മസ്‌ക്കറ്റ്: വെസ്റ്റ് ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ എട്ടു പേർ എബോള നിരീക്ഷണത്തിൽ. എബോള വൈറസിന്റെ ലക്ഷണങ്ങളായ പനി, ഛർദി തുടങ്ങിയവ പ്രകടിപ്പിക്കുന്നുണ്ടോയെന്ന് അറിയാനായി 21 ദിവസത്തെ നിരീക്ഷണത്തിൽ ഇവരെ വച്ചിരിക്കുകയാണെന്ന് ഹെൽത്ത് മിനിസ്ട്രിയിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

നിലവിൽ എട്ടുപേരും എബോള വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാട്ടുന്നില്ലെന്നും എന്നാൽ എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയതിനാലാണ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നത്. ഒമാനിൽ ഇതുവരെ ആരും എബോള വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും വ്യാപകമായ വൈറസിനെതിരേ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഒമാൻ പ്രതിനിധി ഡോ അബ്ദുള്ള അസേദി വ്യക്തമാക്കുന്നു.

എബോളയ്‌ക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹൊസാനിയുടെ നേതൃത്വത്തിൽ ദേശീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി പതിവായി യോഗം ചേർന്ന് കൃത്യമായി റിപ്പോർട്ട് സമർപ്പിക്കുന്നുണ്ടെന്നും ഡോ അബ്ദുള്ള അസേദി വെളിപ്പെടുത്തി.