- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ-ഓർത്തഡോക്‌സ് സഭ തർക്കം; ശാശ്വത പരിഹാരത്തിന് നിയമ നിർമ്മാണം നടത്തണം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ
മൂവാറ്റുപുഴ: യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ശാശ്വത പരിഹാരത്തിനായി നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടും ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക് അനുകൂലമായി നിയമ നിർമ്മാണം നടത്തണമെന്നും എംഎൽഎ. കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ലെ സഭ തർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി ഉൾക്കൊള്ളുവാൻ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന് സാധിച്ചിട്ടില്ല.
ഭൂരിഭാഗം വിശ്വാസികൾക്കും ഇടവക പള്ളികളിൽ നിന്നും ഇറങ്ങി കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇരു വിഭാഗവും സഹോദര സഭകളായി പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകുന്നതാണ് നല്ലതെന്നും എംഎൽഎ. പറഞ്ഞു. സഭ തർക്കങ്ങളിൽ സമവായം ഉണ്ടാക്കുവാൻ ഭരണ രാഷ്ട്രീയ മത സാമുദായിക നേതൃത്വങ്ങളുടെ ഇടപെടലുകളും മധ്യസ്ഥ ശ്രമങ്ങളും വിജയിക്കാതെ വന്ന സാഹചര്യത്തിൽ ഇരു വിഭാഗം വിശ്വാസികളുടെയും വികാരങ്ങൾ ഉൾക്കൊണ്ട് ജനാധിപത്യപരമായ തീരുമാനം അനിവാര്യമാണ്. ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക് ഇടവക പള്ളി വിട്ടുനൽകണം. ന്യൂനപക്ഷത്തിന്റെ ആരാധനക്ക് മറ്റൊരു മാർഗ്ഗം കണ്ടെത്തണം.
ശബരിമല വിഷയത്തിലും സമാനമായ വികാരമാണ് വിശ്വസികൾക്കുള്ളത്. കാലങ്ങളായി നിലനിൽക്കുന്ന വിശ്വാസാചാരങ്ങൾക്ക് മുറിവേല്പിക്കുന്ന അവസ്ഥ ഉണ്ടാകരുത്. വിവേകപൂർവ്വം ഈ വിഷയങ്ങളിൽ സർക്കാർ ഇടപെടണം. നീതിയുക്തമായ തീരുമാനങ്ങൾ ജനാധിപത്യപരമായി നടപ്പിലാക്കണമെന്നും അതിന് സർക്കാർ മുൻകൈ എടുക്കണമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പൊതു സമൂഹത്തിന്റെയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സർവ്വ കക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് യാക്കോബായ ഓർത്തഡോക്‌സ് സഭകൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്കും ശബരിമല വിഷയത്തിനും ശാശ്വത പരിഹാരത്തിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ആവശ്യപ്പെട്ടു.