ന്യൂഡൽഹി: പണ്ടുപണ്ടൊരു കാലത്ത് ഇതൊക്കെ പതിവുണ്ടായിരുന്നു. 21 ാം നൂറ്റാണ്ടിൽ ഇതിനൊക്കെ ആർക്കാണ് നേരം എന്നുചോദിക്കാൻ വരട്ടെ. അതിനൊക്കെ ആളുണ്ട്. 37ാം തവണയും പെണ്ണുകെട്ടി നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഒരാൾ. 28 ഭാര്യമാരെയും, 135 കുട്ടികളെയും, 126 പേരക്കുട്ടികളെയും സാക്ഷിയാക്കി ആയിരുന്നു വിവാഹം. വീഡിയോ ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. 45 സെക്കൻഡുള്ള ക്ലിപ് ഐപിഎസ് ഉദ്യോഗസ്ഥനായ രൂപിൻ ശർമ്മ ഈ അടിക്കുറിപ്പോടെ ട്വിറ്ററിൽ ഇട്ടു: ജീവിച്ചിരിക്കുന്നതിൽ ധീരപുരുഷൻ. 37 ാമത്തെ വിവാഹം 28 ഭാര്യമാരുടെയും 135 കുട്ടികളുടെയും 126 പേരക്കുട്ടികളും മുന്നിൽ വച്ച്.

ഇഷ്ടൻ ആരാണ്, എവിടെ വച്ച് എപ്പോഴാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നൊന്നും വ്യക്തമല്ല. നേരത്തെ ഒരു തായ് വാൻകാരൻ 37 ദിവസത്തിനിടെ, ഒരുസ്ത്രീയെ നാല് തവണ കല്യാണവും, മൂന്നുതവണ ഡിവോഴ്‌സും ചെയ്തിരുന്നു. പെയ്ഡ് ലീവ് നീട്ടിക്കിട്ടാൻ വേണ്ടിയായിരുന്നു സാഹസം. കഴിഞ്ഞ വർഷം ഏപ്രിൽ ആറിനാണ് ബാങ്ക് ക്ലാർക്കായ ഇദ്ദേഹം ആദ്യം വിവാഹിതനായത്. കല്യാണ അവധി കഴിഞ്ഞപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്തു. പിന്നീട് പെയ്ഡ് ലീവിനായി വീണ്ടും വിവാഹിതനായി. അങ്ങനെ നാല് തവണ വിവാഹവും, മൂന്നുതവണ ഡിവോഴ്‌സും. ആകെ 32 ദിവസത്തിനിടെ നാല് വിവാഹത്തിന് അവധി അപേക്ഷ നൽകി.

എന്നാൽ, ബാങ്ക് ഈ വിരുത് കണ്ടുപിടിച്ചു. അവർ ആദ്യവിവാഹത്തിന് 8 ദിവസം മാത്രമേ പെയ്ഡ് ലീവ് അനുവദിച്ചുള്ളു. ക്ലാർക്ക്, തായ്‌പേയി സിറ്റി ലേബർ ബ്യൂറോയെ സമീപിച്ചപ്പോൾ പണി കിട്ടിയത് ബാങ്കിന്. 52,800 രൂപ ഫൈൻ. ഈ വർഷം ഏപ്രിലിൽ ബെയ്ഷി ലേബർ ബ്യൂറോ മനസ്സില്ലാ മനസ്സോടെ ഈ വിധി ശരിവച്ചുവെന്നാണ് വാർത്ത.