യു ടി എസ് സി രണ്ടാം സെവൻസ് സോക്കർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന മത്സരത്തിൽ കാറ്റലോണിയ എഫ്. സിക്ക് തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് സോക്കർ ഗയ്സിനെ പരാജയപ്പെടുത്തി. മികച്ച മുന്നേറ്റം നടത്തി രണ്ട് ഗോൾ നേടിയ ഖാലിദ് ആണ് കളിയിലെ താരം. രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾ നേടി ഐ.ടി.എൽ ഡാസ്ലർസ് പേസ് ജിദ്ദയെ മറികടന്നു. മുഹമ്മദ് റിയാസും മുഹമ്മദ് അലിയും രണ്ട് വീതം ഗോളുകൾ നേടി ഐ.ടി.എൽ ഡാസ്ലർസ് വിജയം എളുപ്പമാക്കി. മുഹമ്മദ് റിയാസ് ആണ് മാന് ഓഫ് ദി മാച്ച്.

ലീഗ് റൗണ്ടിലെ ആവേശകരമായ മൂന്നാമത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇ.ഇഫ്.എസ് കാർഗോ യെ കാറ്റലോണിയ എഫ്.സി. സമനിലയിൽ തളച്ചു. 20 ആം മിനുട്ടിൽ ഇ.ഇഫ്.എസ് കാർഗോക്ക് വേണ്ടി ഷുഹൈൽ നേടിയ ഗോളിന് 23 ആം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെ കാറ്റലോണിയ എഫ്.സി ക്യാപ്റ്റൻ ഒലായാൻ ഗോൾ മടക്കി സമനിലയിൽ തളച്ചു.മറ്റൊരു ആവേശകരമായ മത്സരത്തിൽ ജെ.എസ്.സി ഫുട്‌ബോൾ അക്കാദമി ഐ.ടി.എൽ ഡാസ്ലർസ് ടീം രണ്ട് വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. ഐ.ടി.എൽ ഡാസ്ലർസിനു വേണ്ടി മുഹമ്മദ് റിയാസ് രണ്ട് ഗോളുകൾ നേടി. ജെ.എസ്.സി ക്ക് വേണ്ടി സക്കീറും മാക്സ്വെല്ലും ഓരോ ഗോളുകൾ നേടി. കളിയിലുടനീളം കാണികളെ ആവേശത്തിലാക്കിയ പ്രകടനം കാഴ്ച വെച്ച മാക്സ്വെൽ ആണ് മാന് ഓഫ് ദി മാച്ച്.

അണ്ടർ 13 വിഭാഗത്തിൽ നടന്ന മത്സരത്തിൽ സോക്കർ ഫ്രീക്സിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് തകർത്ത ജെ.എസ്.സി ഫുട്‌ബോൾ അക്കാദമി ഫൈനലിൽ പ്രവേശിച്ചു. തകർപ്പൻ പ്രകടനം കാഴ്ച വെച്ച് രണ്ടു ഗോളുകൾ നേടിയ അസീം ആണ് മാൻ ഓഫ് ദി മാച്ച്. മറ്റൊരു മത്സരത്തിൽ ടാലെന്റ്‌റ് ടീൻസിനെ 5 -2 നു തകർത്ത് മലർവാടി സ്ട്രൈക്കേഴ്സ് ഫൈനലിൽ ജെ.എസ്.സി ഫുട്‌ബോൾ അക്കാദമിയെ നേരിടും.റുഹായ്മ് മൂസ ആണ് കളിയിലെ താരം.

അവസാന ലീഗ് റൗണ്ട് മത്സരങ്ങൾ ജനുവരി 25 നും ഫൈനൽ മത്സരങ്ങൾ 26 നും നടക്കും.രാത്രി 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ ബനി മാലിക്കിലെ ശബാബി സ്പോർട്സ് സിറ്റിയിലാണ് നടക്കുന്നത്.