- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം മതപണ്ഡിതൻ ഇകെ മഹ്മൂദ് മസ്ലിയാർ അന്തരിച്ചു; വിടവാങ്ങുന്നത് സമസ്ത മുശാവറ അംഗവും പള്ളിക്കര സംയുക്ത ജമാഅത്തിന്റേയും നീലേശ്വരം ജമാഅത്തിന്റേയും ഖാസി
കാഞ്ഞങ്ങാട്: പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവും പള്ളിക്കര സംയുക്ത ജമാഅത്ത്, നീലേശ്വരം ജമാഅത്ത് എന്നിവയുടെ ഖാസിയുമായ ഇ.കെ. മഹ്മൂദ് മസ്ലിയാർ അന്തരിച്ചു.
ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാണ്ഡിത്യവും വിനയവും ഒത്തിണങ്ങിയ മഹ്മൂദ് മുസ്ലിയാർ കോട്ടപ്പുറം മദ്‌റസയിലാണ് പ്രാഥമിക മതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം കോട്ടപ്പുറം ദർസിൽ ചേർന്നു.
പൊന്നാനി അബ്ദുല്ല മുസ്ലിയാരായിരുന്നു മുദരീസ്. പിന്നീട് കണ്ണൂർ ജില്ലയിലെ മാട്ടൂലിൽ ഇരിങ്ങല്ലൂർ കുഞ്ഞമ്മു മുസ്ലിയാരുടെ കീഴിലുള്ള ദർസിലും തുടർന്ന് ഇരുമ്പുംചോലയിൽ കൈപ്പറ്റ ബീരാൻകുട്ടി മുസ്ലിയാരുടെ ദർസിലും ശേഷം പെരുമ്പടപ്പ് പുത്തൻപള്ളിയിൽ കരിങ്ങാപ്പാറ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ദർസിലും പഠനം നടത്തി. തുടർന്ന് വെല്ലൂർ ബാഖിയാത്തിൽ രണ്ടു വർഷത്തെ പഠനത്തിനു ശേഷം 1970 ഒക്ടോബർ 15നു ബാഖവി ബിരുദം കരസ്ഥമാക്കി പുറത്തിറങ്ങി. പിന്നീട് ദയൂബന്ദിൽ ഒരു വർഷം ദൗറത്തുൽ ഹദീസിൽ പഠനം നടത്തി ബിരുദം നേടി.
തുടർന്ന് കണ്ണൂരിലെ മുല്ലക്കൊടി, നീലേശ്വരം എന്നിവിടങ്ങലിൽ ആയിരുന്നു ദർസ്. നീലേശ്വരത്ത് ദർസ് തുടങ്ങി പത്തു വർഷത്തിനുശേഷം നീലേശ്വരം ഖാസിയായും മഹ്മൂദ് മുസ്ലിയാർ നിയമിതനായി. 1988-1990 കാലഘട്ടത്തിൽ നീലേശ്വരത്ത് മർക്കസ് ദഅവത്തുൽ ഇസ്ലാമിയ കോളജ് സ്ഥാപിച്ചു. ഒട്ടനവധി യുവ പണ്ഡിതന്മാർ ഇപ്പോൾ മഹ്മൂദ് മുസ്ലിയാരിൽ നിന്നു മതവിഷയത്തിൽ പാണ്ഡിത്യം നേടി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്നുണ്ട്.
ചെറുവത്തൂർ മുണ്ടക്കുണ്ടിൽ മുഹമ്മദ് മുസ്ലിയാർ, കോട്ടപ്പുറം ഇടക്കാവിൽ കോട്ടയിൽ ബീഫാത്തിമ എന്നിവരുടെ മകനാണ് ഇ.കെ മഹ്മൂദ് മുസ്ലിയാർ. എ.സി മറിയമാണ് ഭാര്യ.