കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ ചിത്രം തെളിഞ്ഞു. നാമ നിർദേശപത്രിക പിൻവലിക്കാനുള്ള സമയവും അവസാനിച്ചതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണം ഊർജിതം. നാമ നിർദേശപത്രിക സമർപ്പിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നങ്ങളും വരണാധികാരികൾ അനുവദിച്ചിട്ടുണ്ട്. ഒരേ ചിഹ്നം ഒന്നിലധികം പേർ ആവശ്യപ്പെട്ട സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെയാണ് ചിഹ്നം അനുവദിച്ചത്.

സ്ഥാനാർത്ഥികൾ സമർപ്പിച്ച ഒന്നിലധികം പത്രികകളും തെറ്റുകൾ വന്ന നാമ നിർദേശപത്രികകളും പിൻവലിച്ചവയും ഒഴിവാക്കിയപ്പോൾ ജില്ലയിലെ ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 7255 ആണ്. കൊച്ചി കോർപറേഷനിൽ 400 സ്ഥാനാർത്ഥികളും ജില്ലയിലെ മുൻസിപ്പാലിറ്റികളിൽ 1415 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിൽ 105 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 611 സ്ഥാനാർത്ഥികളും ഗ്രാമ പഞ്ചായത്തുകളിലേക്ക് 4724 സ്ഥാനാർത്ഥികളും മത്സരിക്കുന്നുണ്ട്. 3401 നാമ നിർദേശപത്രികകൾ ആണ് പിൻവലിച്ചത്. 152 നാമ നിർദേശപത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിയിരുന്നു.