ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും പ്രതീക്ഷയിലാണ്. മറുനാടനും വോട്ടെണ്ണലിന്റെ തൽസമയ വിവരങ്ങളുമായി എത്തുന്നുണ്ട്. എല്ലാ തെരഞ്ഞെടുപ്പിനും സമാനമായി തൽസമയ അപ്‌ഡേഷനും വിലയിരുത്തലും മറുനാടനിൽ ഉണ്ടാകും. ഒപ്പം മറുനാടൻ ടിവിയിലൂടെ ഫലപ്രഖ്യാപനവും വിലയിരുത്തലുകളും ഉണ്ടാകും. പ്രമുഖ ടെലിവിഷൻ അവതാരകനായ ഫിറോസ് സാലി മുഹമ്മദാകും ചർച്ച നയിക്കുക. മറുനാടൻ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തും മറുനാടൻ ടിവി ഫേസ് ബുക്ക് പേജ് ലൈക് ചെയ്തും അലേർട്ട് ഉറപ്പു വരുത്തുക.

യുപിയിൽ ഉൾപ്പെടെ 4 ലോക്‌സഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഈ വോട്ടെടുപ്പിന്റെ വിശദാംശങ്ങളും മറുനാടൻ തൽസയം നൽകും. മോദിയെ നേരിടാൻ വിശാല സഖ്യവുമായാണ് പ്രതിപക്ഷം ഈ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലം ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കും.

ചെങ്ങന്നൂരിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ പൂർത്തിയായി.181 പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ സ്ട്രോങ്ങ് റൂമിന് അടുത്തായി തന്നെയാണ് കൗണ്ടിങ് സെന്ററും. 14 ടേബിളുകളാണ് കൗണ്ടിങ്ങിനായിഒരുക്കുന്നത്. മാന്നാർ പഞ്ചായത്തില ഒന്നു മുതൽ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. രണ്ടാം റൗണ്ടിൽ 15 മുതൽ 28 വരെ ബൂത്തുകൾ. അങ്ങനെ സഹായ ബൂത്തുകളിലേതടക്കം 13 റൗണ്ടുകളായി വോട്ടെണ്ണും.രാവിലെ എട്ട് മണി കഴിയുന്നതോടെ ആദ്യഫലസൂചനകൾ ലഭ്യമാകും.

സജി ചെറിയാൻ 60,000 വോട്ട് കടക്കുമ്പോൾ യുഡിഫെിന് 52,000 വും, ബിജെപിക്ക് 35,000 വും വോട്ട് പെട്ടിയിൽ വീഴുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. തിരുവൻവണ്ടൂർ ഉൾപ്പെടെ പത്തു പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും വ്യക്തമായ ലീഡ് ലഭിക്കുമെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. 56,000 വോട്ട് സജി ചെറിയാൻ നേടുമ്പോൾ എൽഡിഎഫിന് 54,000 വും, ബിജെപിക്ക് 40,000 വുമാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. പോളിങ് ശതമാനം വർധിച്ചത് യു.ഡി.എഫിന് അനുകൂലമാവുമെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി് കണക്കുകൂട്ടുന്നു. 50,000ത്തിലേറെ വോട്ട് ശ്രീധരൻ പിള്ളയ്ക്ക് കിട്ടുമെന്ന് എൻഡിഎ ക്യാമ്പും കണക്കുകൂട്ടുന്നു. ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന കക്ഷിയായി ബിജെപി. മാറുമെന്നാണ് പ്രതീക്ഷ. അങ്ങനെ ഏവരും പ്രതീക്ഷയിലാണ്. അതുകൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാകും.

ഫലം നാളെ രാവിലെ 8.30 മുതൽ മറുനാടൻ മലയാളി തത്സമയ സംപ്രേഷണത്തിലൂടെ അറിയാം. യൂട്യൂബിലും ഫേസ്‌ബുക്ക് പേജിലുമാണ് തത്സമയ സംപ്രേഷണമുണ്ടാകുക. ജയപരാജയങ്ങളുടെ കാരണങ്ങളും മുന്നണികളുടെ നിലപാടുകളും വിശദമായി ചർച്ച ചെയ്യുന്ന സംപ്രേഷണത്തിൽ പ്രേക്ഷകർക്കും പങ്കാളികളാകാം. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിൽ നിന്നുള്ള വിവരങ്ങൾ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ ഞങ്ങളുടെ പ്രതിനിധികൾ സജ്ജരായിക്കഴിഞ്ഞു. നേതാക്കളുടെ പ്രതികരണങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്ര കവറേജാണ് മറുനാടൻ മലയാളി ഫലപ്രഖ്യാപന ദിവസം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മറുനാടൻ വെബ്സൈറ്റിലും മറുനാടൻ യുട്യൂബ് ടിവിയിലും ഫലങ്ങൾ അപ്പപ്പോൾ അറിയാം.

എൽഡിഎഫിന് മുൻതൂക്കം കൽപിച്ച് സർവേ

കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ സർവേ റിസർച്ച് സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഗവൺമെന്റ് ഓഫ് കേരളയുടെ സഹായത്തോടെ മെയ് 18, 19, 20 തീയതികളിലാണു ചെങ്ങന്നൂരിൽ സർവേ നടത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും എൽഡിഎഫിന്റെ ജനപ്രതിനിധിയാണു മണ്ഡലത്തിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്തെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനം ശരാശരിയാണെന്ന് 38.4% പേർ അഭിപ്രായപ്പെട്ടു. വിലക്കയറ്റം അക്രമ രാഷ്ട്രീയം എന്നിവയാണു ചെങ്ങന്നൂരിലെ പ്രധാന പ്രചാരണ വിഷയങ്ങളായി ജനം കണ്ടത്

ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമുള്ള 23 കേന്ദ്രങ്ങളിലാണ് സർവേ നടത്തിയത്. 343 പുരുഷന്മാരും 337 സ്ത്രീകളും അടക്കം 680 സമ്മതിദായകർ സർവേയിൽ പങ്കെടുത്തു. 23 ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഹിന്ദു മതത്തിൽനിന്ന് 407പേരും മുസ്ലിം മതത്തിൽനിന്ന് 43പേരും ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് 230പേരും സർവേയിൽ പങ്കെടുത്തു.

ബിഡിജെഎസിന്റെ പിന്തുണ ഇല്ലാത്ത ബിജെപി അത്ര ശക്തരല്ല. ബിജെപിക്ക് കുറയുന്ന വോട്ട് ആർക്ക് ലഭിക്കുമെന്നത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാം. അടിയൊഴുക്കിന്റെ ഫലമായി നല്ലൊരു ശതമാനം വോട്ട് യുഡിഎഫിന് ലഭിച്ചാൽ എൽഡിഎഫിന്റെ സർവേയിലെ മുൻതൂക്കം അട്ടിമറിക്കപ്പെടും

ജയവും പരാജയവും

1957, 1967, 1987, 2016 വർഷങ്ങളിൽ മാത്രമാണ് എൽഡിഎഫിനു വിജയിക്കാൻ കഴിഞ്ഞത്. 2006ൽ ഇടതു തരംഗം ഉണ്ടായപ്പോൾപ്പോലും കോൺഗ്രസ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 5,132 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. 2011ൽ ഭൂരിപക്ഷം 12,500 വോട്ടായി. കഴിഞ്ഞ തവണ സിപിഎം സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രൻ നായരുടെ മുന്നിൽ വിഷ്ണുനാഥിന് അടിപതറി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണു തോൽവിക്കു കാരണമെന്നും അതു പരിഹരിക്കാനായെന്നും പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രൻനായർക്കു ലഭിച്ചത് 52,880 വോട്ടാണ്. പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് 42,682 വോട്ടും . ഭൂരിപക്ഷം 7,983 വോട്ട്.

വിഷ്ണുനാഥിന് 2011ൽ കിട്ടിയ 65,156 വോട്ടുകൾ 44,897 ആയി കുറഞ്ഞു. 20,259 വോട്ടുകളുടെ കുറവ്. 2011ൽ സിപിഎം സ്ഥാനാർത്ഥി സി.എസ്. സുജാതയ്ക്കു കിട്ടിയ വോട്ട് 52,656. രാമചന്ദ്രൻനായർക്കു 2016ൽ കൂടിയത് 224 വോട്ട്. ബിജെപിക്കാണ് ഏറ്റവും വലിയ നേട്ടമുണ്ടാനായത് 2011ൽ ബിജെപി സ്ഥാനാർത്ഥി ബി.രാധാകൃഷ്ണമേനോന് ലഭിച്ച 6,062 വോട്ടുകൾ 42,682 ആയി ഉയർന്നു. 36,620 വോട്ടുകളുടെ വർധന.

15 തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണ യുഡിഎഫ് ജയിച്ചു. മൂന്നു തവണ എൽഡിഎഫ് ജയിച്ചു. എൻഡിപി മൂന്നുതവണ ജയിച്ചപ്പോൾ കേരളകോൺഗ്രസും കേരള കോൺഗ്രസ് എസ്സും ഓരോ തവണ വീതം ജയിച്ചു. പലപ്പോഴും ഭൂരിപക്ഷത്തിൽ ചെറിയ ഏറ്റക്കുറച്ചിൽ മാത്രമാണ് ഉണ്ടായിട്ടുള്ളത്. രണ്ട് തവണ മാത്രമാണ് മണ്ഡലം പതിനായിരത്തിൽ മുകളിൽ ഭൂരിപക്ഷം സമ്മാനിച്ചിട്ടുള്ളത്. 1987 ൽ മാമൻ ഐപ് നേടിയ 15,703 ആണ് ഉയർന്ന ഭൂരിപക്ഷം. 1987 ന് ശേഷം 2016 ലാണ് കോൺഗ്രസ് പിന്തുണച്ച സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത് 96 ലേയും 2006 ലേയും ഇടത് തരംഗത്തേയും അതിജീവിച്ച് യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ചെങ്ങന്നൂർ. പക്ഷേ 2016 ൽ ഇടതുപക്ഷം ജയിച്ചുകയറി.

മണ്ഡലത്തിന്റെ ഘടന

ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും 10 പഞ്ചായത്തും അടങ്ങുന്നതാണ് മണ്ഡലം. ഇതിൽ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും ആല, മാന്നാർ, പാണ്ടനാട്, വെണ്മണി പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നു. ബുധനൂർ, ചെറിയനാട്, മുളക്കുഴ, പുലിയൂർ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ഭരിക്കുന്നത്. 13 വാർഡുകളുള്ള തിരുവൻവണ്ടൂരിൽ ആറ് സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. പക്ഷേ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയോടെ കേരള കോൺഗ്രസ് അംഗമാണ് പ്രസിഡന്റ്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷിന് 7818 ന്റെ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലം കൃത്യം രണ്ട് വർഷം കഴിഞ്ഞ് നിയമസഭയിലേക്ക് കെ.കെ രാമചന്ദ്രൻ നായർക്ക് 7983 വോട്ടിന്റെ വിജയം സമ്മാനിച്ചു. 2011 ൽ 6062 വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2014 ലിൽ 15716 വോട്ട് കിട്ടി. 2016 ആയപ്പോൾ അത് 42,282 വോട്ടായി വർധിച്ചു. ഇതാണ് ചെങ്ങന്നൂരിന്റെ ജനവിധി കഴിഞ്ഞതവണ മാറ്റിവരച്ചത്.

2016 ലെ അട്ടിമറി ജയം

25 വർഷത്തിന് ശേഷം എൽഡിഎഫിന്റെ അട്ടിമറി വിജയത്തിലേക്ക് നയിച്ച രാഷ്ട്രീയ അടിയൊഴുക്കുകളിൽ പ്രധാനം ബിജെപി വോട്ടിലുണ്ടായ വർധനയായിരുന്നു. മൂന്നു മുന്നണികളും നായർ സ്ഥാനാർത്ഥികളെ അണിനിരത്തിയ തിരഞ്ഞെടുപ്പിൽ നായർ വോട്ടുകളും മൂന്നായി പിരുഞ്ഞു. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്ന വോട്ടിൽ നല്ലൊരു പങ്കും ബിജെപിയിലേക്ക് ഒഴുകി. എൽഡിഎഫ് വോട്ടുകൾ അധികം ചോർന്നില്ല.

കെ.കെ രാമചന്ദ്രൻ നായർ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. ബിജെപിയുടെ വോട്ടുവിഹിതം ഏഴ് ഇരട്ടിയായി. 2215 വോട്ടിന്റെ മാത്രം അകലത്തിലാണ് അന്ന് ബിജെപി മൂന്നാം സ്ഥാനത്തായത്. ബിജെപിയിലേക്ക് പോയ വോട്ടുകൾക്കൊപ്പം ശോഭന ജോർജ് വിമതയായി മത്സരിച്ചത് യുഡിഎഫിന്റെ പരാജയം ഉറപ്പാക്കി. യുഡിഎഫിന്റെ അക്കൗണ്ടിൽ വരുമായിരുന്ന 3966 വോട്ടുകളാണ് ശോഭന പിടിച്ചെടുത്തത്. 2006 ൽ ശോഭന ജോർജ് തോൽപിച്ച രാമചന്ദ്രൻ നായർ ജയിച്ചുകയറിയപ്പോൾ യുഡിഎഫ് വിമതയായി മത്സരരംഗത്തുണ്ടായിരുന്നത് ശോഭന ജോർജ്.