പത്തനംതിട്ട: സർക്കാർ കരാറുകൾ ഏറ്റെടുത്തു നടത്തുന്നുവെന്നും കേസുകൾ ഉണ്ടെന്ന വിവരം മറച്ചു വച്ചുവെന്നും സിപിഎം പരാതി ഉന്നയിച്ചതിനെ തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക വരണാധികാരി തള്ളി. ഇങ്ങനെ ഉണ്ടാകുമെന്ന് നേരത്തേ മനസിലാക്കിയിരുന്ന സ്ഥാനാർത്ഥിയാകട്ടെ ഡമ്മിയായി നിർത്തിയത് സ്വന്തം ഭാര്യയെ ആയിരുന്നു. ഭർത്താവിന്റെ പത്രിക തള്ളിയതോടെ ഭാര്യ ഔദ്യോഗിക സ്ഥാനാർത്ഥിയായി. പത്രിക തള്ളാൻ വേണ്ടി ചലഞ്ച് ചെയ്ത സിപിഎം നേതാവിനെ യുഡിഎഫുകാർ കൈയേറ്റം ചെയ്യുകയും ചെയ്തു.

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്തോഷ് കുമാറിന്റെ നാമനിർദേശ പത്രികയാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. സർക്കാർ കരാർ ഏറ്റെടുത്തു നടത്തുന്ന സന്തോഷിന് കേസുകൾ ഉണ്ടെന്നും ഇതിനാൽ അയോഗ്യനാണന്നും സിപിഎം അംഗം ശിവകുമാർ വരണാധികാരിയെ ബോധ്യപ്പെടുത്തി. തുടർന്ന് നടന്ന പരിശോധനയിൽ പത്രിക തള്ളി.

വരണാധികാരിയുടെ ഓഫീസിൽ തർക്കത്തിനിടെ കോൺഗ്രസ് പ്രവർത്തകർ ശിവകുമാറിനെ ആക്രമിച്ചു. ഇത് സംബന്ധിച്ച പരാതിയിൽ പൊലീസ് കേസെടുക്കുകയും, കോൺഗ്രസ് പ്രവർത്തകനായ ഗോകുലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുമ്പ് ഈ വാർഡിൽ നിന്നും വിജയിച്ച സന്തോഷ് കുമാർ കഴിഞ്ഞ തവണ വനിതാ സംവരണമായതിനാൽ ഭാര്യ സ്മിതയെ മൽസരിപ്പിക്കുകയായിരുന്നു. നിലവിൽ സ്മിത ഗ്രാമ പഞ്ചായത്തംഗമാണ്. ഇക്കുറി ജനറൽ വാർഡ് ആയതോടെയാണ് ഭാര്യയെ മാറ്റി സന്തോഷ് മൽസരിക്കാൻ തീരുമാനിച്ചത്. ഫ്ളക്സുകളും, പ്രചാരണ പ്രവർത്തനങ്ങളും നടന്നു കൊണ്ടിരിക്കെയാണ് പത്രിക തള്ളുന്നത്.

എന്നാൽ ഭാര്യ സ്മിതയെ ഡമ്മി സ്ഥാനാർത്ഥിയായി നിശ്ചയിച്ച് പത്രിക സമർപ്പിച്ചിരുന്നു. ഈ പത്രിക സാധുവായതിനാൽ ഇനി യുഡിഎഫ് സ്ഥാനാർത്ഥി സ്മിതയാകും.