- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്ന ഫോണിൽ അശ്ലീലച്ചുവയോടെ അദ്ധ്യാപകന്റെ ചാറ്റിങ്; എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയതിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ
കാസർഗോഡ്: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ഇടയാക്കിയതിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ. വിദ്യാർത്ഥികൾക്ക് നേരായ വഴി തെളിച്ചു നൽകേണ്ട അദ്ധ്യാപകൻ ചൂഷകനായി മാറിയതോടെ ജീവനൊടുക്കേണ്ടി വന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി നാടിന്റെ ഒന്നാകെ നൊമ്പരമായി മാറുകയാണ്. സ്കൂളിലെ അദ്ധ്യാപകൻ മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ കെണിയിൽപെടുത്തിയതാണ് ആത്മഹത്യക്ക് കാരണമായത്.
കാസർഗോഡ് അദ്ധ്യാപകൻ പോക്സോ കേസിൽപെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്കുവരുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം നാട്ടുകാരും തിരിച്ചറിയുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയാണ് ഇയാളുടെ ചൂഷണത്തിന് ഇരയായി മാറിയത്.
ഓൺലൈൻ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിലാണ് അദ്ധ്യാപകനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപകൻ ഉസ്മാനെ (25) തിരേയാണ് കേസെടുത്തത്.
ഓൺലൈൻ ചാറ്റിങ് പതിവായതോടെ വീട്ടുകാർ നിരീക്ഷിക്കുകയും പരിധിവിട്ടുള്ളതാണെന്നു മനസിലാക്കി കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു.ഇതോടെ മനോവിഷമത്തിലായ പെൺകുട്ടി വൈകാതെ ആത്മഹത്യക്കു ശ്രമിച്ചു. എട്ടാംക്ലാസ് വിദ്യാർത്ഥിനി സഫ ഫാത്തിമ (13) കഴിഞ്ഞ എട്ടിനാണു മരിച്ചത്. ഒളിവിൽ പോയ അദ്ധ്യാപകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇൻസ്റ്റഗ്രാം വഴി അദ്ധ്യാപകൻ ചാറ്റിങ് നടത്തുകയും പെൺകുട്ടിയും ഇയാളും തമ്മിൽ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നു പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
ഓൺലൈൻ ക്ലാസിനായി പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി സമൂഹമാധ്യമം വഴി പിന്തുടരുകയും അശ്ലീലച്ചുവയോടെ ചാറ്റിങ് നടത്തുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സ്കൂൾ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി പൊലീസിന് എല്ലാവിധ സഹകരണവും മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്