രവിന്ദ് കെജരീവാളും കിരൺ ബേദിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മാറിയതോടെ ഇരുനേതാക്കൾക്കും പിന്തുണയുമായി പ്രമുഖർ രംഗത്തെത്തി. ആം ആദ്മി പാർട്ടിയുടെ സ്ഥാപകനേതാവുകൂടിയായ ശാന്തി ഭൂഷൺ തന്റെ പിന്തുണ കിരൺ ബേദിക്കാണെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുശേഷം കെജരീവാളിന് ആ ആദ്മി പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയണമെന്നും ശാന്തി ഭൂഷൺ ആവശ്യപ്പെട്ടു.

കെജരീവാളിനെക്കാൾ മികച്ച മുഖ്യമന്ത്രി കിരൺ ബേദിയായിരിക്കുമെന്ന് ശാന്തി ഭൂഷൺ പറഞ്ഞു. എന്നാൽ ശാന്തിഭൂഷണിന്റെ മകനും ആം ആദ്മി പാർട്ടി അംഗവുമായ പ്രശാന്ത് ഭൂഷൺ അച്ഛന്റെ അഭിപ്രായത്തോട് പ്രതികരിച്ചിട്ടില്ല. അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ഒപ്പം നിന്ന് പോരാടിയവരാണ് കിരൺ ബേദിയും കെജരീവാളുമെന്ന് ശാന്തി ഭൂഷൺ പറഞ്ഞു. കെജരീവാളിനെതിരെ ബേദിയെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയുടെ നടപടി ഗംഭീരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, തന്റെ ശിഷ്യരിൽ ആര് ഡൽഹി മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ അണ്ണ ഹസാരെ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. കിരൺ ബേദിയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് അഭിപ്രായം തേടിയ മാദ്ധ്യമപ്രവർത്തകരോട് താൻ രാഷ്ട്രീയ മാലിന്യത്തിൽനിന്ന അകന്നുനിൽക്കാനാണ് ആഹ്രഹിക്കുന്നതെന്ന് ഹസാരെ വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ദിശാമുഖം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കൊപ്പം നിന്ന സാധാരണക്കാരിൽ പലരും ഇക്കുറി ഒപ്പമുണ്ടാകില്ലെന്ന് വ്യക്തമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിലും വിജയത്തിലും നിർണായക പങ്കുവഹിച്ച ഓട്ടോ റിക്ഷാ ഡ്രൈവർമാരിൽ ഏറെപ്പേരും ഇത്തവണ ബിജെപിക്കും കിരൺ ബേദിക്കും ഒപ്പമാണ്. കിരൺ ബേദിയുടെ പോസ്റ്റർ ഒട്ടിച്ച ഓട്ടോറിക്ഷകൾ നഗരത്തിൽ എമ്പാടുമുണ്ട്. 'എന്റെ മുഖ്യമന്ത്രി കിരൺ ബേദി; ഓട്ടോറിക്ഷക്കാർക്ക് നല്ലകാലം വരുന്നു' എന്നാണ് പോസ്റ്ററിലെ മുദ്രാവാക്യം.

ബിജെപി റാലിക്ക് ബസ് വിട്ടുകൊടുത്ത ആം ആദ്മി സ്ഥാനാർത്ഥിയെ മാറ്റി

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, ആം ആദ്മി പാർട്ടി രണ്ട് സ്ഥാനാർത്ഥികളെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് ബസുകൾ വിട്ടുകൊടുത്തതിനാണ് ഒരാളുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയത്. മറ്റൊരാളെ അഴിമതിയുടെ പേരിലും.

ജനുവരി പത്തിന് രാം ലീല മൈതാനത്ത് നടന്ന റാലിക്ക് പത്ത് ബസ് നിറയെ ആളുകളെ അയച്ചതിനാണ് മെഹ്‌റൂളിയിലെ സ്ഥാനാർത്ഥി ഗോവർധൻ സിങ്ങിനെ പിൻവലിച്ചത്. ഗോവർധനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുതിർന്ന നേതാവ് മനീഷ് സിസോദിയ പറഞ്ഞു. എന്നാൽ, തനിക്ക് പകരം സ്ഥാനാർത്ഥിയായ നരേഷ് യാദവിൽനിന്ന് രണ്ടു കോടി രൂപ പാർട്ടി നേതൃത്വം വാങ്ങിയതായി ഗോവർധൻ സിങ് ആരോപിച്ചു.

അഴിമതിയാരോപണത്തെത്തുടർന്ന് സീറ്റുപോയത് മുണ്ട്ക സ്ഥാനാർത്ഥി രജീന്ദർ ദാബാസിനാണ്. അഴിമതിക്കുറ്റത്തിന് ഇയാളുടെ പേരിൽ ഹൈക്കോടതിയിൽ കേസ്സുള്ളതിനാലാണ് പിൻവലിക്കുന്നതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.