ക്യൂൻസ് ലാൻഡ്: നോർത്ത് ക്യൂൻസ് ലാൻഡിലെ കേൻസിൽ ഒരു വീട്ടിലെ എട്ടു കുട്ടികൾ കുത്തേറ്റു മരിച്ചു. ഒന്നര വയസിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികളുടെ ജീവനാണ് കത്തിക്കുത്തിൽ പൊലിഞ്ഞത്. ഇവർ വളർത്തച്ഛനൊപ്പം കഴിയുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തെത്തുടർന്ന് പൊലീസ് വീടും പരിസരവും സീൽ ചെയ്തിരിക്കുകയാണ്. കുത്തേറ്റ ഗുരുതരാവസ്ഥയിൽ മുപ്പത്തിനാലുകാരി ഉൾപ്പെടെ മറ്റു രണ്ടുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കേൻസിലെ പ്രാന്തപ്രദേശമായ മന്നൂറയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. പരിസരത്തേയ്ക്ക് പൊലീസ് ആരേയും കടത്തിവിടുന്നുമില്ല. വളർത്തച്ഛനൊപ്പം കഴിഞ്ഞിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് അയൽവാസികൾ വെളിപ്പെടുത്തുന്നത്. ഈ കുടുംബത്തെക്കുറിച്ച് പൊലീസിന് നല്ല പരിചയമുണ്ടെന്നും അയൽവാസികൾ പറയുന്നുണ്ട്.

മന്നൂറയിലെ മുറേ സ്ട്രീറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വളരെ ശാന്തമായ ഈ പ്രദേശത്തേക്ക് അടുത്തകാലത്തായി ഏറെ കുടുംബങ്ങൾ ചേക്കാറാൻ തുടങ്ങിയിട്ടുണ്ട്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടാമത്തെ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്ത് വൻ പൊലീസ് വ്യൂഹം തമ്പടിച്ചിട്ടുണ്ട്. ആംബുലൻസും പൊലീസ് വാഹനങ്ങളും മുറേ സ്ട്രീറ്റ് കൈയടക്കിയിരിക്കുകയാണിപ്പോൾ. ഒന്നര വയസിനും പതിനഞ്ചു വയസിനും മധ്യേ പ്രായമുള്ള എട്ടു കുട്ടികളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു എന്നാണ് ക്യൂൻസ് ലാൻഡ് പൊലീസ് പ്രസ്താവനയിൽ അറിയിച്ചത്.

പരിക്കേറ്റ സ്ത്രീയുടെ നില മെച്ചപ്പെട്ടു വരികയാണെന്നും അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണവുമായി അവർ സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഥിതി വിശേഷങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നും മറ്റു നിവാസികൾക്ക് ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കെയ്‌റൻസ് ഡിറ്റക്ടറ്റീവ് ഇൻസ്‌പെക്ടർ ബ്രൂണോ അസ്‌നികാർ പറയുന്നു.
മുറേ സ്ട്രീറ്റിലേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണിപ്പോൾ. അടുത്ത രണ്ടു ദിവസത്തേയ്ക്ക് ഇവിടേയ്ക്കുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി ടോണി അബോട്ട്, ക്യൂൻസ് ലാൻഡ് പ്രീമിയർ എന്നിവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മരിച്ച കുട്ടികൾ സഹോദരങ്ങളായിരുന്നുവെന്നും കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നത് ഇവരുടെ അമ്മയാണെന്നും ഇവരുടെ ബന്ധുവായ ലിസാ തായ്‌ഡേ പറയുന്നതായി ഒരു ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ മൂത്ത സഹോദരനായ ഇരുപതുകാരൻ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൾ മരിച്ചു കിടക്കുന്നത് കണ്ടത്.