പത്തനംതിട്ട: കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷൽ ബാലറ്റ് അനുവദിച്ചപ്പോൾ ഏറ്റവും വലിയ പേടി സിപിഎമ്മുകാർ ഭരണസ്വാധീനം ഉപയോഗിച്ച് അവ കൈക്കലാക്കുമെന്നുള്ളതായിരുന്നു. ഇങ്ങനെ ഒരു ആരോപണം കോൺഗ്രസും ബിജെപിയും ഉന്നയിക്കുകയും ചെയ്തു. എന്നാൽ, ആ പേടി യാഥാർഥ്യമായിരിക്കുകയാണ് ചിലയിടത്തെങ്കിലും. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ബാലറ്റുകൾ കൈക്കലാക്കി തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്ത് തിരികെ നൽകിയിരിക്കുകയാണ് സിപിഎം പ്രവർത്തകർ.

പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ ഈ തട്ടിപ്പ് വോട്ടറും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കൈയോടെ പിടിച്ചിരിക്കുകയാണ്. അപേക്ഷിച്ച വോട്ടർക്ക് ബാലറ്റ് അയച്ചത് പിൻകോഡ് മാറ്റിയാണ്. അതാകട്ടെ ഇതേ പേരിലുള്ള മറ്റൊരാൾ കൈവശപ്പെടുത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടിന് മെഴുവേലി പഞ്ചായത്ത് നാലാം വാർഡിൽ കോവിഡ് പോസിറ്റീവായ അനിൽകുമാർ എന്ന വോട്ടർക്ക് പന്തളം ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ ഏഴിന് അയച്ച ബാലറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് പുറത്തായിരിക്കുന്നത്.

സ്പെഷൽ പോസ്റ്റൽ ബാലറ്റുകൾ യഥാർഥ വോട്ടർക്ക് അയക്കാതെ അതേ പേരിലുള്ള സിപിഎം പ്രവർത്തകരുടെ അഡ്രസിൽ അയക്കുകയായിരുന്നു. മെഴുവേലി പോസ്റ്റ് ഓഫീസിന്റെ 689507 എന്ന പിൻകോഡിൽ അയക്കേണ്ട പോസ്റ്റൽ ബാലറ്റുകൾ 689 625 എന്ന പിൻ കോഡിൽ ഇലവുംതിട്ട പോസ്റ്റ് ഓഫിസിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇപ്രകാരം ബാലറ്റ് ലഭിച്ച വ്യക്തി സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ സഹായത്തോടെ ഒപ്പ് സാക്ഷ്യപ്പെടുത്തി വോട്ടു ചെയ്തു. ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ ജില്ലയിൽ നടന്നിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.

ക്വാറന്റൈനിൽ കഴിയുന്ന വ്യക്തിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ ബന്ധം പരിശോധിച്ചാൽ ഇതിന്റെ പിന്നിലെ ഗൂഢാലോചന മനസിലാകും. തനിക്ക് അർഹമല്ലാത്ത ബാലറ്റ് തിരികെ നൽകാതെ വോട്ട് ചെയ്യുവാൻ സിപിഎം നേതാവിനെ ഏൽപ്പിച്ചതും മനഃപൂർവം തെറ്റായ വിലാസത്തിൽ ബാലറ്റ് അയച്ചതും ക്രിമിനൽ കുറ്റമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ ക്രിമിനൽ കേസെടുക്കണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് വോട്ടർ തന്നെ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.