- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗതുകമായി 1000 വർഷം പഴക്കമുള്ള കോഴിമുട്ട; കണ്ടെത്തിയത് ഇസ്രയേലിലെ യാവ്‌നെ പട്ടണത്തിലെ ഗവേഷണത്തിനിടെ; മാലിന്യക്കുഴിയിൽ കിടന്നതാണ് കോഴിമുട്ട ഇത്രകാലം കേടുപാട് കൂടാതിരിക്കാൻ കാരണമായതെന്ന് നിഗമനം
ടെൽ അവീവ് : ഇസ്രയേലിലെ യാവ്‌നെ പട്ടണത്തിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനന പ്രവർത്തനങ്ങൾക്കിടയിൽ കണ്ടെത്തിയത് ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട. ആദ്യം കണ്ടപ്പോൾ അനേക വർഷം പഴക്കം തോന്നിയ മുട്ട വിശദമായ പരിശോധന നടത്തിയപ്പോഴാണ് മുട്ടയ്ക്ക് ആയിരം വർഷങ്ങൾക്കു മേൽ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.ഇസ്രയേൽ ആന്റിക്വിറ്റീസ് അഥോറിറ്റി' (ഐഎഎ) യാണ് ഖനനത്തിന് നേതൃത്വം നല്കുന്നത്. .ഐഎഎ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
എന്നാൽ എങ്ങനെയാണ് ഇത്രയധികം വർഷങ്ങൾ ഒരു കോഴിമുട്ട സാരമായ കേടുപാടുകൾ കൂടാതെ മണ്ണിനടിയിൽ കിടന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. വിസർജ്യമുൾപ്പെടെ തള്ളുന്ന മാലിന്യക്കുഴിയിൽ കിടന്നതാണ് കോഴിമുട്ട ഇത്രകാലം കേടുപാട് കൂടാതിരിക്കാൻ കാരണമെന്ന് കരുതുന്നതായി ഇസ്രയേലി പുരാവസ്തു ഗവേഷകയായ അല്ല നഗോർസ്‌കി പറയുന്നു. മുട്ടയുടെ അകത്തെ ഭാഗങ്ങൾ കാലിയായിരുന്നുവെങ്കിലും പുറംതോടിൽ കാര്യമായ കേടുപാടുകളുണ്ടായിരുന്നില്ല. വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ ഉൽഖനനത്തിനിടെ പഴയൊരു കക്കൂസ് ടാങ്കിനുള്ളിൽ നിന്നാണ് കോഴിമുട്ട ലഭിച്ചത്.
മുട്ടയുടെ അകക്കാമ്പിന്റെ അവശേഷിപ്പുകൾ ഇപ്പോൾ ഡി.എൻ.എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ചരിത്രാതീത കാലത്തെ മുട്ടത്തോടുകൾ നേരത്തെയും പല രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വലിയ കേടുപാടുകളില്ലാതെ മുട്ട ലഭിക്കുന്നത് അപൂർവമായിട്ടേ സംഭവിക്കാറുള്ളൂവെന്ന് പുരാവസ്തു ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ