ന്യൂഡൽഹി: ഒഴിഞ്ഞുകിടക്കുന്ന ചില ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയില്ല. ഈ വർഷം അവസാനത്തോടെ പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പും വൈകിപ്പിക്കും. ഒഴിഞ്ഞുകിടക്കുന്ന 10 ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നീക്കം.

ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വമ്പൻ തോൽവി ഏറ്റു വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിൽ കേന്ദ്ര സർക്കാരെത്തുന്നത്. 2014 മേയിലാണ് നിലവിലുള്ള ലോക്സഭ നിലവിൽ വന്നത്. ഒരു വർഷത്തിൽ താഴെ മാത്രമേ സഭയ്ക്ക് കാലാവധിയുള്ളൂവെങ്കിൽ ഒഴിവുള്ള സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട കാര്യമില്ല. മെയ്‌ കഴിഞ്ഞാൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന 10 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടിവരില്ലെന്ന് കണക്കാക്കുന്നു.

ഉപതിരഞ്ഞെടുപ്പുകൾ ഒഴിഞ്ഞുകിടക്കുന്ന ലോക്സഭാ, നിയമസഭാ സീറ്റുകളിലേക്കെല്ലാം ഒരുമിച്ച് പ്രഖ്യാപിക്കുന്നതാണ് രീതി. ഈ പതിവുവിട്ട് ഏതെങ്കിലും ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാത്രമായി പ്രഖ്യാപിക്കാറില്ല. ഒരു സീറ്റ് ഒഴിഞ്ഞാൽ ആറു മാസത്തിനകം അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. ചെങ്ങന്നൂരിൽ ജൂലായ് 23-നേ ആറു മാസം തികയൂ. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ ്പ്രഖ്യാപനം നീളുന്നത്. ചെങ്ങന്നൂരിൽ മെയ്‌ അവസാനം തെരഞ്ഞെടുപ്പ് നടത്തും. ഇതുമൂലം വലയുന്നത് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥികളാണ്.

കർണ്ണാടക ഇലക്ഷനൊപ്പം ചെങ്ങന്നൂരിൽ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത് കണക്കിലെടുത്ത് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രചരണവും തുടങ്ങി. ചൂടുകാലത്ത് വീട് വീടാന്തരം കയറിയാണ് പ്രവർത്തനം. ഇതിനിടെയാണ് പുതിയ നീക്കം ഉണ്ടാകുന്നത്. നിലവിലെ സാഹചര്യത്തിൽ ചെങ്ങന്നൂരിനെ സംബന്ധിച്ച് മെയ്‌ അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും മതിയാകും. അതായത് സ്ഥാനാർത്ഥികൾ അതുവരെ സജീവമായി നൽക്കേണ്ടിവരും.

മഹാരാഷ്ട്രയിലെ മൂന്ന്, യു.പി., നാഗാലാൻഡ് എന്നിവിടങ്ങളിലെ ഓരോ സീറ്റുമാണ് ആദ്യം ഒഴിഞ്ഞത്. പിന്നാലെ വൈ.എസ്.ആർ. കോൺഗ്രസിലെ അഞ്ച് എംപി.മാർ ആന്ധ്രയ്ക്ക് പ്രത്യേക സഹായമെന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് രാജിവെച്ചു. ഇവിടെയൊക്കെ ജയിക്കാനാകുമെന്ന് ബിജെപിക്ക് ഉറപ്പില്ല.