- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലന്തൂരിൽ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം അടുത്ത ബന്ധുവിനെയും സുഹൃത്തിനെയും കേന്ദ്രീകരിച്ച്; പൊലീസ് നായ ഓടിക്കയറിയ വീട്ടിലുള്ളവരും നിരീക്ഷണത്തിൽ; കൊലയാളി ഉടൻ തന്നെ കുടുങ്ങുമെന്ന സൂചന നൽകി പൊലീസും
പത്തനംതിട്ട: ഇലന്തൂരിൽ തനിച്ച് താമസിച്ചിരുന്ന ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വഴിത്തിരിവിൽ. അടുത്ത ബന്ധുവിനെയും കൊല്ലപ്പെട്ടയാൾക്കൊപ്പം തലേന്ന് മദ്യപിക്കാനുണ്ടായിരുന്ന സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. പൊലീസ് നായ ഓടിക്കയറിയ വീടുകളിലുള്ളവരും നിരീക്ഷണത്തിലാണ്.
ഇലന്തൂർ ഭഗവതിക്കുന്നിന് സമീപം പൂവപ്പള്ളിൽ കിഴക്കേ ഭാഗത്ത് ഏബ്രഹാം കെ ഇട്ടി (കൊച്ചുമോൻ-52)യെ വെള്ളിയാഴ്ച രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി കൊച്ചുമോൻ ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. കുടുംബകലഹത്തെ തുടർന്ന് ഭാര്യ ആശയും മക്കളായ സ്റ്റെഫിനും രേഷ്മയും പിണങ്ങി പോയിരുന്നു. ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കുമെങ്കിലും നാട്ടുകാരുമായി കൊച്ചുമോൻ നല്ല ബന്ധത്തിലായിരുന്നു.
വെള്ളിയാഴ്‌ച്ച പകൽ 10 മണിയോടെ കിണർ കുഴിക്കുന്ന തൊഴിലാളികൾ ഇവിടെ ജോലിക്കെത്തിയപ്പോൾ കൊച്ചുമോനെ കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് റേഷൻ കട നടത്തുന്ന മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എംബി സത്യനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികൾക്കൊപ്പം എം ബി സത്യനും ഇവിടെ എത്തി പിൻവശത്തെ ജനലിലൂടെ നോക്കിയപ്പോൾ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ കൊച്ചുമോൻ നിലത്ത് കിടക്കുന്നതായി കാണുകയും തുടർന്ന് പത്തനംതിട്ട പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേത്യത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക്ക് വിദഗ്ധരും കെ 9 ബെറ്റാലിയനിലെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയുടേത് എന്ന് സംശയിക്കുന്ന ചെരുപ്പിൽ നിന്നും മണം പിടിച്ച പൊലീസ് നായ സായ ഏതാനും വീടുകൾക്കപ്പുറമുള്ള ഒരു വീട്ടിലും തൊട്ടടുത്ത നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും ഓടിക്കയറി. തലക്ക് പിന്നിൽ വെട്ടേറ്റതു പോലെ ഉള്ള മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചുമോന്റെ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും ഇന്നലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇവരിൽ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് സൂചന ലഭിച്ചത് എന്നാണ് അറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ