ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പത്ര സമ്മേളനം വിളിച്ചു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് ഇത്. കേരളം,തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. കേരളത്തിൽ ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. വിഷുവിനും നോമ്പുകാലത്തിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഇത്.

അങ്ങനെ എങ്കിൽ കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ രണ്ടാ വാരം വോട്ടെടുപ്പ് നടക്കും. ഫല പ്രഖ്യാപനം വൈകും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമേ ഇതുണ്ടാകൂ. ഏപ്രിൽ അവസാനത്തോടെ ഈ നടപടി ക്രമവും പൂർത്തിയാകാനാണ് സാധ്യത. ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും ഒന്നിലേറെ ദിവസം വോട്ടെടുപ്പ് നടക്കും. സുരക്ഷ കണക്കിലെടുത്താകും ഇത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും ചെയ്യും. ഇന്ന് വൈകിട്ടോടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിലവിൽ വരും.

കേരളത്തിൽ പ്രധാന പാർട്ടികളെല്ലാം രാഷ്ട്രീയ നീക്കങ്ങളിൽ സജീവമാണ്. തീയതി പ്രഖ്യാപിക്കുന്നതോട് ഇത് കൂടുതൽ വേഗത്തിലാകും. സ്ഥാനാർത്ഥി നിർണ്ണയവും അതിവേഗം നടക്കും. സിപിഎമ്മും കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളിൽ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. മുന്നണികളിലെ സീറ്റ് വിഭജനും ഉടൻ പൂർത്തിയാക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം മാറും. കോവിഡു കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. ആ മാതൃകയിൽ നിയമസഭാ പ്രചരണവും പാർട്ടികൾ നടത്തും.

കമ്മീഷന്റെ സമ്പൂർണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷൻ പ്രതിനിധികൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചർച്ച ചെയ്തിരുന്നു.

വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇതുകൂടി പരിഗണിച്ചുകൊണ്ട് ഏപ്രിൽ 30-നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നതിനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.