- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗസമത്വം: കാന്തപുരത്തിന് പിന്തുണയുമായി ഇ കെ സുന്നികളും; സ്ത്രീയെ പുരുഷനൊപ്പം കാണുന്നത് അനിസ്ലാമികമെന്നു മുസ്ലിം പണ്ഡിതരും; 26 വർഷമായി കലഹിച്ചു കഴിഞ്ഞ വിഭാഗങ്ങൾ ഒന്നിക്കുമോ?
കോഴിക്കോട്: ലിംഗസമത്വ വിവാദം സുന്നി ഐക്യം യാഥാർത്ഥ്യമാക്കുമോ? കഴിഞ്ഞ കാലങ്ങളിൽ പലഘട്ടങ്ങളിൽ ചർച്ച ചെയ്യപ്പെട്ട ലിംഗസമത്വം ദിവസങ്ങളായി മലയാളികൾക്കിടയിൽ ചൂടുപിടിച്ചിരിക്കുകയാണ്. ഇതോടെ മൂന്നു പതിറ്റാണ്ടു കാലത്തോളം ഭിന്നിച്ചു നിന്ന കേരളത്തിലെ പ്രബലമായ രണ്ടു മുസ്ലിംസംഘടനകൾ ഒന്നിക്കുന്നിനു കൂടി വഴിവച്ചിരിക്കുകയാണ്. ഫറൂഖ് കോളേജ
കോഴിക്കോട്: ലിംഗസമത്വ വിവാദം സുന്നി ഐക്യം യാഥാർത്ഥ്യമാക്കുമോ? കഴിഞ്ഞ കാലങ്ങളിൽ പലഘട്ടങ്ങളിൽ ചർച്ച ചെയ്യപ്പെട്ട ലിംഗസമത്വം ദിവസങ്ങളായി മലയാളികൾക്കിടയിൽ ചൂടുപിടിച്ചിരിക്കുകയാണ്. ഇതോടെ മൂന്നു പതിറ്റാണ്ടു കാലത്തോളം ഭിന്നിച്ചു നിന്ന കേരളത്തിലെ പ്രബലമായ രണ്ടു മുസ്ലിംസംഘടനകൾ ഒന്നിക്കുന്നിനു കൂടി വഴിവച്ചിരിക്കുകയാണ്.
ഫറൂഖ് കോളേജിൽ ആണുംപെണ്ണും ഒരുമിച്ചിരിക്കുന്നതിനെതിരെ അദ്ധ്യാപകരും കോളേജ് അധികൃതരും നിലപാടെടുത്തതോടെയാണ് ലിംഗസമത്വത്തിനു വേണ്ടിയുള്ള സമരങ്ങളും ചർച്ചകളും വീണ്ടും ചൂടുപിടിച്ചത്. മാദ്ധ്യമപ്രവർത്തകയായ വിപി റജീനയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റും അനുബന്ധസംഭവങ്ങളും വീണ്ടും ഫറൂഖ് കോളേജും ലിംഗസമത്വ വിവാദങ്ങളും വിട്ടൊഴിയാതെ നിലനിർത്തി. എന്നാൽ ചർച്ചകളെല്ലാം കെട്ടടങ്ങുന്ന സാഹചര്യത്തിലാണു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസംഗം വീണ്ടും വിവാദത്തിലേക്കും പുതിയ മാനങ്ങളിലേക്കും എത്തിനിൽക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കോഴിക്കോട് ടൗൺഹാളിൽ എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ കാന്തപുരം വിവാദ പാമർശം നടത്തിയത്. മെഡിക്കൽ രംഗത്ത് വലിയ ശസ്ത്രക്രിയകൾ നടത്തുന്നതെല്ലാം പുരുഷ•ാരാണെന്നും പുരുഷന്മാരെ അപേക്ഷിച്ച് മനക്കരുത്ത് സ്ത്രീകൾക്ക് കുറവായതിനാൽ ഈ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം ഇല്ലെന്നും എവിടെയെങ്കിലും ഉണ്ടെങ്കിൽ തെളിയിക്കണമെന്നുമായിരുന്നു കാന്തപുരം പറഞ്ഞിരുന്നത്. പ്രകൃതിപരമായ പരിമിതികളുള്ള സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷയും പരിഗണനയും നൽകേണ്ടതുണ്ട്. പ്രസവം സ്ത്രീ സമൂഹത്തിനു മാത്രമായി പ്രകൃതി നൽകിയ സവിശേഷതയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ വിവാദം കത്തിപ്പടരുകയും സ്ത്രീ പ്രസവിക്കാൻ മാത്രമുള്ളവളെന്ന വാർത്ത പ്രചരിക്കുകയും ചെയ്തതോടെ തന്റെ നിലപാട് മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി കാന്തപുരം വാർത്താ കുറിപ്പിറക്കി ലിംഗസമത്വം ഇസ്ലാമികമല്ലെന്ന നിലപാടിൽ വീണ്ടും ഉറച്ചുനിന്നു. ഇത് വീണ്ടും ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടയാക്കി. എന്നാൽ കാന്തപുരത്തിനെതിരെ മുസ്ലിംസമുദായത്തിൽ നിന്നും ഒറ്റപ്പെട്ട എതിർപ്പുകൾ ഉയർന്നതോടെ മുഖ്യധാരയിലെ പ്രമുഖ മുസ്ലിംസംഘടനകൾ ലിംഗസമത്വം അനിസ്ലാമികമാണെന്ന നിലപാടിൽ എത്തിയിരിക്കുകയാണ്.
ഇ.കെ വിഭാഗം സുന്നികളുടെ പണ്ഡിത കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ലിംഗസമത്വം അനിസ്ലാമികമാണെന്ന പ്രസ്താവന ഇറക്കി കാന്തപുരത്തിന് പിന്തുണ നൽകിയതോടെ ചർച്ചകൾക്ക് പുതിയ മാനങ്ങൾ കൂടി കൈവന്നിരിക്കുകയാണ്. ആശയപരമായി സാമ്യത പുലർത്തുന്ന എ.പി- ഇ.കെ സുന്നികൾ കഴിഞ്ഞ 26 വർഷക്കാലമായി പരസ്പരം പോരടിച്ചും കലഹിച്ചും കഴിഞ്ഞു വരുന്ന കാഴ്ചയായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഇരുഗ്രൂപ്പുകളിൽ നിന്നുള്ള ചില നേതാക്കളും സുന്നി ഐക്യത്തിനായി ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ശിഹാബ് തങ്ങളുടെ അകാലത്തിലുള്ള വേർപാടു മൂലം ഈ ഉദ്യമം തുടരാനായില്ല. ലിംഗസമത്വകാര്യത്തിൽ മുസ്ലിം സംഘടനകളിലെ പുരോഗമനവാദികളും ഇടതുസംഘടനകളും കാന്തപുരത്തെ കൂട്ടമായി എതിർത്തതോടെ ഇസ്ലാമിന്റെ നിലപാട് കാന്തപുരം പറഞ്ഞതാണെന്ന് ആവർത്തിച്ചിരിക്കുകയാണ് സമസ്ത. സ്ത്രീകളെ മോശമാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് കാന്തപുരം അബൂബക്കർ മുസ്ല്യാരോട് സംസ്ഥാനവനിതാ കമ്മീഷൻ വിശദീകരണം തേടി നോട്ടിസ് അയച്ച സാഹചര്യത്തിലാണ് മുസ്ലിംലീഗിനൊപ്പം നിൽക്കുന്ന ഇകെ സുന്നികൾ കാന്തപുരത്തെ പിന്തുണച്ച് ലിംഗസമത്വം അനിസ്ലാമികം തന്നെയാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലിംഗസമത്വം അംഗീകരിക്കാനാവില്ലെന്നും അത് ഇസ്ലാമിക വിരുദ്ധമാണെന്നുമായിരുന്നു സമസ്ത മുശാവറയുടെ തീരുമാനം. സ്ത്രീ-പുരുഷ സൃഷ്ടിപ്പിൽ തന്നെ പ്രകടമായ വ്യത്യാസങ്ങൾ കാണാൻ സാധിക്കുമെന്നും ഇസ്ലാമിനെ തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇത്തരം വിവാദത്തിനു പിന്നിലെന്നും യോഗം അഭിപ്രായപ്പെട്ടു. സ്ത്രീ സമൂഹത്തിന്റെകൂടി സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഇസ്ലാം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ധാർമികതയുടെ ചട്ടക്കൂടിനകത്ത് അവർ പൂർണ സ്വതന്ത്രരാണെന്നും മുശാവറ അംഗങ്ങൾ ഐകകണ്‌ഠ്യേന അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇന്നലെ കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് കാന്തപുരത്തിന്റെ നിലപാടുകളെ പിന്തുണച്ച് ഇ.കെ സമസ്തയും പ്രസ്താവനയിറക്കിയത്.
എന്നാൽ ഇന്നലെ ചേർന്ന സമസ്ത മുശാവറ യോഗത്തിൽ നിന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത ഉപാധ്യക്ഷനുമായ പാണക്കാട് ഹൈദരലി തങ്ങൾ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ ഹൈദരലി തങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയതെന്നും മറ്റു തിരക്കുകൾ കാരണം യോഗത്തിലെത്താൻ സാധിക്കില്ലെന്ന് ഹൈദരലി തങ്ങൾ നേരത്തെ അറിയിച്ചിരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. സ്ത്രീകൾ പൊതുരംഗത്തേക്ക് വരണമെന്നും ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഹൈദരലി തങ്ങൾ കഴിഞ്ഞാഴ്ച പ്രസ്താവിച്ചിരുന്നു. സമസ്തയുടെ നിലപാട് ലീഗിലും ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം ഇസ്ലാമിക നിലപാടുകൾ തുറന്നു പറഞ്ഞാൽ എതിർക്കപ്പെടുന്നത് ബഹുസ്വര സമൂഹത്തിൽ അപകടകരമാണെന്ന് പണ്ഡിതന്മാർ പറഞ്ഞു.
കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും പിൻപറ്റുന്ന ഇരു സുന്നിവിഭാഗങ്ങളും ലിംഗസമത്വ വിഷയത്തിൽ ഒരേ നിലപാടെടുത്തതോടെ ലിംഗസമത്വത്തിനെതിരെ മുസ്ലിം സമുദായത്തിൽ അഭിപ്രായം പ്രബലമായിരിക്കുകയാണ്. പോപ്പുലർഫ്രണ്ട്, എസ്.കെ എസ്.എസ്.എഫ് നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ ലിംഗസമത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. ലീഗിന്റെ പല പ്രമുഖ നേതാക്കൾക്കും ഇതേ നിലപാടുണ്ട്. കാന്തപുരത്തിന്റെ വിവാദ നിലപാടിനു പിന്നാലെ ലിംഗ സമത്വം ഇസ്ലാമികമല്ലെന്ന നിലപാടുമായി സമസ്തയും പ്രമേയം പാസാക്കിയതോടെ സുന്നി ഐക്യത്തിനും വഴി തെളിയുന്നതോടൊപ്പം ലിംഗസമത്വ വിവാദം വീണ്ടും ചർച്ചയാകും.