പെരുംമ്പാവൂർ: നഗരസഭയുടെ യാത്രിനിവാസിൽ ബസ് ടെർമിനൽ ശിലാസ്ഥാപന ചടങ്ങിൽ സ്ഥലം എം എൽ എ എൽദോസ് കുന്നപ്പിള്ളിയെ സംഘാടകർ ഒഴിവാക്കിയതായി ആക്ഷേപം. പാർട്ടി തീരുമാന പ്രകാരമാണ് തന്നെ ഒഴിവാക്കിയതെന്ന് എംഎൽഎയും പ്രതികരിച്ചു. ഇതോടെ വിവാദം കൊഴുക്കുകയാണ്.

എം എൽ എ യുടെയും കൂടി ശ്രമഫലമായിട്ടാണ് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്കായി ഫണ്ടെത്തുന്നതെന്നും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചാണ് നഗരസഭാ ഭരണകർത്താക്കൾ എം എൽ എ യെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാത്തതെന്നുമാണ് കോൺഗ്രസ് നേതൃത്വം ചുണ്ടിക്കാട്ടുന്നത്. ഇത് തന്നെയാണ് എംഎൽഎയും ആരോപിക്കുന്നത്. പ്രോട്ടോകോൾ നോക്കാതെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും ആരോപണം ഉണ്ട്. ചടങ്ങിലെ ക്ഷണപത്രികയിലും എംഎൽഎയുടെ പേരില്ല.

ഇടതു മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. രാഷ്ട്രീയം നോക്കാതെ എല്ലാ വിഭാഗത്തിന്റെയും അഭിവൃത്തി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യുവ എം എൽ എ യാണ് ശിലാ സ്ഥാപന ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് ഇടത് മുന്നണിയുടെ തല തിരിഞ്ഞ നടപടിയാണെന്നും ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുന്നതിന് ശക്തമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ സൂചിപ്പിച്ചു. എം എൽ എ യെ കരുതിക്കൂട്ടി അവഗണിച്ച ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ പരസ്യമായി മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പ്രോട്ടോകോൾ പ്രകാരം തന്നെ വിളിക്കേണ്ടതാണ്. അത് മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ പാർട്ടി തീരുമാനം എംഎൽഎയെ വിളിക്കേണ്ടന്നാണെന്ന മറുപടി തനിക്ക് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ചുവെന്നാണ് എംഎൽഎ മറുനാടനോട് പറഞ്ഞത്. പ്രോട്ടോകോളിനെ കുറിച്ച് പറഞ്ഞപ്പോൾ പാർട്ടിയാണ് വലുതെന്ന് മറുപടി നൽകിയെന്നും അറിയിച്ചു. ബസ് ടെർമിനലിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുന്നത് ടെൽക് ചെയർമാൻ എൻ സി മോഹനനാണ്. പ്രോട്ടോകോൾ പ്രകാരം മുന്നിലുള്ള മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണനാണ്.

ഇതും പ്രോട്ടോകോളിന് വിരുദ്ധമാണ്. സിപിഎമ്മിന്റെ ജില്ലാ നേതാവിന് വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. എംഎൽഎയെ ചടങ്ങിന് വിളിച്ചാൽ ഇതിന് കഴിയില്ല. ഇതൊണ്ടാണ് എംഎൽഎയെ മാറ്റി നിർത്തുന്നതെന്നാണ് ആരോപണം.