തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം സർക്കാർ പെരുപ്പിച്ച് കാട്ടിയെന്ന ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. നാലുവർഷത്തിനിടെ പുതുതായി 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ എത്തിയെന്ന
സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദങ്ങൾ പൊള്ളയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ,'പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു' എന്ന രൂപത്തിലുള്ള പ്രചരണങ്ങൾ ഈ ഘട്ടത്തിൽ വരുന്നത് സദുദ്ദ്യേശത്തോടെയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണെന്ന് മന്ത്രി പറഞ്ഞു.

മൊത്തം എണ്ണം നോക്കിയല്ല പുതുതായി വരുന്ന കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്നത്. ഓരോ വർഷവും താഴ്ന്ന ക്ലാസുകളിൽ നിന്നും അടുത്ത ക്ലാസുകളിലേക്ക് സ്വാഭാവികമായും പ്രൊമോട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിന് ഉപരിയായുള്ള എണ്ണമാണ് പുതിയ കുട്ടികളുടെ എണ്ണമെന്നത് ശാസ്ത്രീയമായി കണക്കാക്കുന്നത്. 2019-20ലും 2020-21 ലും കുട്ടികളുടെ എണ്ണം യഥാക്രമം 1.64 ലക്ഷമായും, 1.77ലക്ഷമായും വർദ്ധിക്കുകയും അങ്ങനെ 2017 മുതലുള്ള നാലു വർഷത്തിൽ പുതുതായി 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ എത്തുകയും ചെയ്‌തെന്ന് മന്ത്രിയുടെ കറിപ്പിൽ പറയുന്നു. വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നവർ പൊതുവിദ്യാഭ്യാസ മേഖല നന്നായി മുന്നോട്ടു പോവുന്നതിൽ നിരാശയുള്ളവരാണ് എന്നുവേണം കരുതാനെന്നും അടുത്ത ജൂണിൽപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അഞ്ചാം വർഷത്തിൽ ഗ്രാഫ് ഇനിയുമുയരുമെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.

മന്ത്രി സി.രവീന്ദ്രനാഥിന്റെ കുറിപ്പ് ഇങ്ങനെ:

പൊതുവിദ്യാലയങ്ങളും നാല് വർഷത്തിൽ പുതുതായി ചേർന്ന 6.8 ലക്ഷം വിദ്യാർത്ഥികളും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണർവ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റൽ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകൾ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, 'പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു' എന്ന രൂപത്തിലുള്ള പ്രചരണങ്ങൾ ഈ ഘട്ടത്തിൽ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ?

പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്; അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവർഷം പിന്നിട്ടതുമുതൽ. ഇതിനുള്ള ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിനാണ്. ഇവർ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന കണക്കാണ് സർക്കാർ പരിഗണിക്കുന്നത്. 1990-1991 മുതൽ 2019-20 വരെയുള്ള 30 വർഷങ്ങളിൽ കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാർട്ട് ഒറ്റനോട്ടത്തിൽ പരിശോധിച്ചാൽ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാൻ തുടങ്ങുന്നതെന്ന് വളരെ വ്യക്തമായി കാണാൻ കഴിയും.

2017 ജൂൺ 9-ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ആ വർഷം ഒന്നാം ക്ലാസിൽ മാത്രം 12198 വിദ്യാർത്ഥികൾ വർദ്ധിച്ചെന്നും രണ്ടു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ 1.45 ലക്ഷം പുതിയ വിദ്യാർത്ഥികൾ എത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (പിന്നീട് ഈ വർദ്ധനവ് 1.57 ലക്ഷമായി പുതുക്കിയിട്ടുണ്ട്.) തൊട്ട് മുമ്പുള്ള വർഷം ഒന്നാം ക്ലാസിൽ 4512 കുട്ടികൾ കുറഞ്ഞതു കൂടി പരിഗണിച്ചാൽ ആ വർഷം ഒന്നാം ക്ലാസിൽ മാത്രം 16710 കുട്ടികളുടെ വർദ്ധന കാണാവുന്നതാണ് എന്നും വ്യക്തമാക്കിയതാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് ആദ്യമായാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടാകുന്നതെന്നും 2017 ജൂണിൽ കൃത്യമായി വിശദീകരിച്ചതാണ്.

തൊട്ടടുത്ത വർഷം ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂർത്തിയായ റിപ്പോർട്ട് 2018 ജൂൺ 22-ന് പ്രസിദ്ധീകരിച്ചപ്പോൾ ആ വർഷം രണ്ട് മുതൽ ഒൻപതു വരെ ക്ലാസുകളിൽ പുതുതായി 1.86 ലക്ഷം കുട്ടികൾ എത്തിയതായും ഒന്നാം ക്ലാസിൽ മാത്രം 10,078 കുട്ടികൾ വർദ്ധിച്ചതായും വ്യക്തമാക്കിയതാണ്. അതായത് ഈ രണ്ടു വർഷങ്ങളിലായി 3.3 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019-20ലും 2020-21 ലും ഇത് യഥാക്രമം 1.64 ലക്ഷമായും, 1.77ലക്ഷമായും വർദ്ധിക്കുകയും അങ്ങനെ 2017 മുതലുള്ള നാലു വർഷത്തിൽ പുതുതായി 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ എത്തുകയാണുണ്ടായത്.

മൊത്തം കുട്ടികളുടെ എണ്ണം (1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന) 2015-16 ൽ രേഖപ്പെടുത്തിയ കുറവും അതിനു മുമ്പുള്ള പ്രവണതയും നോക്കുമ്പോൾ ചുരുങ്ങിയത് ഒരു ലക്ഷം കുട്ടികളുടെ കുറവ് 2016-17 ൽ രേഖപ്പെടുത്തേണ്ടിടത്ത് ആ വർഷം 20837 മാത്രമേ ഉള്ളൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017 ജൂണിലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 2018-19-ൽ കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിനിടയിൽ ആദ്യമായി മൊത്തം കുട്ടികളുടെ എണ്ണത്തിലും 32349 ന്റെ വർദ്ധനവ് രേഖപ്പെടുത്തുകയുണ്ടായി. പിന്നീട് 2019-20, 2020-21 വർഷങ്ങളിലും മൊത്തം കുട്ടികളുടെ എണ്ണത്തിലും യഥാക്രമം 27183 ഉം 50556 ഉം വർദ്ധന രേഖപ്പെടുത്തിയത്.

സർക്കാർ-എയിഡഡ് മേഖലയിൽ ഓരോ വർഷവും ശരാശരി 4 ലക്ഷം കുട്ടികൾ പത്താം ക്ലാസിൽ നിന്ന് വിടുതൽ ചെയ്യുകയും അടുത്ത വർഷം 2.50 ലക്ഷം കുട്ടികൾ മാത്രം ഒന്നാം ക്ലാസിൽ പ്രവേശനം നേടുകയും ചെയ്യുന്ന സാഹചര്യത്തിൽ മൊത്തം എണ്ണം നോക്കിയല്ല പുതുതായി വരുന്ന കുട്ടികളുടെ എണ്ണം നിശ്ചയിക്കേണ്ടത് എന്നും പകരം ഓരോ വർഷവും താഴ്ന്ന ക്ലാസുകളിൽ നിന്നും അടുത്ത ക്ലാസുകളിലേക്ക് സ്വാഭാവികമായും പ്രൊമോട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിന് ഉപരിയായുള്ള എണ്ണമാണ് പുതിയ കുട്ടികളുടെ എണ്ണമെന്നത് ശാസ്ത്രീയമായി ഇക്കാര്യങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ട സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ചപോലെ എല്ലാ വർഷവും ഒന്നാം ക്ലാസും പത്താം ക്ലാസും തമ്മിൽ ശരാശരി 1.5 ലക്ഷം കുട്ടികളുടെ വ്യത്യാസമുണ്ടെന്നിരിക്കെ അടുത്ത വർഷം ഈ 1.5 ലക്ഷത്തിനപ്പുറം പുതുതായി കുട്ടികൾ വന്നാലേ (അതായത് 1,50,001 കുട്ടികൾ പുതുതായി ചേർന്നാലേ 1 കുട്ടിയുടെ വർദ്ധന മൊത്തം എണ്ണത്തിൽ അടുത്ത വർഷം ഉണ്ടാകൂ) വർദ്ധന ഉണ്ടാവൂ എന്നിരിക്കെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ആവിഷ്‌കരിച്ചതും കഴിഞ്ഞ നാലു വർഷമായി മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിച്ചതുമായ പുതിയ കുട്ടികളുടെ എണ്ണം കണക്കാക്കുന്ന രീതി ഇപ്പോൾ സംശയ നിഴലിലാക്കുന്നത് വസ്തുതകൾ അറിയാതെ ആകാനിടയില്ല. അതായത് മുൻവർഷം ഒരു ക്ലാസിൽ പഠിച്ച കുട്ടിക്കും അവർ ക്ലാസ് കയറ്റം ലഭിച്ച് അടുത്ത ക്ലാസിൽ എത്തുമ്പോൾ പ്രസ്തുത ക്ലാസിൽ എത്ര കുട്ടികൾ പഠിക്കുന്നു എന്ന് താരതമ്യം ചെയ്താണ് ഓരോ ഘട്ടത്തിലും എത്ര കുട്ടികൾ കൂടുതലായി എത്തുന്നത് എന്ന് കണക്കാക്കുന്നത്. ഇതാണ് ശാസ്ത്രീയമായ രീതി. ഇതനുസരിച്ച് കുട്ടികൾ ഓരോ വർഷവും ഓരോ ക്ലാസിലും എത്രമാത്രം എത്തുന്ന എന്ന കണക്ക് എല്ലാ വർഷവും പൊതുവിദ്യാഭ്യാസ ഡയറക്ടർ പരസ്യപ്പെടുത്തുന്നുണ്ട്. ഇതിനെ മൊത്തം കുട്ടികളും എണ്ണം എന്നല്ല, പുതുതായി വന്ന കുട്ടികളുടെ എണ്ണം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പുതിയ കുട്ടികളുടെ എണ്ണം നാലു വർഷം കൊണ്ട് 6.8 ലക്ഷമായി എന്നത് മാത്രമല്ല ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവ് (ഒരു വർഷം ഒഴികെ) കഴിഞ്ഞ നാലു വർഷത്തിനിടയിലുണ്ടായി. യഥാർത്ഥത്തിൽ കേരളത്തിന്റെ ജനന നിരക്ക് നോക്കുമ്പോൾ ഒന്നാം ക്ലാസിൽ ഓരോ വർഷവും കുട്ടികൾ കുറവാണ് രേഖപ്പെടുത്തേണ്ടത്. അതോടൊപ്പം 2018-19 മുതൽ ഇരുപത്തഞ്ചു വർഷത്തിനുശേഷം മൊത്തം കുട്ടികളുടെ എണ്ണത്തിലും സ്ഥിരമായ വർദ്ധന ഉണ്ടായി എന്നതും വ്യക്തമായി കാണാനാകുന്നതാണ്.

2017 ജൂൺ മുതൽ കഴിഞ്ഞ നാലു വർഷവും വളരെ കൃത്യമായി പ്രസിദ്ധീകരിക്കുകയും മുഴുവൻ സ്‌കൂളിലേയും ഓരോ ക്ലാസിലെയും ആൺ-പെൺ വിഭാഗം തിരിച്ച് കുട്ടികളുടെ കണക്കുകൾ സമേതം വെബ്‌സൈറ്റിൽ പൊതുജനങ്ങൾക്ക് സ്ഥിരമായി ലഭ്യമാക്കി വരികയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഇക്കാര്യത്തിൽ വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നവർ പൊതുവിദ്യാഭ്യാസ മേഖല നന്നായി മുന്നോട്ടു പോവുന്നതിൽ നിരാശയുള്ളവരാണ് എന്നുവേണം കരുതാൻ.

മലയാള മനോരമയിൽ ഇന്ന് പ്രസിദ്ധീകരിച്ച കണക്കിൽ 2015-16 ൽ 33.67 ലക്ഷം ആയിരുന്നത് 2019-20-ൽ 33.27 ലക്ഷമായി കുറഞ്ഞു എന്ന വിചിത്രവാദം നിരത്തിയിരിക്കുകയാണ്. ഇനി ഈ കണക്ക് നോക്കിയാൽ പോലും സർക്കാർ അടിസ്ഥാനമാക്കിയെടുത്ത 2016-17-ലെ 32,89811 എന്ന മൊത്തം കുട്ടികളിൽ നിന്നും (2017-18: 32,67506, 2018-19: 32,99855, 2019-20: 33,27038 എന്നിങ്ങനെ) 2020-21-ലെ 33,77594 എന്ന എണ്ണത്തിലേക്ക് മൊത്തം എണ്ണംതന്നെ (പുതുതായി വന്ന കുട്ടികളുടെയല്ല) വളരുമ്പോൾ അത് കുറവാണോ കൂടുതലാണോ എന്ന് വിശകലനം ചെയ്യാൻ പൊതുവിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരനുപോലും കഴിയും എന്നാണ് സർക്കാരിന്റെ ഉറപ്പ്.

2018, 2019 ജൂലൈ മാസങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയിൽ പ്രസിദ്ധീകരിച്ച സ്റ്റാറ്റിക്‌സ് വിഭാഗം ജോയിന്റ് ഡയറക്ടറുടെ ലേഖനങ്ങൾ (മൂന്ന് വർഷം കൊണ്ട് 5.04 ലക്ഷം കുട്ടികൾ പുതുതായി വന്നതിന്റെ കണക്കുകൾ) https://education.kerala.gov.in/downloads/ ലിങ്കിലുണ്ട്. ഈ ലേഖനങ്ങളിൽ കാര്യങ്ങൾ സുവ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം 2020-21-ലെ പുതിയ കണക്കുകൾ വിശദമായി sametham.kite.kerala.gov.in പോർട്ടലിലും ലഭ്യമാണ്.

എല്ലാ ദുഷ്പ്രചരണങ്ങളേയും അവഗണിച്ച് പൊതുവിദ്യാഭ്യാസ രംഗം ഇനിയും കൂടുതൽ ശക്തിയോടെ കുതിക്കുമെന്നും അടുത്ത ജൂണിൽ, അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അഞ്ചാം വർഷത്തിൽ ഗ്രാഫ് ഇനിയുമുയരുമെന്നും ഈ മേഖലയെ സ്‌നേഹിക്കുന്ന എല്ലാവർക്കും ഉറപ്പുണ്ട്.

ഇത്തരം കണക്കുകൾ നോക്കാതെ തന്നെ സ്വന്തം നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലെ മാറ്റം പരിശോധിച്ചാൽ കുട്ടികളെ എണ്ണത്തിലെ വർദ്ധനവ് മനസ്സിലാക്കാം. വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുത്.

സേവ് എഡ്യുക്കേഷൻ കമ്മിറ്റിയുടെ മറുപടി

പൊതു വിദ്യാലയങ്ങളിലെകുട്ടികളുടെ എണ്ണത്തെ പെരിപ്പിച്ചു കാണിച്ച സർക്കാർ കള്ളം പുറത്തായപ്പോൾ അവധി ദിവസമായ ശനിയാഴ്ച വീണ്ടും വ്യാജ നിർമ്മിത കണക്കുകൾ 'സമേതം' പോർട്ടലിൽ അപ്ലോഡ് ചെയ്തു കബളിപ്പിക്കാനാണു വിദ്യാഭ്യാസ മന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്ന് സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ പറഞ്ഞു.

പക്ഷേ, ആ കണക്കുകളിലും 6.8 ലക്ഷം വിദ്യാർത്ഥികൾ വർധിച്ചു എന്ന് സമർഥിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല. ഇപ്പോൾ അപ്ലോഡ് ചെയ്ത കണക്കു പ്രകാരം 2015 -16 വർഷത്തെ അപേക്ഷിച്ചു 2020-21ൽ 9862 വിദ്യാർത്ഥികൾ മാത്രമേ കൂടിയിട്ടുള്ളൂ. 2019-20 വർഷത്തെ താരതമ്യം ചെയ്താലും 50556പേർ മാത്രമേ വർധിക്കുന്നുള്ളൂ. ഒരു കള്ളം മറയ്ക്കാൻ നൂറു കള്ളം വേറെ പറയേണ്ടിവരും എന്ന പഴംചൊല്ല് വിദ്യാഭ്യാസ മന്ത്രി ഒരിക്കൽ കൂടി അന്വർഥമാക്കിയിരിക്കുന്നുവെന്നുംഷാജർഖാൻ വാർത്താക്കുറിപ്പിൽ പറയുന്നു.