- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചേക്കുട്ടിയായതു കൊണ്ടാണ് മാപ്പിളമാർ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്'; സമുദായത്തിന് ഗുണം ചെയ്തത്; വിപ്ലവ സിങ്കങ്ങൾ എന്തു സംഭാവനയാണ് ചെയ്തതെന്ന് ഇ.കെ. സമസ്ത നേതാവ്
കോഴിക്കോട്: മുസ്ലിം സമുദായം കുറച്ചെങ്കിലും പിച്ച വച്ചത് ആനക്കയം ഖാൻ ബഹാദൂർ ചേക്കുട്ടയുടെയും ആമു സാഹിബിന്റെയുമൊക്കെ ഇടപെടൽ കൊണ്ടാണെന്ന് എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാരയുടെ എഡിറ്റർ അൻവർ സാദിഖ് ഫൈസി താനൂർ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മലബാർ കലാപം സംബന്ധിച്ച് അൻവർ സാദിഖ് ഫൈസി പറഞ്ഞതും വലിയ വാർത്തയായിരുന്നു.
'വിചാരപ്പെടുമെങ്കിൽ, അവരോടു ചിലത് പറയാം: ഉമ്മത്തീങ്ങളേ, സർ സയ്യിദ് അഹ്‌മദ് ഖാൻ അങ്ങനെയൊരു ചേക്കുട്ടിയായതു കൊണ്ടാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഉണ്ടായത്. സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ അങ്ങനെയൊരു ചേക്കുട്ടിയായതു കൊണ്ടാണ് മാപ്പിളമാർ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്.
മഖ്ദൂം കുഞ്ഞൻബാവ മുസ്ലിയാർ അങ്ങനെയൊരു 'ചേക്കുട്ടി'യായതു കൊണ്ടാണ് പൊന്നാനിയിൽ മഊനത്തുൽ ഇസ്ലാം സഭ പൊന്തിയത്. കോഴിക്കോട് തർബിയത്തുൽ ഇസ്ലാം സഭ ഉണ്ടായത്. ഹിമായത്തുൽ ഇസ്ലാം സ്‌കൂൾ ഉണ്ടായത്. അങ്ങനെ പലതും ഉണ്ടായത്. ഈ ഉമ്മത്ത് പിടിച്ചുനിന്നത്,' അൻവർ സാദിഖ് ഫൈസി എഴുതി.
ആവേശപ്പുറത്തേറിയ ആൾക്കൂട്ടം വിപ്ലവത്തിനിറങ്ങിയപ്പോൾ, വിചാരപ്പെട്ടുമാറി നിന്ന വിവേകങ്ങളെ 'വിപ്ലവമത'ക്കാർ 'ചേക്കുട്ടി' എന്നു പരിഹസിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആനക്കയം ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ് മഞ്ചേരി പരിസരങ്ങളിലെ പല ദീനീ സ്ഥാപനങ്ങളുടെയും സംരക്ഷകനും നടത്തിപ്പുകാരനും മതഭക്തനുമായിരുന്നു. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എന്ന നിലക്ക് കലാപകാരികളെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നത് ശരി. ആ സമയത്ത് പോലും വിപ്ലവകാരികളുടെ നായകൻ ആലി മുസ്ലിയാരെ അയാൾ സന്ദർശിച്ചിരുന്നു.
മുസ്ലിയാരെ സന്ദർശിച്ചു ബ്രിട്ടീഷുകാർക്കെതിരെയുള്ള സായുധ പോരാട്ടം വൻവിപത്തുകൾ ക്ഷണിച്ചുവരുത്തുമെന്നും അതിനാൽ പിന്തിരിയണമെന്നും ഉണർത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'കലാപവുമായി ബന്ധപ്പെട്ടു പെരിന്തൽമണ്ണയിൽ 400 മാപ്പിളമാരെ പിടികൂടുകയും പകുതിയോളം പേരെ വെടിവച്ചു കൊല്ലാൻ സ്പെഷ്യൽ കോർട്ട് സ്പെഷ്യൽ മജിസ്ട്രേറ്റ് ടി. ഓസ്റ്റിനും ശേഖരൻ കുറുപ്പും ഉത്തരവിട്ടപ്പോൾ, ആ വിധി നടപ്പാൻ പാടില്ലെന്ന് ഉറക്കെ പറഞ്ഞ ഒരു സമുദായ സ്നേഹി ഉണ്ടായിരുന്നു. ഡി.വൈ.എസ്‌പി ആമു.
നിങ്ങൾ കാഫിറാണെന്ന് വിധിയെഴുതിയ ആമു സൂപ്രണ്ട്. ഈ സമുദായം കുറച്ചെങ്കിലും പിച്ചവച്ചത് അവരുടെ കൂടി ഇടപെടൽ കൊണ്ടാണ്.
ഇനി പറയൂ, നിങ്ങൾ ഉയർത്തിക്കാണിക്കുന്ന വിപ്ലവ സിങ്കങ്ങൾ ഈ സമുദായത്തിനു വേണ്ടി എന്തു സംഭാവന ചെയ്തു? രക്തം കിനിഞ്ഞു കൊണ്ടേയിരിക്കുന്ന കുറേ മുറിപ്പാടുകളല്ലാതെ!,' അൻവർ സാദിഖ് ഫൈസി കൂട്ടിച്ചേർത്തു.
കേരളത്തിലെ മുസ്ലിങ്ങൾക്ക് സംഭവിച്ച ദുരന്തമാണ് മലബാർ കലാപം എന്നാണ് അൻവർ സാദിഖ് ഫൈസി പറഞ്ഞിരുന്നത്. ഒരു ഭരണകൂടത്തിനെതിരെയും സായുധ കലാപം പാടില്ലെന്ന ഇസ്ലാമിക കാഴ്ചപ്പാടാണ് ഇക്കാര്യത്തിൽ സമസ്തയുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.




