- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയും കോൺഗ്രസും ബിജെപിയും കച്ച മുറുക്കി അതിവേഗ ചുവട് വയ്പ്പുമായി അങ്ക പുറപ്പാടിൽ; മുന്നണിയിലെ സീറ്റ് വിഭജനം മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവരും പൂർത്തിയാക്കും; സ്ഥാനാർത്ഥി പ്രഖ്യാപനവും പത്ത് ദിവസത്തിനുള്ളിൽ; ചർച്ചകൾക്കും ചിന്തകൾക്കും ഇനി സൂപ്പർ ഫാസ്റ്റ് വേഗത; എല്ലാവരും ജനമനസ്സ് അനുകൂലമാക്കാൻ റെഡിയാകുമ്പോൾ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇനി കാര്യങ്ങൾക്ക് എല്ലാം അതിവേഗം. സീറ്റ് വിഭജനവും സ്ഥാനാർത്ഥിനിർണയവും വേഗത്തിലാക്കും. യുഡിഎഫ് നേതൃയോഗം മാർച്ച് 3നു ചേർന്നു സീറ്റ് വിഭജനം പൂർത്തിയാക്കും. സിപിഎമ്മും ചർച്ചകൾ അതിവേഗതയിലാക്കും. ബിജെപിയും വിജയ യാത്രയുടെ തിരക്കുകൾക്കിടയിലും ചർച്ചകൾക്ക് അവസരം കണ്ടെത്തും. കരുതലോടെയുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് എല്ലാ കക്ഷികളുടേയും മനസ്സിലുള്ളത്. 3 മുന്നണികളും അപ്രതീക്ഷിത സ്ഥാനാർത്ഥികളെ ഇറക്കും എന്ന സൂചന ശക്തം. മുന്നണികളുടെ പ്രകടനപത്രികകളും ഉടൻ പുറത്തിറങ്ങും. അതാരല്ലാമെന്ന് ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകും.
71 എന്ന മാജിക് നമ്പർ കടക്കുകയാണ് യുഡിഎഫിന്റേയും എൽഡിഎഫിന്റേയും ലക്ഷ്യം. ഭരണതുടർച്ചയ്ക്ക് മാറ്റ് കൂട്ടാൻ 85 സീറ്റെങ്കിലും പിടിക്കാനാണ് സിപിഎം നീക്കങ്ങൾ. യുഡിഎഫിന് പ്രധാനം ഭരണത്തെ തകർക്കലാണ്. ഈ ലക്ഷ്യത്തിലേക്ക് ചെറിയ ഭൂരിപക്ഷത്തിലേക്ക് അടുത്താലും കോൺഗ്രസിന് വെല്ലുവിളികൾ ഏറെയാണ്. മറ്റ് ഘടകകക്ഷികളുടെ സമ്മർദ്ദം ഉണ്ടാകും. ഈ സാഹചര്യത്തിൽ പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യം. ബിജെപി ഫാക്ടർ എങ്ങനെ വരുമെന്ന് ആർക്കും അറിയില്ല. രണ്ടക്കം കടക്കുന്ന സീറ്റുകളുമായി നിയമസഭയിലെ പ്രബല മുന്നണിയാകുകയാണ് ബിജെപിയുടെ എൻഡിഎ ലക്ഷ്യമിടുന്നത്. പിസി ജോർജിന്റെ ജനപക്ഷത്തെ അടക്കം അടുപ്പിക്കുന്നത് ഇതിന് വേണ്ടിയാണ്.
വലിയ പ്രശ്‌നമൊന്നും യുഡിഎഫിൽ ഇല്ല. മുസ്ലിം ലീഗും കോൺഗ്രസും ഏകദേശ ധാരണയിലാണ്. പിജെ ജോസഫിനെ അനുനയിപ്പിച്ചാൽ എല്ലാ പ്രശ്‌നവും തീരും. കേരളാ കോൺഗ്രസിന് 8 സീറ്റ് കൊടുക്കും. മുന്നണിയിൽ ധാരണായയാൽ മാർച്ച് 5ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം ഡൽഹിക്കു തിരിക്കും. മുസ്‌ലിം ലീഗും 3നു ശേഷം ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പുതുമുഖ നിരയെ ഇറക്കാനാണു കോൺഗ്രസ് ആലോചിക്കുന്നത്. മാർച്ച് ഏഴിനകും പ്രഖ്യാപനം ഉണ്ടാകും. പിന്നെ അതിശക്തമായ പ്രചരണം.
എൽഡിഎഫ് ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കി. രണ്ടാം റൗണ്ട് ഉടൻ ആരംഭിക്കും. എൽഡിഎഫ് യോഗത്തിന്റെ തീയതി ഉടൻ തീരുമാനിച്ചേക്കും. സിപിഎം ജില്ലകളിൽനിന്നു സ്ഥാനാർത്ഥിത്വം സംബന്ധിച്ച നിർദേശങ്ങൾ വാങ്ങുകയാണ്. സിപിഐയും ഈ പ്രക്രിയയിലേക്ക് ഉടൻ കടക്കും. സീറ്റ് വിഭജനം ഔപചാരികമായി പൂർത്തിയാക്കാത്തതാണ് ഇക്കാര്യത്തിലെ കടമ്പ. മാർച്ച് അഞ്ചോടെ സ്ഥാനാർത്ഥികളെ ഇറക്കാനാണ് ഇടതുമുന്നണിയും ആലോചിക്കുന്നത്. ജനതാദള്ളിനും കേരളാ കോൺഗ്രസിനും എൽജെഡിക്കും സീറ്റ് അനുവദിക്കുന്നത് കീറാമുട്ടിയാണ്.
ബിജെപി ഉടൻ ഉഭയകക്ഷി ചർച്ച ആരംഭിക്കും. എൻഡിഎയിൽ ഭൂരിഭാഗം സീറ്റുകളിലും ബിജെപിയാകും മത്സരിക്കുക. പി സി ജോർജിന്റെ പാർട്ടി എൻഡിഎയിൽ എത്തുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം ബിഡിജെഎസുമായും ബിജെപി അതിവേഗ ചർച്ചകൾ നടത്തും. ഇ ശ്രീധരനാകും മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. കോവിഡുകാലത്ത് പ്രചരണത്തിന് നിയന്ത്രണങ്ങളുണ്ട്. ഇതെല്ലാം പാലിച്ചാകും മൂ്ന്ന് മുന്നണികളുടേയും പ്രചരണം.
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. മാർച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22നാണ്.
കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടെ എണ്ണം 40,771 ആയി വർധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. ഒരു മണ്ഡലത്തിൽ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്. കേരളത്തിലെ 140 മണ്ഡലങ്ങൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കു. ഓൺലൈനായും പത്രിക നൽകാം. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളിൽ അഞ്ച് വാഹനങ്ങൾ മാത്രമേ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരെ തീരുമാനിച്ചിട്ടില്ല. പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചു. സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷണത്തിന് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ പുഷ്പേന്ദ്ര പൂനിയയേയും നിയോഗിച്ചു
ഉത്സവം, പരീക്ഷ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ