കണ്ണൂർ: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളാ അതിർത്തിയിൽ കർശന പരിശോധന. പരിശോധനക്ക് നേപ്പാൾ-ഭൂട്ടാൻ അതിർത്തി സേനാ വിഭാഗമായ എസ്. എസ്. ബി.യെയാണ് നിയോഗിച്ചിട്ടുള്ളത്.

ചെക്കു പോസ്റ്റുകളിൽ തോക്കേന്തിയ സായുധ സേനക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. കാസർഗോഡ് ജില്ലയിലെ തലപ്പാടി, കണ്ണൂർ ജില്ലയിൽ നിന്നും കുടക് വഴി കർണ്ണാടകത്തിലേക്ക് പോകുന്ന മാക്കൂട്ടം, പെരുമ്പാടി, വയനാട് ജില്ലയിലെ കുട്ട അതിർത്തി, എന്നിവിടങ്ങളിലാണ് ആയുധമേന്തിയ പാരാമിലിട്ടറി സേനയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

ഈ അതിർത്തികൾ വഴി കടന്നു പോകുന്ന വാഹനങ്ങളും വ്യക്തികളും പരിശോധനക്ക് വിധേയമാകണം. കള്ളപണത്തിന്റെ വ്യാപനം തടയുകയാണ് പരിശോധനയുടെ ഉദ്ദേശം. 50,000 രൂപയിൽ കൂടുതൽ രൂപ യാത്രയിൽ കൈവശം വെക്കുന്നതിന് മതിയായ രേഖകൾ പരിശോധനയിൽ ഹാജരാക്കണം. 10,000 രൂപയിൽ കൂടുതൽ വിലവരുന്ന പാരിതോഷികങ്ങൾക്കും മതിയായ രേഖകൾ കൈവശമുണ്ടായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് അതിർത്തി ജില്ലകളിലെ കലക്ടർമാർ ജില്ലാ പൊലീസ് മേധവികൾ തുടങ്ങിയവരുടെ യോഗം മടിക്കേരിയിലും മംഗലൂരുവിലും ചേർന്ന് തീരുമാനമെടുത്തിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വകാര്യ വാഹനമടക്കമുള്ള മുഴുവൻ വാഹനങ്ങളും പരിശോധന നടത്തി വരുന്നുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് മലബാർ ജില്ലകളിൽ വിവാഹ സീസണായതിനാലും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി പണവും മറ്റും കൊണ്ടു വരേണ്ടതുണ്ട്. കുടക്, മൈസൂർ, ബംഗളൂരു, തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികൾക്ക് ഈ വാഹന പരിശോധന മൂലം പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട്. മതിയായ രേഖകൾക്കു വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയാണ് പലർക്കും. എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാത്ത രീതിയിലാണ് പരിശോധന നടത്തുന്നതെന്നാണ് കുടകിലെ ഉദ്യോഗസ്ഥർ പറയുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കർണ്ണാടകത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ബാനറുകളും പോസ്റ്ററുകളും വിലക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പേര് വെച്ച ബോർഡുകളോ മറ്റോ പരസ്യമായി വെക്കരുത്. ചിഹ്നങ്ങൾ വെക്കുന്നതിലും നിയന്ത്രണമുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നിലപാട്.

അതിർത്തി ചെക്കു പോസ്റ്റുകളും അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാക്കിയിരിക്കയാണ്. അതിർത്തി ചെക്കു പോസ്റ്റുകളിൽ മാത്രം നേപ്പാൾ-ഭൂട്ടാൻ അതിർത്തി സേനയായ എസ്. എസ്. ബി.യുടെ നൂറ് പേരെയാണ് നിയോഗിച്ചിട്ടുള്ളത്.