പാവറട്ടി: തൃശൂരിലെ എളവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് പറയ്ക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ലയേഷ് പറയ്ക്കാടിന് രണ്ടു വോട്ട് ഭൂരിപക്ഷത്തിന്റെ അട്ടിമറി ജയം. എളവള്ളി പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായാണു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്.

ത്രിപുരയിൽ വൻ വിജയം നേടിയതിനു പിന്നാലെ എളവള്ളിയിലെ തിരഞ്ഞെടുപ്പുഫലം ബിജെപി പ്രവർത്തകരെ ഇരട്ടി ആവേശത്തിലാക്കി. ഇന്നലെയായിരുന്നു വോട്ടെടുപ്പ്. ഇന്നലെതന്നെ വോട്ടെണ്ണൽ നടത്തി. ഫെബ്രുവരി 28ന് ആയിരുന്നു വോട്ടെടുപ്പ് നടത്തേണ്ടിയിരുന്നത്. അന്നു ചേലൂർക്കുന്ന് പൂരം ആയിരുന്നതിനാൽ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ചാണു വോട്ടെടുപ്പ് ഇന്നലെ ആക്കിയത്.

1439 വോട്ടിൽ പോൾ ചെയ്തത് 1217 വോട്ടാണ്. ലയേഷിന് 484 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി സനിൽ കുന്നത്തുള്ളിക്ക് 482 വോട്ടാണു ലഭിച്ചത്. യുഡിഎഫിന്റെ കുത്തക വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി അജിതൻ പറങ്ങനാട്ട് മൂന്നാം സ്ഥാനത്തായി. അജിതന് ലഭിച്ചത് 248 വോട്ടാണ്. സ്വതന്ത്രനായി മൽസരിച്ച അജി പള്ളിയിലിനു മൂന്നു വോട്ട് മാത്രമാണു കിട്ടിയത്.

കോൺഗ്രസ് നേതാവായിരുന്ന സനിൽ കുന്നത്തുള്ളി കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നതിനെ തുടർന്നു പഞ്ചായത്ത് അംഗത്വം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.