കോഴിക്കോട്: ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ഓർമപുതുക്കി വിശ്വാസികൾ വെള്ളിയാഴ്ച ബലിപ്പെരുന്നാളാഘോഷിക്കും. പുണ്യനഗരമായ മക്കയും മിനയും ഭക്തിയുടെ പാലാഴിയായി. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിനെത്തിയ ഇരുപതു ലക്ഷത്തിലധികം തീർത്ഥാടകർ ഇന്നലെ അറഫാ സംഗമത്തിന് മിനയിലെ കൂടാരനഗരത്തിലും അറഫാ കുന്നിൻപുറങ്ങളിലും സജീവമായി.

സുഗന്ധംപൂശി പുതുവസ്ത്രമണിഞ്ഞ് ആത്മസംസ്‌കരണത്തിന്റെ പരിമളവുമായി ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുചേരും. സ്‌നേഹബന്ധങ്ങൾ കണ്ണിചേർത്തും വിരുന്നൊരുക്കിയുമാണ് ഈ പുണ്യദിനം ആഘോഷിക്കുന്നത്. ഒരു ആഘോഷത്തിനപ്പുറത്ത് ദൈവമാർഗത്തിൽ സ്വയം സമർപ്പിക്കുകയെന്ന സന്ദേശംകൂടിയാണ് ബലിപ്പെരുന്നാൾ.

ഇന്ത്യയിൽ നിന്നുള്ള ഒന്നേമുക്കാൽ ലക്ഷം ഹാജിമാർ ഇന്നലെത്തന്നെ മിനയിലെത്തി അറഫാ സംഗമത്തിന് തമ്പടിച്ചുകഴിഞ്ഞു. ചൊവ്വാഴ്ചത്തെ മഗ്രിബ് നിസ്‌കാരത്തിനുശേഷമായിരുന്നു ഇന്ത്യൻ തീർത്ഥാടകർ മിനായിലേക്ക് നീങ്ങിയത്. ഇത്തവണ 17,47,440 വിദേശഹാജിമാരാണ് എത്തിയതെന്നും മുൻവർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരിൽ 32 ശതമാനം വർധനവുണ്ടായെന്നും സൗദി ജനറൽ പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അനുമതി പത്രം ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നവരെ ശിക്ഷിക്കാനും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനും ചെക്ക്പോസ്റ്റുകളിൽ പ്രത്യേക കോടതികൾ തന്നെ 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു.

ഗൾഫ് രാജ്യങ്ങളുടെ ഉപരോധത്തിലായ ഖത്തറിൽ നിന്നും ഇത്തവണ വെറും 1340 തീർത്ഥാടകരാണ് എത്തിയത്. കേരളത്തിൽ നിന്നുള്ള 11807 തീർത്ഥാടകരിൽ 22 പേർ കുട്ടികളാണ്. ലോകത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ നിന്ന് ഏറ്റവും പ്രായം കൂടിയ 104 വയസുള്ള ഹജ്ജുമ്മയായി മറിയാ മർജാനി എന്ന വയോവയോധിക എത്തിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായി.

ഒന്നാം ലോകമഹായുദ്ധത്തിന്റെ തലേവർഷം 1913ൽ ജനിച്ച മറിയാ മുത്തശ്ശിയുടെ ആദ്യ ഹജ്ജ് കർമത്തിന് നാട്ടുകാരാണ് പണം പിരിച്ചുനൽകി അവരുടെ ഹജ്ജ് എന്ന സ്വപ്നസാഫല്യമൊരുക്കിയത്.