യൂറോപ്പിലെത്താൻ വേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ സ്വന്തം ജീവൻ പോലും പണയം വച്ച് സാഹസികമായി കടൽ യാത്രകൾ നടത്തുന്ന കഥകൾ നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ അതിലും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ് ഈജിപ്തിലെ ആരോഗ്യമന്ത്രാലയം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്ക് കള്ളവണ്ടി കയറാൻ ആദ്യം ഈജിപ്തിൽ എത്തുന്ന അഭയാർത്ഥികൾ അവരുടെ ശരീര അവയവങ്ങൾ വിറ്റ് പണം ഉണ്ടാക്കി ഭാഗ്യപരീക്ഷണം നടത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് കൂട്ട് നിൽക്കുന്ന നിരവധി ഡോക്ടർമാരും നഴ്സുമാരും പിടിയിലായതിനെ തുടർന്നാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 45 ഡോക്ടർമാർ, നഴ്സുമാർ, മധ്യവർത്തികൾ, അവയവങ്ങൾ വാങ്ങുന്നവർ തുടങ്ങിയവർ പിടിയിലായതിനെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്ത് വന്നിരിക്കുന്നത്. 

യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിച്ചെത്തുന്ന ആഫ്രിക്കൻ അഭയാർത്ഥികളെ അവയവവ്യാപാരക്കാർ വലയിലാക്കുകയും അവർക്ക് വൻ പണം വാഗ്ദാനം ചെയ്ത് അവയവങ്ങൾ കവർന്നെടുക്കുന്നുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇത്തരത്തിൽ ലഭിക്കുന്ന പണം യൂറോപ്പിലേക്ക് പോകുന്ന ബോട്ടുകൾക്ക് നൽകുകയാണ് അഭയാർത്ഥികൾ ചെയ്യുന്നത്. മനുഷ്യക്കടത്തുകാർ ഈ വമ്പിച്ച പണം ബോട്ട് ചാർജിന്റെ രൂപത്തിൽ കവർന്നെടുക്കുകയും ചെയ്യുന്നുണ്ട്. അറസ്റ്റിനൊപ്പം നടത്തിയ റെയിഡിനെ തുടർന്ന് അധികൃതർക്ക് ഇന്നലെ മില്യൺ കണക്കിന് ഡോളറുകൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്താനും സാധിച്ചിട്ടുണ്ട്. ഈജ്പിതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അവയവവ്യാപാര-മനുഷ്യക്കടത്ത് മാഫിയകളുടെ പ്രവർത്തനമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഹെൽത്ത് മിനിസ്ട്രി പറയുന്നത്.

ഈജിപ്തിലെ ചിലരുടെ സാമ്പത്തിക ദുരവസ്ഥകളും അഭയാർത്ഥികളുടെ അവസ്ഥയും അറസ്റ്റിലായവർ വൻ തോതിൽ ചൂഷണം ചെയ്യുകയും പണം തട്ടുകയുമായിരുന്നുവെന്നാണ് ഹെൽത്ത് മിനിസ്ട്രി ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാരിൽ നിന്നും ചികിത്സക്ക് ഇവർ വൻ തുകകൾ ഈടാക്കിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. നിയമം ലംഘിച്ചുള്ള ഗുരുതരമായ കുറ്റലംഘനമാണിവർ നടത്തിയതെന്നും വെളിപ്പെട്ടിട്ടുണ്ട്. ലൈസൻസുള്ളതും ഇല്ലാത്തതുമായ ഏതാനും പ്രൈവറ്റ് ഹോസ്പിറ്റലുകൾ, ഹെൽത്ത് സെന്ററുകൾ, എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഇവിടങ്ങളിലായിരുന്നു ഇത്തരത്തിലുള്ള അവയവക്കച്ചവടം നടന്നിരുന്നത്.അറസ്റ്റിനെ തുടർന്ന് ഇത്തരം കേന്ദ്രങ്ങൾ അടച്ച് പൂട്ടിയെന്നും ഇതിൽ ഉൾപ്പെട്ട ഡോക്ടർമാരെ സസ്പെൻഡ് ചെയ്തുവെന്നുമാണ് ഹെൽത്ത് മിനിസ്ട്രിയും അഡ്‌മിനിസ്ട്രേറ്റീവ് കൺട്രോൾ അഥോറിറ്റിയും വെളിപ്പെടുത്തുന്നത്.

ചില പ്രധാനപ്പെട്ട ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കെയ്റോ യൂണിവേഴ്സിറ്റി, എയിൻ ഷാംസസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലുള്ളവരും പിടിയിലായിട്ടുണ്ട്. രാജ്യത്തെ രണ്ട് പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളാണിവ. ഈ വ്യാപാരത്തിൽ നിന്നും എത്ര പണമാണിവർ ഉണ്ടാക്കിയതെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അവയവക്കച്ചവടം ഈജ്പ്തിൽ നിരോധിച്ച കാര്യമാണ്. എന്നാൽ കടുത്ത ദാരിദ്ര്യം മൂലം നിരവധി പേർ അതിന് നിർബന്ധിതരാകുന്നുണ്ട്.