കൊല്ലം: ബിനോയ് കോടിയേരിക്കെതിരായ പണംതട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ തീവ്ര ശ്രമം തുടരുന്നതിനിടെ ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ പണം തട്ടിപ്പ് കേസും ഒത്തുതീർക്കാൻ ശ്രമം ഊർജിതമായി. പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്നും കേസിൽ ഒത്തുതീർപ്പുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരൻ രാഹുൽ കൃഷ്ണയുടെ അഭിഭാഷകൻ മാവേലിക്കര കോടതിയെ അറിയിച്ചു.

ജാസ് ടൂറിസത്തിന്റെ പാർട്ണറായ രാഹുൽ കൃഷ്ണയിൽനിന്ന് 2013 മുതൽ നാലു തവണയായി ശ്രീജിത്ത് 10 കോടി രൂപ വാങ്ങിയെന്നും വണ്ടിച്ചെക്ക് നൽകി പറ്റിച്ചെന്നുമാണ് കേസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പിനോടൊപ്പമാണ് എംഎൽഎ വിജയൻ പിള്ളയുടെ മകനെതിരെയും പരാതി വന്നത്.

രാഹുൽ കൃഷ്ണയിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനായതിനാൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നുമാണ് ശ്രീജിത്ത് പരാതിയോട് നേരത്തേ പ്രതികരിച്ചിരുന്നത്.

ശ്രീജിത്ത് വാങ്ങിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് 17ൽ അധികം തവണ വിജയൻ പിള്ളയെ എംഎൽഎ കണ്ടെന്നാണ് രാഹുൽ കൃഷ്ണ നേരത്തെ വെളിപ്പെടുത്തിയത്. എന്നാൽ അദ്ദേഹത്തിൽ നിന്നും അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല. വിജയൻ പിള്ളയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ടതെന്നും രാഹുൽ പറയുന്നു.ജാസ് ടൂറിസം കമ്പനിയുടെ ദുബായിലെ സ്പോൺസറാണ് ബിനോയിക്കെതിരെ പരാതി നൽകിയത്. ഇതേ കമ്പനിയിലെ പാർട്ണറായിരുന്നു രാഹുൽ കൃഷ്ണ. ഈ പരിചയം മുതലെടുത്താണു ശ്രീജിത്ത് 11 കോടി രൂപ വാങ്ങിയത്.

ദുബായിൽ ബീറ്റ്‌സ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയിൽ മാൻ പവർ സപ്ലയർ കൂടിയായിരുന്നു ശ്രീജിത്ത്. സാമ്പത്തികബാധ്യതയെ തുടർന്നു തൊഴിലാളികൾക്കു വേതനം നൽകാനാണു പണം കടം വാങ്ങിയതെന്നാണു രാഹുലിന്റെ പരാതിയിൽ പറയുന്നത്. 2013 മുതൽ പലപ്പോഴായി വാങ്ങിയ പണം 2015 ജൂണിനു മുൻപു തിരിച്ചുനൽകാമെന്നായിരുന്നു ഉറപ്പ്.

കൊല്ലം നഗരത്തിലെ ബാങ്കിന്റെ 10 കോടി രൂപയുടെ ചെക്ക് ശ്രീജിത്ത് 2016 ഏപ്രിലിൽ രാഹുൽ കൃഷ്ണനു നൽകി. ചെക്ക് നൽകിയതിനു പിന്നാലെ ശ്രീജിത്ത് ഈ അക്കൗണ്ട് നിർത്തി. ഇതോടെയാണ് ചെക്ക് മടങ്ങിയത്. ചെക്ക് മടങ്ങിയതോടെ രാഹുൽ കൃഷ്ണൻ നൽകിയ കേസ് ഇപ്പോൾ മാവേലിക്കര കോടതിയുടെ പരിഗണനയിലാണ്.പണം ആവശ്യപ്പെട്ട് രാഹുലും ബന്ധുക്കളും സമീപിച്ചപ്പോൾ ഉടൻ തീർപ്പാക്കാമെന്ന് എൻ.വിജയൻപിള്ള എംഎൽഎ പറഞ്ഞെങ്കിലും നടന്നില്ലെന്നു രാഹുൽ ചവറ പൊലീസിൽ നൽകിയ പരാതിയിലുണ്ട്.

തന്റെ മകന്റെ ബിസിനസിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് വിജയൻ പിള്ള നേരത്തെ പ്രതികരിച്ചത്.മകൻ കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും എംഎൽഎ ആയതുകൊണ്ട് തന്നെ തോജോവധം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതിനിടെ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ് വന്നത് വിജയൻ പിള്ളയെ വെട്ടിലാക്കിയിരുന്നു.