കെയ്‌റോ: ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മോർസിയുടെ വധശിക്ഷ ഈജിപ്ത് സുപ്രീംകോടതി റദ്ദാക്കി. ഈജിപ്തിൽ ആദ്യമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മോർസിയെ 2013 ജൂലായിൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ പുനർവിചാരണ നടത്താൻ ഉത്തരവിട്ടുകൊണ്ടാണ് സുപ്രീംകോടതി ശിക്ഷ റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുസ്ലിം ബ്രദർ ഹുഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഈജിപ്റ്റിൽ അറബ് വസന്തകാലത്ത് മോർസിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം ജയംകാണുകയും രാജ്യത്ത് തിരഞ്ഞെടുപ്പ് വരികയും ചെയ്തു. ഇതോടെ അതുവരെ ഏകാധിപതിയായി തുടർന്നിരുന്ന ഹോസ്‌നി മുബാരക്കിന്റെ ഭരണത്തിന് അന്ത്യമായി. പക്ഷേ, ഇദ്ദേഹത്തെ അട്ടിമറിച്ച് രാജ്യം പട്ടാള ഭരണത്തിന്റെ പിടിയിലാവുകയായിരുന്നു. പട്ടാളം ഭരണം വന്നതിനു പിന്നാലെ വിവിധ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ തടവിലിട്ടു. 2012 ൽ സർക്കാറിനെതിരെ പ്രക്ഷോഭം നടത്തിയവരെ കൂട്ടക്കൊല ചെയ്തു എന്നതാണ് മുർസിക്കെതിരെ ഉന്നയിക്കുന്ന പ്രധാന കുറ്റം.

അധികാരത്തിലെത്തിയ മോർസി ഭരണകൂടം തുടക്കം മുതലേ വിമർശനങ്ങൾ നേരിടുകയും ജനപിന്തുണ നഷ്ടപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് രാജ്യം കടന്നുപോയത് വൻ പ്രക്ഷോഭങ്ങളിലൂടെയാണ്. പ്രതിപക്ഷ പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച മോർസി ഭരണകൂടത്തെ അട്ടിമറിച്ച് ഈജിപ്തിലെ ഭരണം 2013 ൽ പട്ടാളം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് 2012 ൽ പ്രതിപക്ഷ പ്രതിഷേധക്കാരേയും മാദ്ധ്യമപ്രവർത്തകരേയും കൊല്ലാൻ നേതൃത്വം നൽകിയെന്ന കുറ്റത്തിന് മോർസിയും കുട്ടാളികളും ശിക്ഷിക്കപ്പെടുകയായിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ പരാതിയിലാണ് മോർസിയുടെ വധശിക്ഷ ഇപ്പോൾ റദ്ദാക്കിയത്.

ആരോപണങ്ങളിൽ പുനർവിചാരണ നടത്താനാണ് കോടതി നിർദ്ദേശം. അതേസമയം, മോർസിക്കെതിരെ മറ്റു കുറ്റങ്ങളും ആരോപിക്കപ്പെട്ടിരുന്നു. ഖത്തറിന് ഉൾപ്പെടെ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തുവെന്ന ആരോപണം വരെ ഉയർന്നതോടെ ജീവപര്യന്തം തടവും, മറ്റൊരു ആരോപണത്തിൽ 20 വർഷത്തെ തടവുശിക്ഷയുമെല്ലാം കീഴ്‌ക്കോടതി വിധിച്ചിരുന്നു.