ഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. ബിജെപി.ക്കും കോൺഗ്രസിനും കേന്ദ്രസർക്കാരിനും നിർണായകമായ ജനവിധിയാണ് ഇത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി.യാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങൾ ഭരിക്കുന്നത്. അതിനാൽ കേന്ദ്രസർക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. വിലക്കയറ്റം, നോട്ട് പിൻവലിക്കൽ, ജി.എസ്.ടി., കാർഷികമേഖലയിലെ പ്രതിസന്ധി, ആൾക്കൂട്ടക്കൊല തുടങ്ങിയവ ചർച്ച ചെയ്ത തിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ട് ഫലം ബിജെപി.ക്കും പ്രധാനമന്ത്രിക്കും നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം തൽസമയം മറുനാടനിൽ ലഭ്യമാകും.

മറുനാടൻ മലയാളിയ്‌ക്കൊപ്പം മറുനാടൻ ടിവിയിലും തൽസമയ വിലയിരുത്തലെത്തും. മറുനാടൻ ടിവിയുടെ യു ട്യൂബ്. ഫെയ്‌സ് ബുക്ക് പേജുകളിൽ തൽസമയം ഫലം അറിയാനാകും. മറുനാടൻ മലയാളിയിലും വിപുലമായ ഫലം ലഭ്യമാകും. തൽസമയം ഫലം എത്തിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ സൗകര്യങ്ങൾ മറുനാടൻ ഒരുക്കിയിട്ടുണ്ട്. തൽസമയ വാർത്തകൾക്കൊപ്പം വിശകലനവും ചർച്ചയും മറുനാടൻ ഒരുക്കുന്നുണ്ട്.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്‌ഗഢും ബിജെപി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റിൽ 61-ഉം ബിജെപി. ജയിച്ചിരുന്നു. ഇത്തവണ എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപി.ക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം ശക്തമാണ്.

മധ്യപ്രദേശിൽ വ്യാപം അഴിമതി ഉൾപ്പെടെ സർക്കാർവിരുദ്ധ വിഷയങ്ങൾ ചൗഹാനെ പിടികൂടിയിരുന്നു. കോൺഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങൾ മുതലാക്കാമെന്ന ധാരണയിലാണ് ബിജെപി. പ്രചാരണം ആരംഭിച്ചത്. എന്നാൽ, രാഹുൽഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശിൽ കോൺഗ്രസ് സംഘടിതമായി നീങ്ങിയത് ബിജെപി.ക്ക് അപ്രതീക്ഷിതമായി. ചത്തീസ്ഗഢും ബിജെപി.യുടെ ശക്തി കേന്ദ്രമാണ്. എക്സിറ്റ് പോളുകൾ രമൺസിങ് സർക്കാരിന് ഭരണത്തുടർച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളിൽ വിള്ളൽവീഴ്‌ത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. കനത്ത സുരക്ഷാവലയത്തിലാണ് എല്ലാ സ്‌ട്രോങ് റൂമുകളും. വോട്ടിങ് യന്ത്രങ്ങൾ വഴിയിലുപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുൾപ്പടെയുള്ള വിവാദങ്ങളുണ്ടായതിനാൽ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്ഥാനാർത്ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലാകും സ്‌ട്രോങ് റൂമുകൾ തുറന്ന് വോട്ടെണ്ണൽ തുടങ്ങുക. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്. ബിജെപിയും കോൺഗ്രസും മധ്യപ്രദേശിൽ തനിച്ചാണ് ഇത്തവണ മത്സരിച്ചത്. സമാജ്‌വാദി പാർട്ടി ഗോൺട്‌വാന ഗണതന്ത്ര പാർട്ടിയെന്ന ഗോത്രപാർട്ടിയുമായി ചേർന്ന് ജനവിധി തേടി. ദളിത് വോട്ടുകളിൽ വിശ്വാസമർപ്പിച്ച് ബിഎസ്‌പിയും ഒറ്റയ്ക്ക് കളത്തിലിറങ്ങി.

ആകെ 200 സീറ്റുകളുണ്ട് രാജസ്ഥാനിൽ. ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത് 199 സീറ്റുകളിലാണ്. ഇവിടെ കേവലഭൂരിപക്ഷം നേടാൻ നൂറ് സീറ്റുകൾ സ്വന്തമാക്കണം. ബിജെപിയും ബിഎസ്‌പിയും ആംആദ്മി പാർട്ടിയും സിപിഎമ്മും രാജസ്ഥാനിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ കോൺഗ്രസ് ആർഎൽഡി, എൽജെഡി, എൻസിപി എന്നിവർക്കൊപ്പമാണ് മത്സരിച്ചത്. വസുന്ധരാരാജെ സിന്ധ്യയ്‌ക്കെതിരായ ഭരണവിരുദ്ധവികാരവും രജ്പുത് വിഭാഗത്തിന്റെ അതൃപ്തിയും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്‌ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്.

കഴിഞ്ഞ പതിനഞ്ച് വർഷമായി ഛത്തീസ്‌ഗഡിൽ ബിജെപി ഭരണമാണ്. ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ആകെ 119 സീറ്റുകളാണ് തെലങ്കാനയിൽ. ഇതിൽ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകൾ വേണം. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിന് 21 സീറ്റുകൾ വേണം. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്.