മസ്‌കറ്റ്: ഈദ് അവധി ആഘോഷിക്കാനായി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇരുട്ടടിയായി നിരക്ക് വർദ്ധനവ്. ജൂലൈ 16,17 ദിവസങ്ങളിൽ ആകാൻ സാധ്യതയുള്ളതായി പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് ടിക്കറ്റ് ഇരട്ടിയായി ഉയർന്നത്.

വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾ പലതും ബുക്കിങ് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇതിന് പുറമെ ചില ടിക്കറ്റുകളുടെ വില 500 ശതമാനം വരെ വർദ്ധിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. മസ്‌കറ്റ് ഡെൽഹി റൂട്ടിലെ ടിക്കറ്റ് വില 100 ശതമാനമായി വർദ്ധിച്ചപ്പോൾ മസ്‌കറ്റ് കൊച്ചി റൂട്ടിൽ 200 ശതമാനം വർദ്ധനയാണ് ടിക്കറ്റിന് ഉണ്ടായിരിക്കുന്നത്. മസ്‌കറ്റ് മുംബൈ റൂട്ടിലാണ് ടിക്കറ്റ് നിരക്കിൽ ഏറ്റവും വലിയ വർദ്ധനയുണ്ടായിരിക്കുന്നത്. ഇവിടെ ടിക്കറ്റിന് 500 ശതമാനത്തിന്റെ വർദ്ധനയാണ് ഇണ്ടായിരിക്കുന്നത്.

ഇതേ ദിവസം യാത്ര ചെയ്യാൻ പലരും ആഗ്രഹിക്കുന്നതാണ് ടിക്കറ്റ് വർദ്ധനയ്ക്ക് കാരണമായിരിക്കുന്നത്. ജൂലൈ 16നും തുടർന്നു വരുന്ന ഒരാഴ്ചക്കാലവുമുള്ള ടിക്കറ്റുകൾക്കാണ് ഇത്തരത്തിലൊരു നിരക്ക് വർദ്ധന.

ഇന്ത്യയിലേക്കുള്ള ടിക്കറ്റുകളിൽ മാത്രമല്ല മറ്റ് പല രാജ്യങ്ങലിലേക്കും ഇതേ രീതിയിൽ തന്നെ വർദ്ധനുണ്ടായതായാണ് വിവരം. വിവിധ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വർദ്ധനയുണ്ടായിട്ടുണ്ട്. മിക്കയിടങ്ങിലേക്കുമുള്ള ഫ്‌ലൈറ്റുകൾ നിറഞ്ഞസാഹചര്യമാണുള്ളത്.