- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോയവർഷം മലയാളികൾ എടുത്തത് 10,000 കോടിയുടെ വിദ്യാഭ്യാസ ലോൺ; ഇന്ത്യയിലെ ആകെ വിദ്യാഭ്യാസ വായ്പയുടെ 40 ശതമാനവും കേരളത്തിലും തമിഴ്നാട്ടിലും
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും കേരളം രാജ്യത്ത് മുന്നിൽത്തന്നെ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിനൊപ്പം വരില്ലെങ്കിലും, വായ്പയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുനിൽക്കുന്നത് തമിഴ്‌നാടാണ്. രാജ്യത്തെ ആകെ വിദ്യാഭ്യാസ വായ്പയുടെ 40 ശതമാനവും വിതരണം ചെയ്തിരിക്കുന്നത് കേരള
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും കേരളം രാജ്യത്ത് മുന്നിൽത്തന്നെ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിനൊപ്പം വരില്ലെങ്കിലും, വായ്പയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുനിൽക്കുന്നത് തമിഴ്‌നാടാണ്. രാജ്യത്തെ ആകെ വിദ്യാഭ്യാസ വായ്പയുടെ 40 ശതമാനവും വിതരണം ചെയ്തിരിക്കുന്നത് കേരളത്തിലും തമിഴ്‌നാട്ടിലുമായാണ്.
തമിഴ്‌നാട്ടിലെ 9.56 ലക്ഷം വിദ്യാർത്ഥികളുടെ പേരിൽ വിദ്യാഭ്യാസ വായ്പയുണ്ട്. കേരളത്തിൽ വായ്പയെടുത്തിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം 4.03 ലക്ഷമാണ്. 16,380 കോടി രൂപയാണ് തമിഴ്‌നാട്ടിൽ വായ്പയായി വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിലെ വിദ്യാർത്ഥികൾ സ്വന്തമാക്കിയിട്ടുള്ളത് 10,487 കോടി രൂപയും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് തയ്യാറാക്കിയ കണക്കുകളാണിത്.
വിദ്യാഭ്യാസ വായ്പയ്ക്കുള്ള ഏറ്റവും കൂടുതൽ അപേക്ഷകൾ വരുന്നത് ദക്ഷിണേന്ത്യയിൽനിന്നാണെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. 54 ശതമാനം അപേക്ഷകളാണ് ദക്ഷിണേന്ത്യയിൽനിന്ന് മാത്രമായി വരുന്നത്. 2014 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്താകമാനം വിതരണം ചെയ്തിട്ടുള്ള വിദ്യാഭ്യാസ വായ്പ 70,475 കോടി രൂപയാണ്. 2000-01 കാലയളവിലാണ് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ കൊടുത്തുതുടങ്ങിയത്.
തമിഴ്‌നാടും കേരളവും വായ്പവാങ്ങിക്കൂട്ടുമ്പോൾ, രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ വായ്പ താരതമ്യേന കുറവാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർ പ്രദേശിൽ 6697 കോടി രൂപയും ബിഹാറിൽ 3053 കോടി രൂപയുമാണ് വായ്പ. മഹാരാഷ്ട്രയിൽ 4906 കോടിയും കർണാകടയിൽ 5056 കോടിയും വായ്പയെടുത്തിട്ടുണ്ട്.
വടക്കുകിഴക്കൻ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾ ചേർന്ന് കൈപ്പറ്റിയിട്ടുള്ള വായ്പ വെറും 763 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തും വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. വെറും 50,000 വിദ്യാർത്ഥികൾ മാത്രമാണ് ഇവിടെ വായ്പ നേടിയിട്ടുള്ളത്. നേടിയ തുക 1508 കോടി രൂപയും.
മനുഷ്യവിഭവശേഷി മന്ത്രാലയം തയ്യാറാക്കി നൽകിയ 1100 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കാണ് വായ്പ ലഭിക്കാൻ തടസ്സങ്ങളില്ലാത്തത്. ഈ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് വായ്പ നൽകാൻ തടസ്സമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ സാധ്യത കൂടുതലായതിനാൽ, വായ്പ നൽകാവുന്നതാണെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.
വിദ്യാഭ്യാസ വായ്പയുടെ 86.8 ശതമാനവും പൊതുമേഖലാ ബാങ്കുകളാണ് നൽകിയിട്ടുള്ളത്. ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 61,177 കോടി രൂപ പൊതുമേഖലാ ബാങ്കുകൾ നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ബാങ്കുകൾ നൽകിയിട്ടുള്ള വായ്പ 9,298 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതൽ വായ്പ നൽകിയിട്ടുള്ളത്. 15,925 കോടി രൂപ.