ഡൽഹി: ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ ഒരേ സമയം മത്സരിക്കുന്നത് വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് മണ്ഡലത്തിലും വിജയിച്ചാൽ തെരഞ്ഞെടുപ്പ് ചെലവ് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കണമെന്നും കമ്മീഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഒരേ സമയം രണ്ട് സീറ്റിൽ മത്സരിക്കുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. വിഷയത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 33 പ്രകാരം ഒരേ സമയം രണ്ട് സീറ്റിൽ മത്സരിക്കാൻ ഒരാൾക്ക് കഴിയും. എന്നാൽ ജയിച്ചാൽ ഒരു മണ്ഡലത്തെ മാത്രം പ്രതിനിധീകരിക്കാനെ സാധിക്കു. ഒരു സീറ്റിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. ഇത് ജനാധിപത്യ ധ്വംസനമാണന്നും രണ്ട് സീറ്റിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

രണ്ട് മണ്ഡലങ്ങളിൽ ഒരാൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് അധിക ചെലവാണന്ന് ചൂണ്ടികാട്ടിയ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് സീറ്റിലും ജയിച്ചാൽ സ്ഥനാർത്ഥിയിൽ നിന്നും തിരഞ്ഞെടുപ്പ് ചെലവ് പിഴയായി ഈടാക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞു. ഒരാൾക്ക് ഒരു വോട്ടെങ്കിൽ ഒരു സ്ഥാനാർത്ഥിക്ക് ഒരു മണ്ഡലം മാത്രമാക്കണമെന്ന് പൊതുതാൽപര്യ ഹർജി നൽകിയ അശ്വനി ഉപാദ്ധ്യയ വാദിച്ചു.

നിയമ കമ്മീഷന്റെ 170 ആമത്തെ റിപ്പോർട്ടിലും ഒരു സ്ഥാനാർത്ഥിക്ക് ഒരേ സമയം രണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അനുവദിക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസിൽ അടുത്ത് ജൂലൈയിൽ സുപ്രീംകോടതി വാദം കേൾക്കും.