ന്യൂഡൽഹി: ജനപ്രീതിയിൽ ആറ് ശതമാനത്തിന്റെ ഇടിവുണ്ടെങ്കിലും 2019ലും മോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്ന് അഭിപ്രായ സർവ്വേ. ഇപ്പോഴത്തെ സഖ്യങ്ങൾ അതേ പോലെ തുടർന്നാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എബിപി-സി വോട്ടർ സർവെ പ്രവചനം. കഴിഞ്ഞ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നായിരുന്നു സർവെ പരിശോധിച്ചത്. സർവെയിൽ പങ്കെടുത്ത 69 ശതമാനം പേരും മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചു.

543 ലോക്സഭാ സീറ്റുകളിൽ 38 ശതമാനം വോട്ട് നേടി എൻഡിഎ 276 സീറ്റുകൾ നേടുമെന്നാണ് സർവെ പറയുന്നത്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടും. മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ട് നേടി 155 സീറ്റും നേടും. മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എൻഡിഎ മേധാവിത്വം നിലനിർത്തും. ചത്തീസ്ഗഢിൽ 11 ൽ ഒമ്പതും മധ്യപ്രദേശിൽ 29 ൽ 23 സീറ്റും എൻഡിഎക്കെന്നാണ് പ്രവചനം. ഡൽഹിയിൽ ഏഴ് സീറ്റും ബിജെപി നേടുമെന്നാണ് സർവെ ഫലം. ഹരിയാണയിലും ഒഡീഷയിലും കൂടുതൽ നേട്ടം മോദിയുണ്ടാക്കുമെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഏറക്കുറേ തൂത്തുവാരും. ഹരിയാണയിൽ എൻഡിഎക്ക് ആറ് യുപിഎക്ക് മൂന്നു സീറ്റുമാണ് പ്രവചനം.

21 സീറ്റിൽ 13 സീറ്റുമായി ഒഡീഷയിൽ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്നാണ് സർവെയിലുള്ളത്. അതേ സമയം പഞ്ചാബിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേട്ടമുണ്ടാക്കും. പഞ്ചാബ് ഒരു സീറ്റ് ഒഴിച്ച് എല്ലാം യുപിഎ നേടും. യുപിയിൽ മഹാസഖ്യമുണ്ടാക്കാൻ യുപിഎക്ക് കഴിഞ്ഞാൽ പകുതിയിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കഴിയും. എസ്‌പിയും ബിഎസ്‌പിയുമായി കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മഹാസഖ്യം യാഥാർഥ്യമായാൽ യുപിയിൽ ഈ സഖ്യത്തിന് 56 സീറ്റുകളെ വരെ ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ എൻഡിഎ 24 സീറ്റിലേക്ക് ചുരുങ്ങും. ഇത് ഫലത്തെ സ്വാധീനിക്കും.

ബിഹാറിൽ മഹാസഖ്യം രൂപപ്പെട്ടാൽ അവർക്കായിരിക്കും മേൽക്കൈ. മഹാരാഷ് ട്രയിൽ എൻസിപിയുമായി സഖ്യം ഉണ്ടാക്കുക കോൺഗ്രസിന് മഹാരാഷ് ട്രയിൽ നിർണായകമാകുമെന്നും സർവെ പറയുന്നു. എൻസിപിയും കോൺഗ്രസും സഖ്യമായി മത്സരിക്കുകയും ബിജെപിയും ശിവസേനയും വെവ്വേറെ മത്സരിക്കുകയും ചെയ്താൽ യുപിഎക്ക് 30 ഉം എൻഡിഎക്ക് 16 ഉം ശിവസേനയ്ക്ക് രണ്ടുമാണ് സാധ്യത പറയുന്നത്. രണ്ട് മുന്നണികളായി മത്സരം വന്നാൽ എൻഡിഎക്ക് 36 ഉം യുപിഎക്ക് 12 ഉം സീറ്റ് കിട്ടിയേക്കാം. സർവെയിൽ പങ്കെടുത്തവരിൽ 47 ശതമാനം പേരും മോദി സർക്കാരിന് വീണ്ടും അവസരം നൽകരുതെന്ന നിലപാടുകാരായിരുന്നു.

ജനപ്രീതിയിൽ ആറ് ശതമാനത്തിന്റെ ഇടിവുണ്ടെങ്കിലും സർവെയിൽ പങ്കെടുത്ത 69 ശതമാനം പേരും മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചു. അതേ സമയം കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച രാഹുലിന്റെ സ്വീകാര്യത ആറ് ശതമാനം വർധിച്ച് 28 ശതമാനമായി. ഇത് കോൺഗ്രസിന് ആശ്വാസമാണ്. എന്നാൽ ബിജെപിക്ക് ദക്ഷിണേന്ത്യയിൽ വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് എബിപി-സി വോട്ടർ സർവെ. കേരളത്തിൽ 20 സീറ്റുകളിൽ 16 ഇടത്തും യുഡിഎഫ് വിജയിക്കുമെന്നാണ് സർവെയുടെ കണ്ടെത്തൽ. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല. നാല് സീറ്റാണ് എൽഡിഎഫിന് സാധ്യത പറയുന്നത്.

തമിഴ്‌നാട്ടിൽ ആകെയുള്ള 40 സീറ്റുകളിൽ 28 ഇടത്തും ഡിഎംകെയ്ക്ക് സർവെ സാധ്യത കൽപിക്കുന്നു. ഭരണകക്ഷിയായ എഐഡിഎംകെ ഒമ്പത് സീറ്റിലേക്ക് ചുരുങ്ങും. ബിജെപിക്ക് രണ്ടിടത്ത് വിജയം പ്രവചിക്കുന്നു. കർണാടകത്തിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം അല്ലാതെ ഒറ്റയ്ക്ക ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാൽ ആകെയുള്ള 28 സീറ്റിൽ ബിജെപി 18 ഇടത്തും കോൺഗ്രസ് ഏഴിടത്തും വിജയിച്ചേക്കാം. ജെഡിഎസിന് സാധ്യതയുള്ളത് മൂന്നിടത്താണ്. ആന്ധ്രയിൽ ടിഡിപിയുടെ അപ്രമാദിത്വം തകർത്ത് 25 സീറ്റിൽ 21 ഇടത്തും വൈഎസ്ആർ കോൺഗ്രസ് വിജയിക്കുമെന്ന് സർവെ പറയുന്നു.

നാല് സീറ്റാണ് ടിഡിപിക്ക് പറയുന്നത്. തെലങ്കാനയിൽ 17 സീറ്റുകളിൽ ടിആർഎസിന് ഒമ്പതും കോൺഗ്രസിന് ആറും സീറ്റുകൾ സർവെ പ്രവചിക്കുമ്പോൾ ബിജെപിക്ക് ഒരു സീറ്റാണ് സാധ്യതയുള്ളത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി എൻഡിഎക്ക് പരമാവധി കിട്ടുക 21 സീറ്റാണ്. അതേ സമയം യുപിഎക്ക് 32 സീറ്റ് ലഭിച്ചേക്കാം. മറ്റ് കക്ഷികൾ 76 സീറ്റിൽ വിജയിക്കുമെന്നാണ് സർവെയിലെ കണ്ടെത്തൽ.