറ്റില്ല. കൃത്യമായി അന്വേഷണം നടത്തി രേഖകൾ സഹിതം അല്ലാതെ കുറ്റപത്രം സമർപ്പിച്ചാൽ കേസ് തള്ളി പോകുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ജേക്കബ് തോമസ് മോശക്കാരനാണ് എന്നു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോവാതെ വിജിലൻസ് സംവിധാനത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കേരളത്തിൽ കൊടികുത്തി വാഴുന്ന അഴിമതി ഇങ്ങനെ തന്നെ തുടരും. ഒരു സംശയവും വേണ്ട.