കെയ്‌റോ: ഈജിപ്തിലെ പള്ളികളിൽ ഓശാന ഞായർ ചടങ്ങുകൾക്കിടെ വൻ സ്ഫോടനങ്ങൾ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണങ്ങൾ നടത്തിയത്. ഇരു സ്ഫോടനങ്ങളിലുമായി കുറഞ്ഞത് 43 പേരാണു കൊല്ലപ്പെട്ടത്.

പുരാതന നഗരമായ അലക്സാണ്ട്രിയയിൽ കോപ്റ്റിക് സഭാ അധ്യക്ഷൻ പോപ്പ് തവേദ്രോസ് പങ്കെടുത്ത ചടങ്ങുകൾക്കിടെ ആയിരുന്നു ഒരു സ്ഫോടനം. തെക്കു കിഴക്കൻ നഗരമായ താന്റയിലായിരുന്നു മറ്റൊരു സ്ഫോടനം. നിരവധിപ്പേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും.

ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ സഭയുടെ പള്ളികളാണ് ആക്രമിക്കപ്പെട്ടത്. താന്റയിലെ സെന്റ് ജോർജ് പള്ളിയിലായിരുന്നു ആദ്യ സ്ഫോടനം. ഇവിടെ 27 പേരാണു കൊല്ലപ്പെട്ടത്. അലക്സാണ്ട്രിയയിലെ വിശുദ്ധ മർക്കോസിന്റെ പള്ളിയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഈജിപ്തിലെ കോപ്റ്റിക് സഭയുടെ പരമാധ്യക്ഷനായ പോപ്പ് തവേദ്രോസ് രണ്ടാമൻ പങ്കെടുത്ത ചടങ്ങുകൾക്കിടെയാണു പള്ളിക്കു പുറത്ത് വൻ സ്ഫോടനം ഉണ്ടായത്. 16 പേരാണ് ഇവിടെ മരിച്ചത്.

പോപ്പ് തവാദ്രോസ് സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി. അലക്സാണ്ട്രിയയിലെ പള്ളിയിൽ നടന്നത് ചാവേർ ആക്രമണമാണ് എന്ന് പോപ്പിന്റെ സെക്രട്ടറി അറിയിച്ചു.

താന്റയിലെ സ്ഫോടനവും ചാവേർ ആക്രമണമാണ് എന്നു സംശയം ഉയർന്നിട്ടുണ്ട്. ഇരു സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ മറ്റു പള്ളികളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ഈജിപ്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്കുനേർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആക്രമണം നടത്തുന്നത് പതിവാണ്. കഴിഞ്ഞവർഷം ഡിസംബറിൽ കയ്റോയിലെ കത്തീഡ്രലിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ഫ്രാൻസിസ് അപലപിച്ചു. ഫ്രാൻസിസ് മാർപാപ്പ ഈ മാസം ഈജിപ്ത് സന്ദർശിക്കാനിരിക്കുകയാണ്.