പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനായുള്ള ( ആർ ബാബു-23) രക്ഷാപ്രവർത്തനം തുടരുന്നു. അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. തൃശൂരിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി.
രക്ഷാപ്രവർത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റർ നിരീക്ഷണത്തിനു ശേഷം തൽക്കാലം മടങ്ങി. ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിൽ എത്താൻ ബുദ്ധിമുട്ടാണെന്നാണ് വിവരം.

യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളായി ബാബു മലയിടുക്കിൽ കഴിയുകയാണ്. നിലവിൽ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണു നടത്തുന്നത്. കോസ്റ്റ് ഗാർഡും എൻഡിആർഎഫ് സംഘവുമാണ് രക്ഷാദൗത്യത്തിൽ ഉള്ളത്. കോഴിക്കോട്ടു നിന്നും പർവ്വതാരോഹക സംഘം ഉടൻ മലമ്പുഴയിൽ എത്തും

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേർന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാൽ കുട്ടികൾ രണ്ടുപേരും പകുതിയെത്തിയപ്പോൾ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളിൽനിന്ന് കാൽ തെന്നിവീണ ബാബു പാറക്കെട്ടിനിടയിൽ കുടുങ്ങുകയായിരുന്നു.

താഴെയുള്ളവരെ ബാബു ഫോണിൽ വിവരമറിയിച്ചു. ചിലർ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവർ തിരിച്ചുപോന്നു. അപ്പോൾ ബാബു തന്നെ അപകടത്തിൽപ്പെട്ട വിവരം തന്റെ ഫോണിൽനിന്ന് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

കുട്ടികൾ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവർത്തകർ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി. എന്നാൽ, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാൻ സാധിച്ചിട്ടില്ല. മൊബൈൽ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.
രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ദുർഘടമായതിനാൽ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴിൽ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനിൽക്കുകയാണ്.

ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തകർ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. കാലുകളിൽ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കിൽ കഴിയുകയാണ്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.

ഉച്ച വരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകൾക്ക് ബാബുവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ആളുകൾക്ക് സിഗ്‌നൽ കൊടുത്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലർ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകൾ പിന്നിട്ടതിനാൽ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.ഫോണിന്റെ ചാർജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു. ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല.