കോൺസർവേറ്റീവ് പാർട്ടിക്കാരനും ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രിയുമായിരുന്ന സർ എഡ്വാർഡ് ഹീത്ത് ഒരു ബാലപീഡകനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി വിൽറ്റ്സ്ഷെയർ പൊലീസ് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട കേസന്വേഷിച്ചതിന്റെ വെളിച്ചത്തിലാണ് അവർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എഡ്വാർഡ് പീഡിപ്പിച്ചുവെന്ന പരാതിയുമായി 30 പേർ രംഗത്തെത്തിയിട്ടുണ്ടെന്നു അവരുടെ ആരോപണങ്ങൾ വിശ്വസനീയാണെന്നും വിൽറ്റ്സ്ഷെയർ ചീഫ് കോൺസ്റ്റബിളായ മൈക്ക് വീലെ സാക്ഷ്യപ്പെടുത്തുന്നു.അദ്ദേഹമാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് നേതൃത്വം കൊടുത്തിരുന്നത്. 1970 ജൂൺ 19 മുതൽ 1974 മാർച്ച് 4 വരെയുള്ള നാല് വർഷക്കാലമായിരുന്നു എഡ്വാർഡ് പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. ഈ 30 പേർക്കും പരസ്പരം അറിയില്ലെങ്കിലും എഡ്വാർഡിൽ നിന്നും സമാനമായ ദുരനുഭവമാണുണ്ടായിരിക്കുന്നതെന്ന് ഇവരെല്ലാം പൊലീസിനെ ബോധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ എഡ്വാർഡ് ചെയ്ത് കൂട്ടിയ പീഡനപരമ്പര വർഷങ്ങൾക്ക് മുമ്പ് തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സ്വാധീന ശക്തിയാൽ അവയെല്ലാം തേച്ച് മാച്ച് കളയുകയായിരുന്നുവെന്നും വീലെ വെളിപ്പെടുത്തുന്നു. എഡ്വാർഡിനെതിരായുള്ള ഓപ്പറേഷൻ കോണിഫർ എന്ന പേരിലുള്ള അന്വേഷണം 2015ൽ ആയിരുന്നു ആരംഭിച്ചിരുന്നത്. ജിമ്മി സാവിലെ ആരോപണത്തെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചിരുന്നത്. എന്നാൽ ഈ അന്വേഷണം കഴിഞ്ഞ വർഷം വിവിധ തുറകളിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് താൽക്കാലികമായി നിർത്താൻ വീലെ നിർബന്ധിതനായിരുന്നു. മുൻ ഹോം സെക്രട്ടറി ലോർഡ് ബ്രിട്ടൻ, മുൻ ഡിഫെൻസ് ചീഫ് ലോർഡ് ബ്രാമാൾ എന്നിവർ ഉൾപ്പെട്ട വെസ്റ്റ്മിൻസ്റ്ററിലെ ഒരു പെഡോഫയൽ റിങ് എഡ്വാർഡിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഇത്.

എഡ്വാർഡ് സാത്താനിക് ആഘോഷങ്ങളിൽ ഇഴുകിച്ചേർന്നിരുന്നുവെന്ന ആരോപണങ്ങൾ ഇവർ നിഷേധിച്ചിരുന്നു. അതിനാൽ ഈ കേസ് വീണ്ടും പുനരവലോകനം ചെയ്യണമെന്നുമായിരുന്നു സമ്മർദമുണ്ടായത്. എന്നാൽ ഈ പീഡനആരോപണങ്ങൾ തീർത്തും വിശ്വസനീയമാണെന്ന് തന്നെയാണ് വീലെ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്. മുൻ പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് വന്നവർക്ക് അദ്ദേഹത്തെ പറ്റി ഏതാണ്ട് ഒരേ പോലുള്ള പരാതികളായിരുന്നു ഉന്നയിക്കാനുണ്ടായിരുന്നതെന്നും ഒരേ സ്ഥലങ്ങിൽ വച്ച് ഒരേ പോലുള്ള സംഭവങ്ങളിലായിരുന്നു ഇവർ എഡ്വാർഡിനാൽ പീഡിപ്പിക്കപ്പെട്ടിരുന്നതെന്നും എന്നാൽ ഇരകൾക്ക് പരസ്പരം അറിയില്ലായിരുന്നുവെന്നും വീലെ വിവരിക്കുന്നു. എഡ്വാർഡിനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കൾ തള്ളിക്കളഞ്ഞതിന് ശേഷമാണ് ഞെട്ടിക്കുന്ന ഈ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

വേശ്യാലയം സൂക്ഷിപ്പുകാരിയായ മാഡം ലിങ്-ലിംഗുമായി എഡ്വാർഡിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം ഉയർന്ന് വന്നിട്ടുണ്ട്. ഇവർ അദ്ദേഹത്തിന്റെ ചെറു ബോട്ടിലെ യാത്രകൾക്കായി ചെറിയ ആൺകുട്ടികളെ എത്തിച്ച് കൊടുത്തിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. 1960ൽ തനിക്ക് 12 വയസായിരുന്നപ്പോൾ എഡ്വാർഡ് കാറിൽ കയറ്റി കൊണ്ട് പോയി മെയ്‌ഫെയർ ഫ്ലാറ്റിൽ വച്ച് പീഡിപ്പിക്കാറുണ്ടെന്ന ആരോപണവുമായി മറ്റൊരാളും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരം ചില ആരോപണങ്ങൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഹീത്തിനെതിരായ ആരോപണങ്ങളെ നിഷേധിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

ഇക്കൂട്ടത്തിൽ പ്രധാനിയാണ് മുൻ കാബിനറ്റ് സെക്രട്ടറിയായിരുന്ന ലോർഡ് ആംസ്ട്രോംഗ്. എഡ്വാർഡിന് കാർ ഡ്രൈവ് ചെയ്യാനറിയില്ലെന്നും അതിനാൽ ഇത്തരം ആരോപണങ്ങൾ വ്യാജമാണെന്നുമായിരുന്നു അദ്ദേഹം ന്യായീകരിച്ചിരുന്നത്. എഡ്വാർഡിനൊപ്പം 1970 മുതൽ അദ്ദേഹം മരിക്കുന്നത് വരെ ഒരു പൊലീസുകാരൻ കാറോടിക്കാനുണ്ടായിരുന്നുവെന്നും ആംസ്ട്രോംഗ് വാദിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നും എഡ്വാർഡ് നന്നായി ഡ്രൈവ് ചെയ്യുമെന്നും സാക്ഷ്യപ്പെടുത്തി കഴിഞ്ഞ രാത്രി ഒരു സുഹൃത്ത് രംഗത്തെത്തിയിട്ടുണ്ട്. 1975ൽ എഡ്വാർഡ് ഒരു കാർ വാങ്ങിയിരുന്നുവെന്നും ഓടിച്ചിരുന്നുവെന്നും ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. ഇതു സംബന്ധിച്ച തെളിവായുള്ള ഫോട്ടോ പുറത്ത് വരുകയും അദ്ദേഹത്തിന് ഡ്രൈവംഗ് ലൈസൻസുണ്ടെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.